sections
MORE

ആഴക്കടലിലെ കോടികളുടെ ‘നിധി കുഴിച്ചെടുക്കാൻ’ ഇന്ത്യക്ക് 10,000 കോടി, സഹായത്തിന് ഇസ്രോ

deep-ocean-mission
SHARE

ഗവേഷകരെ ആഴക്കടലിലേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതി ഉടൻ നടപ്പിലാകും. 6000 മീറ്റർ ആഴമുള്ള ആഴക്കടലുകളിൽ വരെ ഗവേഷണം നടത്താൻ സഹായിക്കുന്ന പുതിയ പേടകം ഇസ്രോ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്. ക്രൂ മൊഡ്യൂളിന്റെ ഡിസൈൻ ഇസ്രോ വിദഗ്ധർ വിജയകരമായി വികസിപ്പിച്ചെടുത്തു. 10,000 കോടിയുടേതാണ് ഇന്ത്യയുടെ ഡീപ് ഓഷൻ മിഷൻ.

ആഴക്കടലിലേക്ക് ഗവേഷകരെ കൊണ്ടുപോകാനുള്ള ക്യാപ്‌സൂളിന്റെ രൂപകൽപന ഇസ്രോ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് ഇനി അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ രൂപകൽപന പ്രകാരമുള്ള പേടകം നിർമിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവൻ നായർ രാജീവൻ പറഞ്ഞു. വിവിധ പഠനങ്ങൾക്കായി മുങ്ങാവുന്ന വാഹനം കടലിനടിയിൽ ഏകദേശം 6,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കും. എന്നാൽ നാവിക സേന ഉപയോഗിക്കുന്ന അന്തർവാഹിനികൾക്ക് 200 മീറ്റർ ആഴത്തില്‍ വരെ മാത്രമേ എത്തിച്ചേരാനാകൂ.

പേടകത്തിന്റെ രൂപകൽപന (ടൈറ്റാനിയം ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്നു) അത്യാധുനിക സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതായിരിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായി സംവദിച്ച ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്.

ഇസ്‌റോ വികസിപ്പിച്ചെടുത്ത ഡിസൈൻ സർട്ടിഫിക്കേഷനായി രാജ്യാന്തര ഏജൻസിയിക്ക് അയയ്ക്കും. ഇന്ത്യൻ ബഹിരാകാശ ഏജൻസിയാണ് ഈ പദ്ധതിയുടെ രൂപകൽപനയും ഫാബ്രിക്കേഷനും ഏറ്റെടുത്തിരിക്കുന്നത്. ആഴക്കടലിൽ മുങ്ങാവുന്ന പേടകത്തിൽ മൂന്നംഗ സംഘത്തെ ഉൾക്കൊള്ളാൻ കഴിയും. ആഴക്കടൽ ദൗത്യത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ശാസ്ത്ര-സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡീപ് ഓഷൻ മിഷൻ

സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരം കൽപിച്ചിരുന്ന കാലം ബഹിരാകാശം കടന്നു. എന്നാൽ ആകാശത്തു മാത്രമല്ല, കടലാഴങ്ങളിലും ഒളിഞ്ഞിരിക്കുകയാണ് അദ്ഭുതങ്ങൾ. കടലിന്റെ അഗാധതയിലേക്കു കണ്ണു താഴ്ത്തുന്ന, അതിലെ വിസ്മയങ്ങൾ കണ്ടെത്തുന്ന പദ്ധതിയുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണു കേന്ദ്രസർക്കാർ. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഡീപ് ഓഷൻ മിഷൻ സംബന്ധിച്ച വിശദ റിപ്പോർട്ട് ഒരു വർഷം മുൻപാണ് കേന്ദ്രത്തിനു സമർപ്പിച്ചത്.

അഞ്ചുവർഷ പദ്ധതിയാണു ലക്ഷ്യം വയ്ക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങൾ, കടലിൽ നിർമിക്കുന്ന ഓഫ്ഷോർ ഡീസാലിനേഷൻ പ്ലാന്റ് (സമുദ്രജലത്തിൽ നിന്നു ലവണാംശം വേർതിരിച്ചെടുക്കുന്ന കേന്ദ്രം), ആഴക്കടലിലേക്കു 6,000 മീറ്റർ സഞ്ചരിക്കാൻ സഹായിക്കുന്ന സബ്മേഴ്സിബിൾ വാഹനം എന്നിവയാണ്.

