ADVERTISEMENT

ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്നു കരുതുന്ന ഗ്രഹങ്ങളിലൊന്നായ ചൊവ്വയില്‍ അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുളളില്‍ അതു കണ്ടെത്തിയേക്കുമെന്ന് നാസ ശാസ്ത്രജ്ഞൻ ഡോ. ജിം ഗ്രീന്‍ അവകാശപ്പെട്ടു. നാസയും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും (ESA) രണ്ടു ചൊവ്വാഗ്രഹ റോവറുകളെ 2021 മാര്‍ച്ചില്‍ അയയ്ക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇവ ജീവന്റെ സാന്നിധ്യം ചുവന്ന ഗ്രഹത്തിൽ കണ്ടെത്തിയേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ 'വിപ്ലവകരമായ' ഈ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കാൻ ലോകം ഇപ്പോഴും തയാറെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇഎസ്എയുടെ എക്‌സോമാര്‍സ് (ExoMars) ദൗത്യത്തില്‍ റോസാലിന്‍ഡ് ഫ്രാങ്ക്‌ളിന്‍ റോവറാണ് ചൊവ്വയില്‍ ഇറങ്ങുന്നത്. ഇത് ഭൂമിക്കു വെളിയില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്ന ആദ്യ ദൗദ്യങ്ങളിലൊന്നായിരിക്കും. റോവര്‍ ചൊവ്വയുടെ മണ്ണിൽ ആഴത്തില്‍ കുഴിച്ചു നോക്കിയാണ് ജീവന്റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ശ്രമിക്കുക. മണ്ണിന്റെ സാംപിള്‍ എടുത്തു പരിശോധിക്കുകയും ചെയ്യും. ഈ മണ്ണിൽ ഭൂമിയിലെ മനുഷ്യർക്ക് ജീവിക്കാൻ കഴിയുമോ എന്നും പരിശോധിക്കും.

 

മനുഷ്യന്റെ ചിന്താ രീതി തന്നെ മാറ്റിമറിക്കുന്നതായിരിക്കും ആ പ്രഖ്യാപനമെന്നാണ് ഗ്രീന്‍ പറഞ്ഞത്. അവിടെ നിന്നു ലഭിക്കുന്ന തെളിവുകളുടെ ആഘാതം മനുഷ്യരാശിക്കു താങ്ങാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഞാന്‍ അതേപ്പറ്റി ഉത്കണ്ഠാകുലനാണ്. കാരണം നമ്മള്‍ അതു കണ്ടെത്താനും ചില പ്രഖ്യാപനങ്ങള്‍ നടത്താനും ഒരുങ്ങുകയാണ്– അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം നടത്തിയാലുണ്ടാകുന്ന അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

നാസയുടെ സ്വന്തം ചൊവ്വാ ദൗത്യം 2020ല്‍ ആയിരിക്കും നടക്കുക. അവര്‍ സ്വന്തം നിലയില്‍ ചൊവ്വയിലെ പാറകൾ കുഴിച്ചു നോക്കി ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിക്കും. പല തരം യന്ത്ര സാമഗ്രികളുമായാണ് നാസുടെ പേടകവും ചൊവ്വയിലിറങ്ങുക. മാര്‍സ് 2020 റോവര്‍ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിനൊപ്പം ഒരു ഹെലിക്കോപ്ടറും അയയ്ക്കുന്നുണ്ട്.‌ ഈ ഹെലികോപ്റ്റര്‍ അവിടെ പ്രവര്‍ത്തിച്ചില്ലെങ്കിലും ദൗത്യം സുഗമമായി നടക്കും. എന്നാല്‍ നന്നായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ രണ്ടാം തലമുറയിലുള്ള ഹെലിക്കോപ്റ്ററുകളായിരിക്കും അടുത്ത ദൗത്യത്തിന് അയയ്ക്കുക.

nasa-mars

 

