ADVERTISEMENT

മനുഷ്യൻ യാത്ര പോകാനിരിക്കുന്ന ഗ്രഹമാണ് ചൊവ്വ. അടുത്ത പത്ത് വർഷത്തിനുള്ളിൽ ചൊവ്വയിൽ കാലുകുത്താൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഗവേഷകർ ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ചൊവ്വയില്‍ ദൗത്യം തുടരുന്ന ക്യൂരിയോസിറ്റി റോവര്‍ വിചിത്ര ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ചൊവ്വാ ഗ്രഹത്തിന്റെ പ്രതലത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന കൗതുക ചിത്രങ്ങളാണ് ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. ചൊവ്വയിലെ ഗാലെ ക്രാറ്റര്‍ മേഖലയിലാണ് ജീവന്റെ സാധ്യതകള്‍ ക്യൂരിയോസിറ്റി തേടുന്നത്. 

 

2012 ഓഗസ്റ്റ് മുതല്‍ ക്യൂരിയോസിറ്റി ചൊവ്വയില്‍ ജീവന്‍ തേടിക്കൊണ്ട് ലോകത്തിന്റെ കൗതുകമാകുന്നുണ്ട്. നിലവില്‍ സെന്‍ട്രല്‍ ബുട്ടെ എന്ന് വിളിക്കുന്ന ഗാലെ സെന്ററിലെ ഒരു പര്‍വ്വതത്തിന്റെ ചരിവിലാണുള്ളത്. ഇവിടെ നിന്നുള്ള മനോഹര കാഴ്ചകളാണ് ക്യൂരിയോസിറ്റി പകര്‍ത്തിയെടുത്ത് ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. 

 

നവംബര്‍ മൂന്നിന് ക്യൂരിയോസിറ്റിയിലെ ക്യാമറ എടുത്ത ചിത്രത്തില്‍ പാറകളും മണ്ണും നിറഞ്ഞ പ്രദേശം വ്യക്തമായി കാണാം. ദൂരെ പര്‍വ്വതങ്ങളുടെ പൊടി നിറഞ്ഞ കാഴ്ചയും ക്യൂരിയോസിറ്റിയുടെ ചിത്രത്തിലുണ്ട്. ചില ചിത്രങ്ങള്‍ ക്യൂരിയോസിറ്റി കൂടി ഉള്‍പ്പെടുന്നതാണ്. Sol 2573 എന്നും ചിത്രത്തില്‍ രേഖപ്പെടുത്തിയിടുണ്ട്. ഒരു Sol എന്നത് ചൊവ്വയിലെ ഒരു ദിവസമാണ്. ക്യൂരയോസിറ്റി ചൊവ്വയിലിറങ്ങിയ ദിവസത്തെ Sol 0 ആയാണ് കണക്കാക്കുന്നത്.

mars-nasa-photo

 

നിലവില്‍ ക്യൂരിയോസിറ്റിയുള്ള ഗാലെ ക്രാറ്റര്‍ മേഖലക്ക് 154 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. സെന്‍ട്രല്‍ ബൂട്ടെ എന്ന് വിളിക്കുന്ന പ്രദേശത്തെ പാറയുടെ അടരുകളും ക്യൂരിയോസിറ്റി ശേഖരിക്കും. മേഖലയില്‍ ജലത്തിന്റെ സാന്നിധ്യം ഭൂതകാലത്ത് ഉണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.

 

ചൊവ്വയിലെ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യത്തിന്റെ തെളിവ് കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തേക്കായിരുന്നു ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്യൂരിയോസിറ്റി ഈ കാലാവധി കഴിഞ്ഞും പൂര്‍വാധികം ഉത്സാഹത്തോടെ പ്രവര്‍ത്തനം തുടര്‍ന്നതോടെ അനിശ്ചിത കാലത്തേക്ക് ദൗത്യം നീട്ടുകയായിരുന്നു. നിലവില്‍ 2,000 ദിവസത്തിലേറെയായിട്ടുണ്ട് ക്യൂരിയോസിറ്റിയുടെ ചൊവ്വാ ദൗത്യം.

 

ഇതിനിടെ കഴിഞ്ഞ വര്‍ഷം പകുതിയോടെ ക്യൂരിയോസിറ്റി ചൊവ്വയില്‍ ഒറ്റപ്പെട്ടിരുന്നു. മറ്റൊരു ചൊവ്വാ ദൗത്യ പേടകമായ ഓപ്പര്‍ച്യൂനിറ്റിക്ക് ഭൂമിയുമായുള്ള ബന്ധം നഷ്ടമായത് കഴിഞ്ഞ ജൂണിലാണ്. ചൊവ്വയിലുണ്ടായ കനത്ത പൊടിക്കാറ്റാണ് ഓപര്‍ച്യൂനിറ്റിക്ക് വെല്ലുവിളിയായത്. പൊടിക്കാറ്റിനെ തുടര്‍ന്ന് ഇതിന്റെ സൗര പാനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ വലിയ തോതില്‍ പൊടിവന്ന് മൂടുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. പങ്കാളിയെ നഷ്ടമായെങ്കിലും ക്യൂരിയോസിറ്റി ചൊവ്വയിലെ കൗതുകയാത്ര തുടരുകയാണ്.

English Summary: NASA Curiosity rover sends back haunting images of Mars’ barren, rocky landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com