സെൻട്രൽ ഇന്ത്യൻ ഓഷൻ ബേസിനിൽ 75,000 ചതുരശ്ര കിലോമീറ്റർ സ്ഥലം ഇന്ത്യയ്ക്ക് പര്യവേക്ഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഇന്റർനാഷനൽ സീബെഡ് അതോറിറ്റി, 2017ൽ ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന ഉച്ചകോടിയിൽ നൽകിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വന്തം തീര സാമ്പത്തികമേഖല (എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ) 22 ലക്ഷം ചതുരശ്ര കിലോമീറ്ററുണ്ട്. ഇവയിലൊന്നും പര്യവേക്ഷണദൗത്യങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഇതുപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കും.

പദ്ധതിയുടെ പ്രധാന അജൻഡകൾ

∙ സമുദ്ര ഖനനം

കടലിനടിയിൽ വൻതോതിലുള്ള ധാതുശേഖരം കാത്തുകിടക്കുന്നു. പക്ഷേ ഇതു കണ്ടെത്താനും സംസ്കരിക്കാനുമുള്ള സാങ്കേതിക വിദ്യകൾ വികസിച്ചിട്ടില്ല. ധാതുശേഖരങ്ങളുടെ കൃത്യമായ സ്ഥാനവും നിർണയിക്കണം. പോളിമെറ്റാലിക് നൊഡ്യൂൾസ് പ്രകൃതി വാതകം തുടങ്ങിയ സമ്പത്തുകളുടെ കലവറയാണ് സമുദ്രാന്തർഭാഗം. ആറു കിലോമീറ്റർ താഴ്ചയിൽ ഖനനം നടത്തുന്ന സബ്മേഴ്സിബിൾ സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 5.462 കിലോമീറ്റർ ആഴത്തിൽ മണ്ണ് പരിശോധന നടത്താൻ രാജ്യത്തിന് ഇന്നു കഴിവുണ്ട്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ ധാതുനിക്ഷേപത്തിന്റെ 10% ഖനനം ചെയ്താൽ അടുത്ത നൂറുവർഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ ആവശ്യം നിറവേറ്റാനാകുമെന്നാണു ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.

സബ്മേഴ്സിബിൾ

കടലിന്റെ ആഴങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന പേടകങ്ങളാണു സബ്മേഴ്സിബിൾ വാഹനങ്ങൾ. റിമോട്ട് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾ വ്യാപകമാണ്. യുഎസ്സിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ഹെർക്കുലിസ്, ജേസൺ തുടങ്ങിയവ പ്രശസ്തം. എന്നാൽ മനുഷ്യന് ഏറെ താഴ്ചയിൽ പോകാനുള്ള വാഹനങ്ങൾ കുറവ്. കടലിലെ സമ്മർദ്ദം (പ്രഷർ) ഉയരുമെന്നതിനാൽ ദൗത്യം ശ്രമകരമാണ്. 6000 മീറ്റർ പോകുന്ന യുഎസ്സിന്റെ മിർ വൺ, ടു തുടങ്ങിയവ മനുഷ്യനെ വഹിക്കുന്നവയാണ് (മാൻഡ് സബ്മേഴ്സബിൾ). മിറിനു മൂന്നുപേരെ ഒരേസമയം വഹിക്കാൻ കഴിയും.

മൂന്നു പേർക്ക് ആറു കിലോമീറ്റർ താഴ്ചയിൽ പോകാൻ സാധിക്കുന്ന വാഹനം ഇന്ത്യ വികസിപ്പിക്കുകയാണ്. ‘റോസബ് 6000’ എന്നു പേരുള്ള ഈ വാഹനം പരിശോധനാഘട്ടത്തിൽ 5289 കിമീ ആഴം വരെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നു ഗവേഷകർ പറയുന്നു.

പിഎംഎൻ: ആഴക്കടലിലെ അക്ഷയഖനി

ഡീപ് ഓഷൻ മിഷൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന കാര്യമാണു കടലിന്റെ അടിത്തട്ടിൽ മറ‍ഞ്ഞിരിക്കുന്ന പോളി മെറ്റാലിക് നൊഡ്യൂൾ (പിഎംഎൻ) ശേഖരങ്ങൾ. 38 കോടി ടൺ പിഎംഎൻ ശേഖരമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 47 ലക്ഷം ടൺ നിക്കൽ, 42.9 ലക്ഷം ടൺ ചെമ്പ്, 925 ലക്ഷം ടൺ മാംഗനീസ്, ശ്രദ്ധേയമായ അളവിൽ കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൽ പുരോഗമിക്കുകയാണ്.

English Summary : Deep Ocean mission india

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA