sections
MORE

ആണവ പ്ലാന്റുകൾ മാരകായുധമാണ്, അവർ ഭൂമിയ തകർക്കും, കൂടംകുളം ഒരു സൂചന മാത്രം!

kudankulam
SHARE

ആധുനിക ലോകത്ത് ഏറ്റവും വലിയ ഭീഷണി അണ്വായുധങ്ങളും ആണവപ്ലാന്റുകളുടെ സുരക്ഷയുമാണ്. നിരവധി രാജ്യങ്ങളിൽ വൻപ്രഹര ശേഷിയുള്ള അണുബോംബുകളുണ്ട്. ഇതിനു പുറമെ ആണവപ്ലാന്റുകളും പ്രവർത്തിക്കുന്നു. എല്ലാം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. നിരവധി കംപ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും ഇതിന്റെ ഭാഗമാണ്. ഈ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടാൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക. ഇതിന്റെ ഒരു സൂചന മാത്രമാണ് കൂടംകുളം പ്ലാന്റിൽ സംഭവിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിലെ അതീവസുരക്ഷിതമായ കംപ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം നടന്നതായി ഒടുവിൽ സ്ഥിരീകരണം വന്നിരിക്കുന്നത്. ആണവോർജ വകുപ്പിനു കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) ആണ് പുതിയ വിശദീകരണമിറക്കിയത്. സെപ്റ്റംബർ നാലിനു തന്നെ കേന്ദ്രസർക്കാരിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) വിഷയം അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

ഭരണപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടർ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരുന്നു. ഇതുവഴിയാണ് അപകടകരമായ മാൽവെയർ കടന്നുകയറിയത്. നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണു വിശദീകരണം. നിരീക്ഷണം തുടരുകയാണ്. ശൃംഖലയിൽ ആക്രമണം അസാധ്യമെന്നായിരുന്നു ആദ്യദിവസം കൂടംകുളം നിലയത്തിന്റെ ഔദ്യോഗിക വിശദീകരണം. ഹരിയാന സ്വദേശിയായ പുഖ്‍രാജ് സിങ് എന്ന സൈബർ വിദഗ്ധനാണു നുഴഞ്ഞുകയറ്റമുണ്ടായതായി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.

ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച ഡിട്രാക് (Dtrack) എന്ന വൈറസാണ് കൂടംകുളത്തു കണ്ടെത്തിയതെന്നാണു സൂചന. ഡിട്രാക് ആക്രമണത്തിലൂടെ ഒരു കംപ്യൂട്ടറിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. 2018 ൽ എടിഎമ്മുകളിൽ നിന്നു കാർഡ് വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച എടിഎം ഡിട്രാക് (ATMDtrack) എന്ന മാൽവെയറിന്റെ വകഭേദമാണ് ഇപ്പോഴത്തെ ഡിട്രാക്. ഒരു മാസത്തിനിടെ ഇന്ത്യയിലെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും ഡിട്രാക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

2017 ൽ ലോകത്തെ നടുക്കിയ വാനാക്രൈ റാൻസംവെയർ ആക്രമണത്തിനു പിന്നിലെ പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതപ്പെടുന്നത് ലസാറസ് സംഘമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ വാനാക്രെ വൈറസിനും ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ ഹാക്ക് ചെയ്ത് പ്രവർത്തനം താറുമാറാക്കാൻ സാധിക്കും. സൈബർ ആക്രമണം വൻ ഭീഷണി തന്നെയാണ്. ഈ ലോകത്തെ ഒന്നടങ്കം തകര്‍ക്കാൻ ഇതുവഴി സാധിക്കും. ടെക് ലോകത്തെ വെല്ലുവിളികളെ നേരിട്ട് വൻ ശക്തികൾക്കെതിരെ ആക്രമിക്കാനുള്ള ശേഷി ഉത്തരകൊറിയയുടെ സൈബര്‍ സേനയ്ക്കുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അവർ തെളിയിച്ചതാണ്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കേന്ദ്രങ്ങൾ ആണവ പ്ലാന്റുകൾ തന്നെയാണ്. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിൽ ആണവ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ രഹസ്യമായും പരസ്യമായും അണ്വായുധങ്ങളും സൂക്ഷിക്കുന്നുണ്ട്. എന്നാൽ അതിലും വലിയ ഭീഷണിയായി തുടരുന്ന ഭീകരരുടെ കയ്യിൽ ഈ ആയുധങ്ങൾ ലഭിച്ചാൽ ഈ ലോകം തന്നെ ഇല്ലാതാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ആണവ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടാൽ ഈ ലോകം തന്നെ ഭീഷണിയിലാകും. ആണവ കേന്ദ്രങ്ങളിലെ സൈബര്‍ ആക്രമണം വൈകാതെ സംഭവിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്. എന്നാൽ അത്തരമൊരു ആക്രമണം നടന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ മിക്ക രാജ്യങ്ങളും തയാറല്ല.

