sections
MORE

ചൊവ്വയിൽ ജീവികളുടെ ഫോസിൽ കാണുമോ?, കാത്തിരിക്കുന്നത് ‘മണൽക്കെണി’ ദുരന്തങ്ങൾ

mars-2020
SHARE

നാസയുടെ വരാനിരിക്കുന്ന മാർസ് 2020 റോവറിനായി തിരഞ്ഞെടുത്ത ലാൻഡിങ് സൈറ്റ് ചൊവ്വയിൽ ഒരുകാലത്ത് ജീവിതത്തിന്റെ ഭവനമായിരുന്നോ എന്നും അവിടെ വീണ്ടും ജീവന്റെ സാന്നിധ്യം കണ്ടെത്താനുമുള്ള ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണ് എന്നാണ് ഗവേഷകരുടെ നിഗമനം. 45 കിലോമീറ്റർ പരിധിയുള്ള ജെസെറോ ഗർത്തമാണ് 2018 അവസാനത്തോടെ പുതിയ റോവറിനായി ലാൻഡിങ് സൈറ്റായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ജലാംശം കൂടിയ സിലിക്കയുടെയും കാർബണേറ്റുകൾ എന്ന ധാതുക്കളുടെയും വലിയ ശേഖരം അടങ്ങിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും പുതുതായി പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിലുണ്ട്.

3.5 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ തടാകം ഉണ്ടായിരുന്നു. അതേസമയം, ജെസറോ ഗർത്തത്തിൽ ശതകോടിക്കണക്കിന് വർഷക്കാലം നിലനിൽക്കാൻ കഴിയുന്ന ഘടകങ്ങളായ ഷെല്ലുകൾ, പവിഴം, സൂക്ഷ്മജീവികളാൽ രൂപംകൊണ്ട ചിലതരം പാറകൾ എന്നിവ അടങ്ങിയിരിക്കാമെന്നാണ് കരുതുന്നത്. ഇതെല്ലാം ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിച്ചേക്കും.

2020 ജൂലൈയിൽ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയാണു മുഖ്യ ലക്ഷ്യം. മാർസ് 2020 എന്നു പേരിട്ട പേടകം പക്ഷേ എവിടെ ഇറക്കുമെന്നതു സംബന്ധിച്ചു കഴിഞ്ഞ നാലു വർഷമാണ് ഗവേഷകർ ചർച്ച നടതത്തിയത്. ചൊവ്വയിലെ ഏകദേശം അറുപതോളം ഭാഗങ്ങൾ ഇതിനു വേണ്ടിയുള്ള ചർച്ചയിൽ ഇടംപിടിച്ചു. ഒടുവിൽ നാസ അക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തി– 250 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന പേടകം ചൊവ്വയിലെ നദീതട പ്രദേശമായ ‘ജെസീറോ ക്രേറ്ററി’ലായിരിക്കും ഇറങ്ങുക. 2021 ഫെബ്രുവരിയിൽ ഇതു ജെസീറോയിൽ വന്നിറങ്ങുമെന്ന പ്രതീക്ഷയിലാണു ഗവേഷണം തുടരുന്നത്.

ഏഴു വർഷം മുൻപു ചൊവ്വയിൽ വന്നിറങ്ങിയ ക്യൂരിയോസിറ്റി റോവറിനേക്കാളും ഭാരിച്ച ഉത്തരവാദിത്തമാണ് മാർസ് 2020യെ കാത്തിരിക്കുന്നത്. ഒരുകാലത്ത് സമുദ്രങ്ങളാൽ സമ്പന്നമായിരുന്ന ചൊവ്വാഗ്രഹം എങ്ങനെ പൊടിയും പാറക്കൂട്ടവും നിറഞ്ഞ ഇടമായി മാറിയെന്നതിന്റെ തെളിവുകൾ ശേഖരിക്കാനായിരുന്നു ക്യൂരിയോസിറ്റിയുടെ വരവ്. ഇതിനായി സ്വയം ഒരു ലാബ് പോലെയായിരുന്നു പ്രവർത്തനം. എന്നാൽ ജെസീറോയിൽ വന്നിറങ്ങുന്ന പേടകത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ– ചൊവ്വയിൽ ഏതെങ്കിലും വിധത്തിൽ എന്നെങ്കിലും ജീവൻ നിലനിന്നിരുന്നോയെന്നു കണ്ടെത്തുക. ‘ബയോളജിക്കൽ എവിഡൻസ്’ മാത്രം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നതും. 

