ADVERTISEMENT

ബഹിരാകാശ യാത്രയ്ക്കായുള്ള ആകാശനൗകയായ സ്റ്റാര്‍ഷിപ് (Starship) സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് അനാവരണം ചെയ്തു കഴിഞ്ഞല്ലോ. ഇതിലൂടെ ആളുകളെ ബഹിരാകാശത്തെത്തിക്കാമെന്നും ചന്ദ്രനിലും ചൊവ്വയിലും ഇറക്കാമെന്നുമൊക്കെയാണ് മസ്‌കിന്റെ സ്വപ്‌നത്തിലുള്ളത്. അടുത്ത വര്‍ഷം തന്നെ ജപ്പാന്‍കാരനായ ഒരു കോടീശ്വരനെയും കുറച്ചു പേരെയും കയറ്റി ഒന്നു ചന്ദ്രനെ വലംവച്ചു വരാമെന്നൊക്കെ പ്ലാനുണ്ട്. എന്നാല്‍ ഇതൊക്കെ അങ്ങനെ എളുപ്പും നടത്താവുന്ന കാര്യമല്ലെന്നു വാദിക്കുന്നവരും ഉണ്ട്. വാദങ്ങള്‍ പരിശോധിക്കാം.

ഇപ്പോള്‍ അനാവരണം ചെയ്ത സ്റ്റാര്‍ഷിപിന്റെ ആദ്യ മാതൃകയ്ക്ക് 50 മീറ്റര്‍ നീളവും 30 മീറ്റര്‍ വ്യാസവുമാണുള്ളത്. എന്നാല്‍ അന്തിമ പ്രൊഡക്ടിന് 150 ടണ്‍ ഭാരം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. നാസ ആളുകളുമായി ചന്ദ്രനിലേക്ക് അയച്ച ചില റോക്കറ്റുകളെ വെല്ലുവിളിക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്നും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ലോകത്തെ ഏറ്റവും ശക്തിയുള്ള റോക്കറ്റ് എന്ന പദവി അതിനു കൈവരുമെന്നും പറയുന്നു. ഇതെല്ലം മതിപ്പുളവാക്കുന്ന കാര്യങ്ങളാണെന്ന് സമ്മതിക്കാതെ വയ്യ.

പക്ഷേ, സ്‌പെയ്‌സ്എക്‌സ് തങ്ങളുടെ സ്റ്റാര്‍ഷിപ്പില്‍ കുറച്ചധികം നാള്‍ ആളുകളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഈ സന്നാഹങ്ങളൊക്കെ മതിയാകുമോ എന്ന ചോദ്യമുയരുന്നു. ഈ വ്യോമനൗകയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയേ മതിയാകൂ. ഇതിനു നല്ല ഭാരം വരുമെന്നതു കൂടാതെ എല്ലാം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. ബഹിരാകാശ സഞ്ചാരികള്‍ക്ക് ഉറങ്ങാനും വ്യായാമം ചെയ്യാനും സ്ഥലമൊരുക്കണം.
ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും വേണം. സ്റ്റാര്‍ഷിപ് ദൗത്യം ചന്ദ്രനില്‍ ഒരു താവളം തുടങ്ങുമെന്നും മസ്‌ക് പലതവണ പറഞ്ഞിട്ടുണ്ട്. ചന്ദ്രനിലുള്ള കൂടിയ വികിരണത്തെ പ്രതിരോധിക്കണമെങ്കില്‍ അതിനൂതനമായ കവചങ്ങള്‍ ഒരുക്കുകയും വേണം.

മസ്‌കിന്റെ സ്വപ്‌ന ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ചൊവ്വയാണ്. ആ യാത്രയില്‍ മുകളില്‍ കണ്ട പ്രശ്‌നങ്ങളെല്ലാം പതിന്മടങ്ങു വര്‍ധിക്കും. ദൂരക്കൂടുതല്‍ കാരണം സഞ്ചാരികള്‍ക്ക് വേണ്ട സാധനങ്ങള്‍ വീണ്ടുമെത്തിച്ചുകിട്ടാന്‍ കാലതാമസമെടുക്കും. ഭൂമിയുമായുള്ള ആശയവിനിമയത്തിലും കാലതാമസം വരും. കൂടുതല്‍ റേഡിയേഷന്‍ ഉണ്ടാകും. ഇതെങ്ങനെയായിരിക്കും മനുഷ്യശരീരത്തെ ബാധിക്കുക എന്നതിനെക്കുറിച്ച് ഒരു പ്രവചനവും സാധ്യമല്ലെന്നും പറയുന്നു. നാസയുമായി ഒത്തു പ്രവര്‍ത്തിക്കുന്ന, ട്രാന്‍സ്‌ലേഷണല്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്തിന്റെ മേധാവി ഡോറിറ്റ്ഡോണൊവിയെല്‍ പറയുന്നത് അടുത്ത പതിറ്റാണ്ടിൽ പോലും മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കാനാകുമെന്ന ചിന്ത തന്നെ ബാലിശമാണെന്നാണ്. യാഥാര്‍ഥ്യബോധത്തോടെ പറയുകയാണെങ്കില്‍ പത്തു വര്‍ഷമെങ്കിലും കഴിയാതെ, പേടികൂടാതെ ചൊവ്വായിലേക്ക് മനുഷ്യരെ അയയ്ക്കാനാവില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ഇക്കാര്യങ്ങള്‍ മസ്‌കിനോടും രണ്ടുതവണ ചോദിച്ചിട്ടുണ്ട്. സ്റ്റാര്‍ഷിപ്പില്‍ ഒരുക്കുന്ന സംവിധാനങ്ങളെക്കുച്ച് ഒഴുക്കനായ മറുപടികള്‍ നല്‍കുകായായിരുന്നു അദ്ദേഹമെന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ അവിടെയും അദ്ദേഹത്തിന്റെ ടീം പുരോഗതി കൈവരിച്ചിട്ടുണ്ടാകാം. ജീവന്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ബഹിരാകാശനൗകയുടെ നിര്‍മാണം പരിഗണിച്ചാല്‍ അതത്ര വലിയ കാര്യമൊന്നുമല്ലെന്നും നേരായവഴിയില്‍ തന്നെ അതിനു പരിഹാരം കാണാനാകുമെന്നുമാണ്.

നേരായവഴിയുടെ സങ്കീര്‍ണ്ണത

മനുഷ്യനു ഭൂമിയില്‍ ജീവിക്കാന്‍ വേണ്ട എല്ലാം ബഹിരാകാശനൗകയില്‍ ഒരുക്കിയേ മതിയാകൂ. നൗകയ്ക്കുള്ളില്‍ യാത്രികരുടെ ജീവന്‍ നിലനിര്‍ത്തുകയും അത് സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യം ഒരുക്കേണ്ടിവരും. പ്രാഥമികമായി വേണ്ടത് അന്തരീക്ഷമാണ്. ജീവന്‍ നിലനിര്‍ത്താൻ വേണ്ട സംവിധാനങ്ങള്‍, വാതകങ്ങള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കണം. ഉഛ്വാസവായുവിനെ പുറംതളളുകയും വേണം. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഒരു പരിധിയിലേറെ കെട്ടിനിന്നാല്‍ അപകടകരമാകും. ശരിയായ അന്തരീക്ഷ താപനിലയും മര്‍ദ്ദവും നിലനിര്‍ത്തണം. യാത്രികര്‍ക്ക് കുടിവെള്ളം വേണം. അതേസമയം പാഴ്ജലം പുറത്തുപോകുകയും വേണമെന്ന് നാസയുടെ ഉദ്യോഗസ്ഥനായ ജോണ്‍ കൊവര്‍ പറയുന്നു.