അണ്വായുധങ്ങള്‍ നിര്‍മിക്കുന്ന ഇരുപതു രാജ്യങ്ങളിലെ ന്യൂക്ലിയര്‍ കേന്ദ്രങ്ങളില്‍ ഒന്നിനു പോലും സൈബര്‍ ആക്രമണങ്ങളെ നേരിടാനുള്ള സംവിധാനങ്ങളില്ലെന്നാണ് റിപ്പോർട്ട്. വർഷങ്ങൾക്ക് മുൻപ് ഉക്രെയിനിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടർന്ന് കുറെ സമയത്തേയ്ക്ക് വൈദ്യുതി നിലച്ചിരുന്നു. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ഗവേഷണം നടത്തിയപ്പോഴാണ് ഇത്തരമൊരു കണ്ടെത്തൽ തന്നെ പുറത്തുവന്നത്.

ന്യൂക്ലിയര്‍ മേഖല ഡിജിറ്റല്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകാമെന്ന് ഗവേഷണങ്ങള്‍ അടിവരയിട്ടു പറയുന്നു. ഇവയുടെ പ്രവര്‍ത്തനത്തിന് വേണ്ടതായ നിര്‍ദേശങ്ങളും പ്രോഗ്രാമുകളും ഓണ്‍ലൈനില്‍ എളുപ്പം ലഭിക്കുന്നുണ്ടെന്ന് 2013 ല്‍ സുരക്ഷാഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ ആര്‍ക്കും എപ്പോഴും ഇത്തരം കേന്ദ്രങ്ങളെ നിയന്ത്രിക്കാമെന്നുള്ള സ്ഥിതി വന്നുചേരും.

വരും കാലങ്ങളില്‍ ആണവകേന്ദ്രങ്ങളില്‍ യന്ത്രഭാഗങ്ങളുടെ തകരാറു മൂലമോ ആണവ ഉപകരണങ്ങളുടെ മോഷണമോ കാരണം കൊടിയ നശീകരണ സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. ഇതുകൂടാതെ ഇന്റര്‍നെറ്റിലൂടെ ഹാക്കേര്‍സിന് നുഴഞ്ഞു കയറാനും വിവരങ്ങള്‍ ചോര്‍ത്താനും എളുപ്പമാണ്. നിലവില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മതിയായ സൗകര്യങ്ങളില്ല. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക എന്നതിലുപരി സുരക്ഷയേറിയ ഒരു മാര്‍ഗം ഇപ്പോള്‍ നിലവില്‍ ഇല്ല.

അമേരിക്കയിലെ ന്യൂക്ലിയര്‍ മേഖല ഈ ഭീഷണിയെ വളരെ ഗൗരവത്തോടെ തന്നെയാണ് കണക്കിലെടുക്കുന്നത്. ഒരു പ്രധാന പ്രശ്‌നം ഉടനെതന്നെ ഉണ്ടാകുവാനുള്ള സാധ്യത പക്ഷേ വളരെ കുറവാണ്. വര്‍ഷങ്ങളായി ഇതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നു വരികയാണ്. അമേരിക്കയിലെ പവര്‍ പ്ലാന്റുകളില്‍ സുരക്ഷാസന്നാഹങ്ങള്‍ ആദ്യമേ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. ന്യൂക്ലിയര്‍ ഓപ്പറേഷനുകള്‍ നടത്തുന്നതും ബിസിനസ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായ കംപ്യൂട്ടറുകള്‍ ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ച് വേര്‍തിരിച്ചാണ് ഇവിടെ ഉപയോഗിക്കുന്നത്.

എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെ എന്ന് പറഞ്ഞ പോലെ ചില സംഭവങ്ങളില്‍ ഉള്ളില്‍ തന്നെയുള്ള ജീവനക്കാരും മറ്റും പങ്കാളികളായി തീര്‍ന്ന ചരിത്രം വേറെയും ഉണ്ട്. 1992 ല്‍ കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ദുരുപയോഗം ചെയ്ത കേസില്‍ ലിത്വാനിയയിലെ ഒരു ന്യൂക്ലിയര്‍ പ്ലാന്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.

2003 ല്‍ ഒഹിയോയിലെ ഡേവിസ് ബെസ്സെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിലെ കംപ്യൂട്ടറുകള്‍ 'സ്ലാമര്‍' എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍ വേം ബാധിച്ചിരുന്നു. ഇത് കാരണമായി അഞ്ചു മണിക്കൂര്‍ നേരത്തേയ്ക്ക് സുരക്ഷാസംവിധാനങ്ങള്‍ തകരാറിലായി. ഇതേപോലെ 2008 ല്‍ ജോര്‍ജിയയിലും ന്യൂക്ലിയര്‍ പ്ലാന്റില്‍ നാല്‍പ്പത്തെട്ടു മണിക്കൂര്‍ ഉപകരണങ്ങള്‍ നിലച്ച അവസ്ഥയുണ്ടായി.

യഥാര്‍ഥത്തില്‍ ഇതുവരെ സൈബര്‍ ആക്രമണം വഴി അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരിടത്ത് മാത്രമാണ്. സ്റ്റക്‌സ്‌നെറ്റ് എന്ന പേരിലുള്ള ഒരു മാല്‍വെയര്‍ ഇറാനിലെ ഒരു ന്യൂക്ലിയര്‍ പ്ലാന്റില്‍ ഉണ്ടാക്കിയ അപകടമായിരുന്നു അത്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് ഇതെന്ന് കരുതപ്പെടുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനായി ഉപയോഗിക്കുന്ന ആയിരത്തോളം സെന്‍ട്രിഫ്യൂജ് ഈ മാല്‍വെയര്‍ നശിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA