sections
MORE

ജോളിയുടെ കൊലപാതകങ്ങൾ: കേസ് തെളിയിക്കാൻ പോളിഗ്രാഫ് ടെസ്റ്റ്, ബ്രയിൻ മാപ്പിങ്

polygraph
SHARE

കോഴിക്കോട് കൂടത്തായിലെ കൊലപാതകളുടെ കൂടുതൽ വ്യക്തമായ തെളിവുകൾ ലഭ്യമാക്കാൻ ശാസ്ത്രീയ വഴികൾ തേടാനൊരുങ്ങുകയാണ് പൊലീസ്. കൊലപാതകങ്ങൾ നടത്തുമ്പോള്‍ വളരെ ആസൂത്രിതമായി ജോളി ചെയ്ത കാര്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ കൂടുതൽ തെളിവുകൾ ലഭിക്കാൻ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് സാധിച്ചേക്കും. നേരത്തെ പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും ജോളി തയാറായിരുന്നില്ല. ജോളിയെ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിൻ മാപ്പിങ്ങിനും വിധേയമാക്കിയാൽ കേസ് മുന്നോട്ടുകൊണ്ടുപോകാനുള്ള നിരവധി തെളിവുകൾ ലഭിച്ചേക്കുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

എന്താണ് പോളിഗ്രാഫ് ടെസ്റ്റിങ്?

കുറ്റം ചെയ്‌തവർ സാധാരണ ഗതിയിൽ അതു സമ്മതിക്കാറില്ല. അതുകൊണ്ടു തന്നെ മറ്റു തെളിവുകൾ ഒന്നും ശേഷിക്കുന്നില്ലെങ്കിൽ പല കള്ളൻമാരും രക്ഷപ്പെട്ടേക്കാം. എന്നാൽ കള്ളം പറയുന്നവരെ കുടുക്കാൻ പല ശാസ്‌ത്രീയ പരിശോധനകളുമുണ്ട്. നുണ കണ്ടുപിടിക്കാനുള്ള ശാസ്‌ത്രീയമായ മാർഗങ്ങളാണ് പോളിഗ്രാഫ് ടെസ്‌റ്റ്, നാർക്കോ അനാലിസിസ്, ബ്രയിൻ മാപ്പിങ് തുടങ്ങിയവ. ഇവയെല്ലാം നിരവധി കേസുകൾ നിർണായക തെളിവുകൾ നൽകിയിട്ടുണ്ട്.

പോളിഗ്രാഫ് ടെസ്‌റ്റ്

ഇലക്‌ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെ നടത്തുന്ന നുണപരിശോധനയാണു പോളിഗ്രാഫ് ടെസ്‌റ്റ്. ശരീരത്തിൽ യന്ത്രോപകരണങ്ങൾ ഘടിപ്പിച്ചു നടത്തുന്ന ഈ പരിശോധനയ്‌ക്ക് ഇതിനു വിധേയനാകുന്ന ആളിന്റെ പൂർണ സമ്മതം ആവശ്യമാണ്.

വ്യക്‌തിയുടെ രക്‌തസമ്മർദ്ദം, നാഡിമിടിപ്പ്, വൈകാരികഭാവം എന്നിവ സൂക്ഷ്‌മമായി വിശകലനം ചെയ്‌തിട്ടാണു നുണപരിശോധന നടത്തുന്നത്. ശാസ്‌ത്രീയമായ ചില ഗ്രാഫുകളാണ് ഈ വിശകലനത്തിനടിസ്‌ഥാനം. കളവിന്റെ സ്വഭാവത്തിനനുസരിച്ചു യുക്‌തിപൂർവം നേരത്തേ തയാറാക്കിയ ചോദ്യങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ചോദ്യം ചെയ്യുന്നതിനു മുൻപ് സ്വാഭാവികമായ രീതിയിൽ വ്യക്‌തിയുമായി ഒരഭിമുഖം നടത്തുക പതിവുണ്ട്. ഇതു പ്രധാനപ്പെട്ട ഒരു തന്ത്രമാണ്. ചോദ്യങ്ങൾക്കനുസരിച്ച് അയാളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇലക്‌ട്രോണിക് യന്ത്രങ്ങളുടെ സഹായത്താൽ അളക്കുന്നു. കലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിയായിരുന്ന ജോൺ അഗസ്‌റ്റസ് ലാർസൺ 1921ലാണു പോളിഗ്രാഫ് ടെസ്‌റ്റ് കണ്ടുപിടിച്ചത്. അവിടത്തെ പൊലീസ് ഡിപ്പാർട്ടുമെന്റ് അദ്ദേഹത്തെ ഇക്കാര്യത്തിൽ ഏറെ സഹായിച്ചു.