എന്നാല്‍, ജീവന്‍ നിലനിര്‍ത്തല്‍ സംവിധാനമൊരുക്കുന്ന കാര്യത്തില്‍ സ്‌പെയ്‌സ്എക്‌സിന് അല്‍പം മുന്‍പരിചയമൊക്കെയുണ്ട്. അതിനായി അവര്‍ നിര്‍മിച്ച ഒരു പുതിയ ക്യാപ്‌സ്യൂള്‍ (സ്വയം പൂര്‍ണ്ണമായ ബഹിരാകാശയാനാലയം) ആണ് ക്രൂ ഡ്രാഗണ്‍. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്ക് ആളുകളെ എത്തിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ഹ്രസ്വയാത്രയ്ക്ക് പരിചരണമൊരുക്കുന്നത് പോലെയല്ല ആളുകളെ ആഴ്ചകളും മാസങ്ങളും ബഹിരാകാശ അഗാധതയില്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കുറിയ യാത്രകളില്‍ ഓക്‌സിജനും കുടിവെള്ളവും കൊണ്ടുപോകാം. എന്നാല്‍, ദീര്‍ഘയാത്രകളില്‍ ഇവയ്ക്കായി പുനര്‍ജനക (regenerative) സിസ്റ്റങ്ങളാണ് സ്ഥാപിക്കുക. എന്നുപറഞ്ഞാല്‍ ലഭ്യമായ അസംസ്‌കൃത വസ്തുക്കളെ പുനചംക്രമണം നടത്തുകയാണ് ചെയ്യുക. മൂത്രവും വിയര്‍പ്പും വരെ പുനചംക്രമണം നടത്തി കുടിവെള്ളമാക്കേണ്ടിവരും. ശ്വാസോച്ഛാസം മുറിയാതിരിക്കാന്‍ കുറച്ചു വെള്ളം വിഘടിപ്പിച്ച് ഓക്‌സിജനും ഹൈഡ്രജനും ആക്കേണ്ടിവരികയും ചെയ്യും.

സ്റ്റാര്‍ഷിപ്പിലെ ജീവന്‍ നിലനിര്‍ത്തല്‍ സിസ്റ്റങ്ങള്‍ റീജനറേറ്റീവ് ആയിരിക്കുമെന്ന് മസ്‌ക് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സിസ്റ്റങ്ങള്‍ നല്ല ഭാരമുള്ളവയും സങ്കീര്‍ണ്ണവുമാണ്. എന്നു പറഞ്ഞാല്‍ വ്യോമയാനത്തിന്റെ പ്രവര്‍ത്തനെത്തെ പോലും ബാധിക്കും. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതും സുപ്രധാനമാണ്. ഇത്തരം യാനങ്ങളില്‍ ആളുകളെ കയറ്റുമെന്നു പറഞ്ഞാല്‍ നിങ്ങള്‍ അപായസാധ്യതകളെക്കുറിച്ചു കൂടെയാണ് സംസാരിക്കുന്നത്. അപകടഘട്ടങ്ങള്‍ എങ്ങനെ തരണം ചെയ്യാനാകുമെന്നത് പരമപ്രധാനമാണ്. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുയോ മരിക്കുകയോ പോലും ചെയ്യാം. അപ്പോള്‍ മൃതശരീരം എന്തു ചെയ്യണമെന്നു തുടങ്ങിയുള്ള നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതായി വരും.

