ADVERTISEMENT

ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ആഗോള അതിവേഗ ഇന്റര്‍നെറ്റിനായുള്ള 60 സാറ്റലൈറ്റുകള്‍ കൂടി വിജയകരമായി വിക്ഷേപിച്ചു. സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ 12,000 സാറ്റലൈറ്റുകളായിരിക്കും പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഭൂമിയെ വലം വെക്കുക. ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം.

 

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് 60 സാറ്റലൈറ്റുകളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയില്‍ നിന്നും 280 കിലോമീറ്റര്‍ ഉയരത്തിലാണ് സാറ്റലൈറ്റുകള്‍ എത്തിച്ചത്. നേരത്തെയും ഒരുപാടു സാറ്റലൈറ്റുകള്‍ സ്‌പേസ് എക്‌സ് ഒറ്റത്തവണത്തെ വിക്ഷേപണത്തിലൂടെ ബഹിരാകാശത്തെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 64 സാറ്റലൈറ്റുകള്‍ ഒറ്റത്തവണത്തെ വിക്ഷേപണത്തിലെത്തിച്ചതാണ് ഈ ഗണത്തില്‍ സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ നേട്ടം. ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപണം നടന്നത്.

 

ഭ്രമണപഥം ഉയർത്തുന്നതിനു മുൻപ്, എല്ലാ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സ്പേസ് എക്സ് എൻജിനീയർമാർ ഡേറ്റ അവലോകനങ്ങൾ നടത്തിവരികയാണ്. ചെക്ക് ഔട്ടുകൾ പൂർത്തിയായിക്കഴിഞ്ഞാൽ ഉപഗ്രഹങ്ങൾ അവയുടെ ഓൺബോർഡ് അയോൺ ത്രസ്റ്ററുകൾ ഉപയോഗിച്ച് ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഉയർത്തുമെന്ന് സ്‌പേസ് എക്‌സ് പ്രസ്താവനയിൽ പറഞ്ഞു.

 

സോളാര്‍ പാനലിനൊപ്പം ഭൂമിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാനും തിരിച്ചയക്കാനുമുള്ള ആന്റിനകളും സാറ്റലൈറ്റുകളുടെ ഭാഗമാണ്. കാലാവധി കഴിയുന്നതിനനുസരിച്ച് സ്വയം തകരുന്ന സംവിധാനവും ഈ സാറ്റലൈറ്റുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇത്തരത്തില്‍ വലിയ തോതില്‍ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തുന്നത് ബഹിരാകാശ മാലിന്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബഹിരാകാശത്തെ മനുഷ്യനിര്‍മിത വസ്തുക്കളുടെ കൂട്ടിയിടിയില്‍ കലാശിക്കുമെന്നും മുന്നറിയിപ്പുണ്ട്. 

 

ഓരോ സാറ്റലൈറ്റുകളും മറ്റ് നാല് സാറ്റലൈറ്റുകളുമായി ലേസറുകള്‍ വഴി ബന്ധിച്ചിരിക്കും. ഇത് ഭൂമിക്ക് മുകളിലായി സാറ്റലൈറ്റുകളുടെ ഒരു വല പോലെ പ്രവര്‍ത്തിക്കുകയും ശൂന്യതയില്‍ വെളിച്ചത്തിനുള്ള അത്രയും വേഗത്തില്‍ ഇന്റര്‍നെറ്റില്‍ വിവരവിനിമയം സാധ്യമാക്കുമെന്നുമാണ് കരുതപ്പെടുന്നത്. ഇത് നിലവിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാക്കും. 

 

2027 ആകുമ്പോഴേക്കും 12,000 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കുകയാണ് പ്രധാന വെല്ലുവിളിയാണ്. അത് സാധ്യമാകണമെങ്കില്‍ ഓരോ മാസത്തിലും ഇത്തരത്തിലുള്ള വിക്ഷേപണം നടക്കേണ്ടതുണ്ട്. ഈ സാറ്റലൈറ്റുകള്‍ മുഴുവനായി വിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ നിശ്ചിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങും. ഭൂമിയില്‍ എല്ലായിടത്തും മാത്രമല്ല വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം അതിവേഗ ഇന്റര്‍നെറ്റ് ഇതുവഴി ഉറപ്പാക്കാനും സാധിക്കും.

English Summary: SpaceX launches 60 mini satellites for cheaper global Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com