നാർക്കോ അനാലിസിസ്

ബോധപൂർവം നുണപറയുന്നവരെ കണ്ടെത്താനും അവരിൽനിന്നും സത്യം ചോർത്തിയെടുക്കാനുമുള്ള പരീക്ഷണമുറയാണ് ‘‘നാർക്കോ അനാലിസിസ്’’. ചില ലഹരിമരുന്നുകൾ നൽകി അർധ അബോധാവസ്‌ഥയിലാക്കി ചോദ്യം ചെയ്യുകയാണ് ഇതിന്റെ രീതി. ‘‘ബോധം കെടുത്തുക’’ എന്നർഥം വരുന്ന നാർക്ക് എന്ന ഗ്രീക്കുപദത്തിൽ നിന്നാണ് ‘‘നാർക്കോ’’ എന്ന ഇംഗ്ലിഷ് പദം ഉണ്ടായത്. 1922ൽ ടെക്‌സാസിലെ റോബർട്ട് ഹൗസ് എന്ന ഡോക്‌ടറാണു നാർക്കോ അനാലിസിസ് ആദ്യമായി പരീക്ഷിച്ചത്. രണ്ടു തടവുകാരിൽ അദ്ദേഹം ഇതാദ്യമായി പരീക്ഷിച്ചു വിജയിച്ചതോടെയാണ് നാർക്കോ അനാലിസിസ് ഒരു ശാസ്‌ത്രീയ കുറ്റാന്വേഷണരീതിയായി മാറിയത്.

സോഡിയം പെന്റോതാൾ, സോഡിയം അമൈതാൽ എന്നീ നാർക്കോട്ടിക് മരുന്നുകളാണ് പ്രധാനമായും നാർക്കോ അനാലിസിസ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഈ മരുന്നുകളെ ട്രൂത്ത് ഡ്രഗ്ഗുകൾ എന്നു പറയുന്നു. ചോദ്യം ചെയ്യപ്പെടുന്ന വ്യക്‌തിയിൽ ആദ്യമായി ഈ മരുന്ന് കുത്തിവയ്‌ക്കും. ഇതോടെ അയാൾ അർധബോധാവസ്‌ഥയിലേക്കു നീങ്ങുന്നു. അയാളുടെ ഹൃദയമിടിപ്പിന്റെയും രക്‌തസമ്മർദ്ദത്തിന്റെയും മാറ്റങ്ങൾ നോക്കിയാണ് ഇതു മനസ്സിലാക്കുന്നത്. ഇങ്ങനെ അർധബോധാവസ്‌ഥയിലാകുന്ന അയാളുടെ കള്ളം പറയാനുള്ള ഭാവനാശക്‌തിയെ കുറച്ചു നേരത്തേക്കു നഷ്‌ടപ്പെടുത്താനാകുമെന്നു കരുതുന്നു. .

ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ വയസ്സ്, ലിംഗം, ആരോഗ്യം എന്നിവയ്‌ക്കനുസരിച്ചാണ് മരുന്നു പ്രയോഗിക്കുന്നത്. അല്ലെങ്കിൽ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. വിദഗ്‌ധരായ ഡോക്‌ടർമാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സാന്നിധ്യത്തിൽ പ്രത്യേകം തയാറാക്കിയ ലബോറട്ടറിയിലാണ് ടെസ്‌റ്റ് നടത്തുന്നത്. ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ നാഡിമിടിപ്പ്, രക്‌തസമ്മർദം തുടങ്ങിയവ നിരന്തരം നിരീക്ഷിച്ചശേഷമാണു പരീക്ഷണഫലം വിലയിരുത്തുന്നത്.