അടുത്ത വര്‍ഷം ആദ്യം തന്നെ തന്റെ സ്റ്റാര്‍ഷിപ് ആളെ കയറ്റി കറങ്ങാന്‍ പോകുമെന്നാണ് മസ്‌ക് പറയുന്നത്. ഇതു ഗൗരവത്തിലെടുക്കാമെങ്കില്‍ ഈ മാസങ്ങളില്‍ ജീവന്‍ നിലനിര്‍ത്തല്‍ സംവിധാനങ്ങളുടെ പഴുതടച്ചുള്ള നിര്‍മാണം നടത്തേണ്ട സമയമാണ്. ഭാഗ്യവശാല്‍ ഇതിനെല്ലാമുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാണെന്നു വാദിക്കുന്നവരും ഉണ്ട്. എന്നാല്‍ റീജനറേറ്റീവ് ജീവന്‍ നിലനിര്‍ത്തല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കിയ ചരിത്രമൊന്നും സ്‌പെയ്‌സ്എക്‌സിനില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൂ ഡ്രാഗണിലുള്ള സിസ്റ്റം റീജനറേറ്റീവ് അല്ല. ഇനി അങ്ങനെ ഒരു സിസ്റ്റം അവരുടെ കയ്യിലുണ്ടെങ്കില്‍ അത് ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല.

ചന്ദ്രോപരിതലത്തില്‍ എങ്ങനെ ജീവന്‍ നിലനിര്‍ത്തും?

ദീര്‍ഘകാലത്തേക്ക് ചന്ദ്രന്റെ ഉപരിതലത്തില്‍ മനുഷ്യര്‍ക്ക് വാസസ്ഥലമൊരുക്കാനും മസ്‌കിന് ഉദ്ദേശമുണ്ട്. ഭൂമിയില്‍ നിന്നകന്ന് മനുഷ്യര്‍ വസിക്കുമ്പോള്‍ ഡീപ് സ്‌പെയ്‌സ് റേഡിയേഷനും വലിയ രീതിയിലുള്ള കോസ്മിക് രശ്മികളെയും നേരിടേണ്ടിവരും. ഇവ രണ്ടും സൂര്യനില്‍നിന്നും മറ്റു സ്രോതസുകളില്‍ നിന്നും ഉത്ഭവിക്കുന്ന അത്യന്തം പ്രശ്നക്കാരായ കണികകളാണ്. അവയ്ക്ക് ത്വക്കും മറ്റു പലതരം പ്രതലങ്ങളും ഭേദിക്കാനും കോശങ്ങള്‍ക്ക് കേടുപാടു വരുത്താനും സാധിക്കും. ഭൂമിയുടെ അന്തരീക്ഷവും കാന്തിക വലയവും ഇത്തരം വികരണങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിച്ചു നിർത്തുന്നു. എന്നാല്‍ ബഹിരാകാശത്തിന്റെ അഗാധതകളിലും ചന്ദ്രോപരിതലത്തിലും അത്തരം ആവരണങ്ങളൊന്നും ലഭ്യമല്ല.

അമേരിക്കയുടെ അപ്പോളൊ ദൗത്യത്തിലും മറ്റും ഉണ്ടായിരുന്നവര്‍ വളരെ കുറച്ചു സമയം മാത്രമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ടായിരുന്നത്. ചന്ദ്രനിലങ്ങു വസിച്ചുകളയാമെന്നു വച്ചാല്‍ കളിമാറും. ഒരു സൗരജ്വാലയെങ്ങാനും (solar flare) ഉണ്ടായാല്‍ ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ വികിരണം എത്തും. നാസ ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത് ഇത്തരം റേഡിയേഷന്‍ അടിച്ചാല്‍ അത് കേന്ദ്ര നാഡിവ്യൂഹത്തെ ബാധിക്കുമെന്നും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുമെന്നുമാണ്. എന്നാല്‍ ഇതേക്കുറിച്ച് കൃത്യമായി പറയാനാവില്ല. കാരണം ആളുകള്‍ ചന്ദ്രോപരിതലത്തില്‍ ദീര്‍ഘകാലത്തേക്ക് താമസിച്ചിട്ടില്ല.