ഭൂമിക്കു വെളിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനായാല്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇതുവരെ ചോദിക്കാന്‍ സാധിക്കാതിരുന്ന ഒരുപിടി പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിത്തുടങ്ങാം. ഇനി മുതൽ ശാസ്ത്രജ്ഞന്മാര്‍ക്ക് പുതിയ ചില ചോദ്യങ്ങൾക്കായിരിക്കും ഉത്തരം കണ്ടെത്തേണ്ടിവരിക. പുതിയതായി കണ്ടെത്തിയ ജീവന്‍ നമ്മളുടേതിനു സമാനമാണോ? നമ്മളുമായി അതിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ? ഗ്രഹത്തില്‍ നിന്ന് ഗ്രഹത്തിലേക്ക് ജീവനു നീങ്ങാന്‍ സാധിക്കുമോ? ഒരു ചെറുകണം  ഉണ്ടാകുകയും ഉചിതമായ അന്തരീക്ഷത്തില്‍ അത് ജീവന്‍ ഉൽപാദിപ്പിക്കുകയുമാണോ ചെയ്യുക? നമ്മളെ പോലെയുള്ളതോ, വേറിട്ടതോ ആയ ജീവന്റെ സാന്നിധ്യങ്ങൾ ഉണ്ടായിരിക്കുമോ? അതു വസിക്കുന്ന പരിസരത്തിനനുസരിച്ച് ജീവനു മാറ്റം വരുമോ, തുടങ്ങിയ ചോദ്യങ്ങള്‍ക്കായിരിക്കും ശാസ്ത്രജ്ഞര്‍ ഉത്തരം തേടേണ്ടിവരിക എന്നാണ് ഡോ. ഗ്രീന്‍ പറഞ്ഞത്. 

 

മുൻപ് ജീവന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് എഴുതി തള്ളിയിരുന്ന ചില ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം കണ്ടേക്കാമെന്നാണ് പുതിയ അനുമാനങ്ങള്‍. ഉദയനക്ഷത്രത്തെ (venus) കുറിച്ച് നടത്തിയ സമീപകാല പഠനങ്ങള്‍ പറയുന്നത് അതിന് സന്തുലിതമായ കാലാവസ്ഥ നിലനിര്‍ത്താന്‍ ഏകദേശം 300 കോടി വര്‍ഷം മുൻപുവരെ കഴിഞ്ഞിരുന്നുവെന്നാണ്. ആ കാലഘട്ടത്തില്‍ അവിടെ 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്ര സെല്‍ഷ്യസ് വരെയായിരുന്നു താപനില എന്നാണ് ശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നത്. 

 

ചൊവ്വായില്‍ ഭൂഗര്‍ഭജലവും നിഗൂഡമായ കാന്തിക സ്പന്ദനങ്ങളും നാസയുടെ ഇന്‍സൈറ്റ് (InSight) ദൗത്യത്തിലൂടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഈ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ അന്യഗ്രഹങ്ങളില്‍ സംസ്‌കാരങ്ങള്‍ കണ്ടേക്കാമെന്നും ഗ്രീന്‍ പറഞ്ഞു. മറ്റൊരിടത്തും സംസ്‌കാരങ്ങള്‍ ഇല്ലായിരിക്കുമെന്നു കരുതാനുള്ള ഒരു കാരണവും കാണുന്നില്ല എന്നാണ് ഗ്രീന്‍ പറയുന്നത്. നമ്മളിപ്പോള്‍ എക്‌സോപ്ലാനറ്റുകളെ (നമ്മുടെ സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളെ) ധാരാളമായി കണ്ടു തുടങ്ങിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

 

ഗ്രീന്‍ തന്റെ വാദഗതി അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ സ്‌പേസ്എക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇലോണ്‍ മസ്‌ക് അടുത്ത തലമുറയിലെ സ്റ്റാര്‍ഷിപ് സ്‌പെയ്‌സ്‌ക്രാഫ്റ്റിന്റെ പൂര്‍വ മാതൃക അവതരിപ്പിച്ചു. ഇതില്‍ ആളുകളെയും സാധനങ്ങളും ചൊവ്വയിലേക്കും ഭൂമിയിലെ വിവിധ സ്ഥലങ്ങളിലേക്കും എത്തിക്കാനാകുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com