ബ്രയിൻ മാപ്പിങ്

സത്യം എത്ര മറച്ചുപിടിച്ചാലും യഥാർഥ വസ്‌തുതയുടെ ചില രേഖപ്പെടുത്തലുകൾ തലച്ചോറിലെ നാഡീവ്യൂഹത്തിൽ മായാതെ ഉണ്ടാകും. ഈ രേഖപ്പെടുത്തലുകൾ ഫോറിൻസിക് വിദഗ്‌ധരുടെ സഹായത്തോടെ വിശകലനം ചെയ്‌താണു നുണ പരിശോധന നടത്തുന്നത്. പരിശോധനയ്‌ക്കു വിധേയനാകുന്ന ആളിന്റെ തലയിൽ ഘടിപ്പിച്ച യന്ത്രോപകരണങ്ങളുടെ സഹായത്താൽ കംപ്യൂട്ടർ മോണിറ്ററിൽ തെളിയുന്ന തലച്ചോറിലെ തരംഗങ്ങൾ വിശകലനം ചെയ്‌ത് പരിശോധനാഫലം തിട്ടപ്പെടുത്തുന്നു.

ഡോ. ലാറൻസ് എ. ഫാർവെൽ എന്ന അമേരിക്കൻ ന്യൂറോജിസ്‌റ്റാണ് ബ്രയിൻ മാപ്പിങ് കണ്ടുപിടിച്ചത്. ‘‘ന്യൂറോസ്‌കാൻ’’ എന്ന ഉപകരണം ഇതിനായി ഉപയോഗിക്കുന്നു. ന്യൂറോ ഇമേജിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണു ബ്രയിൻ മാപ്പിങ് നടത്തുന്നത്. ‘‘ബ്രയിൻ വേവ് ഫിംഗർ പ്രിന്റിങ് ടെസ്‌റ്റ്’’ എന്ന പേരിലും അറിയപ്പെടുന്ന ഈ പരിശോധന പൂർണമായി സജ്‌ജീകരിച്ച ഫോറൻസിക് ലബോറട്ടറിയിലാണു നടത്തുന്നത്.

പോളിഗ്രാഫും നുണപറഞ്ഞേക്കാം

നുണപരിശോധനയ്ക്കുള്ള പോളിഗ്രാഫ് ടെസ്റ്റിന്റെ ആധികാരികത ചോദ്യം ചെയ്ത് ബ്രിട്ടിഷ് ഗവേഷകർ രംഗത്തുവന്നിരുന്നു. ഹഡേഴ്സ്ഫീൽഡ് സർവകലാശാലയിലെ ക്രിസ് സ്ട്രീറ്റും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഡാനിയൽ റിച്ചാർഡ്സനും ചേർന്നു നടത്തിയ രസകരമായ പഠനമാണ് നുണപരിശോധനകളുടെ ഫലം സംശയനിഴലിലാക്കിയത്.

ഇലക്‌ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെ വ്യക്‌തിയുടെ രക്‌തസമ്മർദ്ദം, നാഡിമിടിപ്പ്, വൈകാരികഭാവം എന്നിവ സൂക്ഷ്‌മമായി വിശകലനം ചെയ്‌താണ് പോളിഗ്രാഫ് നുണപരിശോധന നടത്തുന്നത്. ശരീരത്തിൽ യന്ത്രോപകരണങ്ങൾ ഘടിപ്പിച്ചു നടത്തുന്ന ഈ പരിശോധനയ്‌ക്ക് ഇതിനു വിധേയനാകുന്ന ആളിന്റെ പൂർണ സമ്മതം ആവശ്യമാണ്. പക്ഷേ ഇങ്ങനെ, അറിവോടു കൂടി നടത്തുന്ന നുണപരിശോധന ഫലം ചെയ്യില്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഒരു ഡോക്കുമെന്ററിക്കു വേണ്ടിയാണെന്ന വ്യാജേന, ചെയ്യാത്ത യാത്രകളെപ്പറ്റി സംസാരിക്കാൻ ആളുകളെ പ്രോൽസാഹിപ്പിച്ചുകൊണ്ടുള്ള ഗവേഷണ സർവേയാണ് ക്രിസ് സ്ട്രീറ്റും റിച്ചാർഡ്സനും ചേർന്നു നടത്തിയത്. തങ്ങളെ അഭിമുഖം നടത്തുന്നയാൾക്ക് ഗവേഷകരുമായി നടത്തിയ ‘നുണക്കരാറി’നെപ്പറ്റി അറിയില്ലെന്നു വിശ്വസിച്ചാണ് ആളുകൾ സംസാരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA