ADVERTISEMENT

ഇലക്ട്രിക് കാറുകൾ അപ്രായോഗികമെന്നു കരുതിയിരുന്ന കാലത്ത് ടെസ്‍ല മോട്ടോഴ്സ് സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും കരുത്താർന്ന ഇലക്ട്രിക് കാറുകൾ നിർമിച്ചു വിസ്മയിപ്പിച്ച വിപ്ലവകാരിയായ സംരംഭകനാണ് ഇലോൺ  മസ്ക്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോടു മത്സരിച്ചുകൊണ്ട് റോക്കറ്റ് മുതൽ കാർ വരെ ബഹിരാകാശത്തേക്ക് അയച്ചും വാക്വം ടണലിലൂടെ അതിവേഗ ഗതാഗതം എന്ന ആശയമായ ഹൈപർലൂപ് അവതരിപ്പിച്ചും വിപ്ലവങ്ങൾ ആവർത്തിക്കുന്ന മസ്കിന്റെ അടുത്ത പദ്ധതിയാണ് സ്റ്റാർലിങ്ക്. സംഗതി സിംപിളാണ്. ലോകത്തിനു മുഴുവൻ ഇന്റർനെറ്റ്, ഭൂമിയിൽ എല്ലായിടത്തും കണക്ടിവിറ്റി. 

 

ഇതേ ആശയവുമായി ഗൂഗിൾ ഇന്റർനെറ്റ് ബലൂണുകളും ഫെയ്സ്‌ബുക് ചെറുവിമാനങ്ങളുമൊക്കെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കും കണക്ടിവിറ്റി എന്ന ആശയം ഇനിയും യാഥാർഥ്യമായിട്ടില്ല. അതിനുള്ള പരിഹാരമാണ് സ്റ്റാർലിങ്ക്. ഇതിനായി ഭൂമിയിലേക്ക് ഇന്റർനെറ്റ് നൽകാൻ ഒരു പറ്റം ഉപഗ്രഹങ്ങൾ മസ്ക് ബഹിരാകാശത്തേക്കു വിക്ഷേപിക്കും. അവ കൃത്യമായ അകലത്തിൽ ഭൂമിയെ വലംവച്ചുകൊണ്ടിരിക്കും. അങ്ങനെ ഭൂമിയിൽ എല്ലായിടത്തും എല്ലാ സമയത്തും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും.

 

മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് ആണ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ അയയ്ക്കുക. പരീക്ഷണദശയിൽ ഇതിനോടകം 60 ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ അയച്ചു കഴിഞ്ഞു. 300 മുതൽ 700 മൈൽ വരെ ഉയരത്തിൽ ആയിരക്കണക്കിന് ഉപഗ്രങ്ങളാണ് ഇത്തരത്തിൽ വിക്ഷേപിക്കുക. മേയിലാണ് അദ്യത്തെ 60 ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ സ്പേസ് എക്സ് ഫാൽകൻ-9 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. ഇനി 24 വിക്ഷേപണങ്ങളിലൂടെ 60 ഉപഗ്രഹങ്ങൾ വീതം അയയ്ക്കാനുണ്ട്. 

അടുത്ത 60 എണ്ണം നവംബർ മധ്യത്തിൽ വിക്ഷേപിക്കും. ഇവയെല്ലാം ചേർന്നു ബഹിരാകാശത്ത് സ്റ്റാർലിങ്ക് ശൃംഖല സൃഷ്ടിച്ച് ഭൂമിയിൽ എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കും. 

 

പരീക്ഷണഘട്ടത്തിലുള്ള പദ്ധതി വഴി ആദ്യത്തെ ട്വീറ്റ് അയച്ച് കഴിഞ്ഞ ദിവസം ഇലൻ മസ്ക് പദ്ധതി വിജയകരമാണെന്നു തെളിയിക്കുകയും ചെയ്തു. കമ്പനി നൽകുന്ന സാറ്റലൈറ്റ് മോഡം വാങ്ങി വീട്ടിൽ വച്ചാൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് നേരിട്ടു ലഭിക്കുന്ന തരത്തിലാണ് പദ്ധതി. കേബിൾ കുഴിക്കലും പൈപ്പ് പൊട്ടലുമൊന്നുമില്ലാത്ത, ടവർ വിരുദ്ധ സമരങ്ങളില്ലാത്ത, ഒരു ഇന്റർനെറ്റ് യുഗം ഏറെ ദൂരെയല്ല എന്നു ചുരുക്കം.

English Summary: Here's what you need to know about SpaceX's Starlink internet service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com