ചുരുക്കി പറഞ്ഞാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വസിക്കണമെങ്കില്‍ എന്തെങ്കിലും റേഡിയേഷന്‍ സംരക്ഷണ കവചങ്ങള്‍ ആവശ്യമാണ്. സ്റ്റാര്‍ഷിപ്പിന് ഇപ്പോഴുള്ളത് സ്‌റ്റെയ്‌ലെസ് സ്റ്റീല്‍ ആവരണമാണ്. അതു മതിയായേക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളാണ് മസ്‌കിന്റെ കൂടെ ചന്ദ്രനിലും ചൊവ്വയിലും മറ്റും താമസിക്കാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത്. മനുഷ്യര്‍ക്ക് ആരോഗ്യത്തോടെ അന്യഗ്രഹങ്ങളില്‍ ജീവിക്കാനാകുമോ എന്ന കാര്യത്തെ പറ്റി ആര്‍ക്കും ഇപ്പോള്‍ തീര്‍ച്ചയില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണം ശീലിച്ചതാണ് നമ്മുടെ എല്ലുകളും പേശികളും മറ്റും. ചന്ദ്രനിലും മറ്റും പോയാല്‍ ഈ കോശങ്ങള്‍ അതിവേഗം നശോന്മുഖമാകാം. ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമാണ് ചന്ദ്രനുള്ളത്. വ്യായാമത്തിലൂടെ കുറെയൊക്കെ പരിഹരിക്കാനായേക്കുമെന്നും കരുതുന്നു. എന്നാല്‍ അതു മതിയാകുമോ, എന്തെങ്കിലും പ്രത്യേക ഉപകരണങ്ങള്‍ തന്നെ വേണ്ടിവരുമോ എന്നൊന്നും ഇപ്പോള്‍ ആര്‍ക്കും അനുമാനിക്കാനാകുന്നില്ല.

വളരെ പ്രാഥമികമായ സൗകര്യങ്ങളെങ്കിലും ഒരോ സഞ്ചാരിക്കും ഒരുക്കേണ്ടതായി വരികയും ചെയ്യും. പ്രകാശം എങ്ങനെ കടക്കണം, കസേരകള്‍ എങ്ങനെ രൂപകല്‍പന ചെയ്യണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ ആളുകളുടെ അനുഭവങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും മാറ്റം വരാം. സ്റ്റാര്‍ഷിപ്പില്‍ 100 പേരെ കൊണ്ടുപോകുമെന്നും ഓരോർത്തര്‍ക്കും 10 ക്യുബിക് മീറ്റര്‍ സ്ഥലം നല്‍കുമെന്നുമാണ് മസ്‌ക് പറയുന്നത്. അതു ധാരാളം സ്ഥലമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഈ പ്രശ്‌നങ്ങളെല്ലാം വാലിന്റെ അറ്റം മാത്രമാണ്. ബാക്കിയെല്ലാം അളയിലാണ്. ചന്ദ്രനില്‍ വാസം തുടങ്ങാമെന്ന് പറയുന്നതും ചൊവ്വായിലേക്ക് ആളുകളെ അയയ്ക്കാമെന്നു പറയുമ്പോഴും ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യുമെന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയുമില്ല. എന്നിരുന്നാലും സ്റ്റാര്‍ഷിപ്പിന്റെ പണി കഴിയുമ്പോള്‍ സ്‌പെയ്‌സ്എക്‌സിന് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങാം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കു കൂടി ഉത്തരം ലഭിച്ചിട്ടു യാത്ര മതിയെന്നു വച്ചാല്‍ പെട്ടെന്നൊന്നും പോക്കു നടക്കകുകയുമില്ല. സ്‌പെയ്‌സ്എക്‌സിന്റെ പാടവത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണ് ഇതുവരെ സ്റ്റാര്‍ഷിപ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നു മസ്‌ക് പറയുന്നു. എന്തായാലും അധികം താമസിയാതെ ബഹിരാകാശ സഞ്ചാരികളുടെ ഭാവിയെക്കുറിച്ചു കൂടെ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com