sections
MORE

തിരിച്ചു വരവില്ലാത്ത യാത്രക്കൊരുങ്ങുന്നു, ചൊവ്വയില്‍ താമസിക്കാൻ 1000 സ്റ്റാർഷിപ്പുകൾ

spacex-mars-mission
SHARE

ബഹിരാകാശ ഗവേഷകരുടെ എല്ലാ പ്രതീക്ഷകളും ഇപ്പോൾ ചൊവ്വയിലാണ്. നാസയും ഐഎസ്ആർഒയും ഇഎസ്എയും, എന്തിന് സ്വകാര്യ ബഹിരാകാശ ഏജൻസികള്‍ പോലും ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കുകയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് തന്നെയാണ്. ഇലോൺ മസ്കിന്റെ ചൊവ്വാ യാത്രയുടെ രൂപരേഖയെ കുറിച്ച് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് വെളിപ്പെടുത്തി.

തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ആദ്യ യാത്രാ സംഘം 2022 ൽ ചൊവ്വയിൽ ലാൻഡ് ചെയ്യുമെന്നാണ് മസ്കിന്റെ പ്രതീക്ഷ. ഭൂമിയിൽ നിന്ന് താമസക്കാരെയും ജീവിക്കാനുള്ള സാമഗ്രികളും എത്തിച്ച് ചൊവ്വയിൽ ഒരു നഗരം തന്നെ സൃഷ്ടിച്ചെടുക്കാനാണ് മസ്കിന്റെ പദ്ധതി. ഇതിനായി 1000 സ്റ്റാർഷിപ്പുകൾ നിർമിക്കുമെന്നാണ് സ്പേസ് എക്സ് മേധാവി പറഞ്ഞത്. സ്പേസ് എക്സ് പദ്ധതികളെ കുറിച്ചുള്ള ഒരാളുടെ ട്വീറ്റിന് താഴെയാണ് മസ്കിന്റെ പ്രതികരണം.

രണ്ടു വർഷത്തിലൊരിക്കൽ മാത്രമാണ് ചൊവ്വയും ഭൂമിയും നേർരേഖയിൽ വരുന്നത്. ഇതിനാൽ തന്നെ 10 ലക്ഷം ടണ്‍ സാമഗ്രികൾ ചൊവ്വയിൽ എത്തിക്കാൻ ഏകദേശം 20 വർഷം വരെ കാത്തിരിക്കേണ്ടിവരും. ഇതിനാൽ തന്നെ ചൊവ്വയിൽ നഗരങ്ങൾ സ്ഥാപിക്കുക വൻ വെല്ലുവിളിയായിരിക്കുമെന്നാണ് കരുതുന്നത്.

സ്പെയ്സ് എക്സിന്റെ ഏറ്റവും ബിഗ് റോക്കറ്റ് ഫാൽക്കൺ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വരും മാസങ്ങളിൽ നടകക്കും. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ പരീക്ഷണങ്ങൾ നടക്കുകയാണ്.

ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് എലോൺ മസ്ക് പറഞ്ഞു.

'ചൊവ്വാ യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്' ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തില്‍ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.

ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോൾ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ സ്വപ്‌നം. 'ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഇപ്പോൾ നിര്‍മിച്ചിരിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകള്‍ നടത്തും.

ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ രൂപഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ചൊവ്വാ ദൗത്യത്തിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് ബിഗ് ഫാല്‍ക്കണ്‍ എക്‌സ്. ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികള്‍ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാര്‍ക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക. #dearMoon എന്നാണ് ഒരാഴ്ച നീളുന്ന ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

മസ്‌കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്‌നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്. ഇതുപയോഗിച്ച് 2022ല്‍ മനുഷ്യനില്ലാത്ത ദൗത്യവും 2024ല്‍ മനുഷ്യര്‍ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്‌കിന്റെ പദ്ധതി. മുന്‍ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറിൽ ‍(ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടണ്‍ ചരക്കും നൂറ് യാത്രികരെ വരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും ഈ പേടകം. മസ്‌കിന്റെ ട്വീറ്റോടെ ഈ പദ്ധതിയില്‍ എന്തെല്ലാം മാറ്റം വരുമെന്ന് വ്യക്തമല്ല.

ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ ‘കംപ്രസ്’ ചെയ്തെടുത്താൽ ചെടികൾ വരെ വളർത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോൺ പറയുന്നുണ്ട്.

ഒരാൾക്ക് ചൊവ്വാ യാത്രയ്ക്ക് ഏകദേശം 10 ബില്യൺ ഡോളർ. ഇത് അസാധ്യമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതൽ ആൾക്കാർ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിർമാണാവശ്യങ്ങൾക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ചെലവും താങ്ങാൻ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദൽ മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയില്‍ സൃഷ്ടിക്കപ്പെടണമെങ്കിൽ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതൽ 100 വർഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്.

English Summary: Mars Mission Spacex, Elon Musk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA