ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുന്നതാണ്. മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന സ്വാഭാവികവും സമയമെടുക്കുന്നതുമായ പ്രതിവിധിയാണ് പലപ്പോഴും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കാനായി നിര്‍ദ്ദേശിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ വളരെ പെട്ടെന്ന് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നേരിട്ട് വലിച്ചെടുക്കുന്നതിനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
അന്തരീക്ഷത്തിലെ ചെറിയ അളവിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേയും വലിച്ചെടുക്കാന്‍ സാധിക്കുന്നതാണ് പുതിയ ഉപകരണം. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറക്കാന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ദശലക്ഷത്തില്‍ 400 എന്ന അളവിലാണെങ്കില്‍ പോലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും. സാധാരണ അന്തരീക്ഷത്തില്‍ നിന്നും പോലും നിശ്ചിത പ്രദേശത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാന്‍ ഇവക്കാകും. പ്രത്യേകമായി തയാറാക്കിയ വലിയ ബാറ്ററിയും ഇലക്ട്രോഡുകളുടെ കൂട്ടവും അടങ്ങിയ ഉപകരണമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുക. ചാര്‍ജുള്ള സമയത്ത് ഇതിന്റെ പരിധിയില്‍ പെടുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇവ വലിച്ചെടുക്കും. ചാര്‍ജിങ് ഡിസ്ചാര്‍ജിങ് സൈക്കിളുകളാണ് ഉപകരണം പ്രവര്‍ത്തിക്കുക.
ഇതില്‍ ചാര്‍ജിങ്ങിന്റെ സമയത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇല്ലാത്ത വായുവാണ് പുറന്തള്ളുക. ഡിസ്ചാർജിങ്ങിന്റെ സമയത്ത് ശേഖരിച്ചുവെച്ച കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പുറത്തെത്തും. ഇങ്ങനെ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മാത്രമായി ശേഖരിച്ച് വെക്കാനുമാകും. ചൂടാക്കുക, സമ്മര്‍ദ്ദം ചെലുത്തുക, എന്തെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയവയൊന്നും ചെയ്യാതെയാണ് ഈ ഉപകരണത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശേഖരിക്കുന്നതെന്നതാണ് ഗവേഷകര്‍ വന്‍ നേട്ടമായി വിലയിരുത്തുന്നത്. രണ്ട് വശവും സജീവമായ ചെറു ഷീറ്റുകള്‍ അടങ്ങിയ ഈ ഉപകരണത്തെ ഒരു പെട്ടിക്കുള്ളില്‍ എളുപ്പത്തില്‍ വെക്കാനാകും. വൈദ്യുതി ലഭിക്കുന്ന എവിടെയും പ്രവര്‍ത്തിപ്പിക്കാനാകുമെന്നതും നേട്ടമാണ്.