മാർസ് 2020 വന്നിറങ്ങുന്ന ജെസീറോ സാധാരണ സ്ഥലമൊന്നുമല്ല. ഇന്നു തണുത്തും, വരണ്ടും കിടക്കുകയാണ് ഈ പ്രദേശം. എന്നാൽ ഒരു കാലത്ത് ഇവിടം 1600 അടി ആഴത്തിൽ വെള്ളം നിറഞ്ഞിരുന്ന തടാകമായിരുന്നു. ഇതിൽ നിന്ന് ഉദ്ഭവിക്കപ്പെട്ട നദികളും ഏറെ. അവയിൽ ഏതെങ്കിലും വിധത്തിലുള്ള സൂക്ഷ്മ ജീവികൾ സംരക്ഷിക്കപ്പെട്ടിരുന്നോ എന്നു കണ്ടെത്തുകയാണ് മാർസ് 2020യുടെ ലക്ഷ്യം. 350 മുതൽ 390 കോടി വരെ വർഷങ്ങൾ പഴക്കമുള്ളതായിരിക്കും ഈ ജീവന്റെ അംശമെന്നത് മറ്റൊരു സത്യം. എന്നാൽ ഭൂമിയിൽ എങ്ങനെയാണു ജീവനുണ്ടായത് എന്നതിന്റെ ഉൾപ്പെടെ ഉത്തരം ചൊവ്വയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. അതിനു വേണ്ടിയാണ് പാറക്കൂട്ടങ്ങളും പൊടിയും പോലും വിടാതെ പരിശോധിക്കുന്നതും. 

അടുത്ത ഘട്ടത്തിൽ ചൊവ്വയിലേക്കു മനുഷ്യനെ അയയ്ക്കുകയാണു നാസയുടെ ലക്ഷ്യം. അതിനു മുന്നോടിയായി മനുഷ്യജീവിതം സാധ്യമാക്കുന്ന കോളനികളും സജ്ജമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജെസീറോയിൽ ജീവനുണ്ടോയെന്ന കാര്യം തിരിച്ചറിയുക മാത്രമേ നാസയ്ക്കു മുന്നിൽ ചൊവ്വയിൽ നിന്നു കണ്ടെത്താനുള്ള ഉത്തരമായി ഇനി ശേഷിക്കുന്ന പ്രധാന കാര്യം. കോടിക്കണക്കിനു വർഷം പഴക്കമുള്ള ജീവന്റെ കണികകൾ പോലും കൃത്യമായി ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണു കരുതുന്നതെന്നു നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബറട്ടറിയിലെ പ്രോജക്ട് സയന്റിസ്റ്റ് കെൻ ഫാർലി പറഞ്ഞിട്ടുണ്ട്. പഴയകാലത്തെ ജൈവ തന്മാത്രകളെയും മറ്റ് സൂക്ഷ്മ ജീവികളുടെ അവശിഷ്ടങ്ങളെയും ഏകദേശം 45 കിലോമീറ്ററെങ്കിലും വിസ്തൃതിയുള്ള ജെസീറോ ക്രേറ്ററിന്റെ അടിത്തട്ട് സംരക്ഷിച്ചു വച്ചിട്ടുണ്ടാകുമെന്നാണു പ്രതീക്ഷ. 

ഇവിടെ കുറഞ്ഞത് അഞ്ചു തരം പാറകളെങ്കിലും കണ്ടെത്തിയിട്ടുണ്ട്. കളിമണ്ണും കാർബണേറ്റുകളും ഉൾപ്പെടെയാണിത്. ജീവന്റെ സൂക്ഷ്മാംശം പോലും എത്രകാലം വേണമെങ്കിലും ശേഖരിച്ചു വയ്ക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. ജലവും അന്തരീക്ഷത്തിലെ വാതകങ്ങളും കല്ലും പരസ്പര സമ്പർക്കത്തിലേർപ്പെട്ടാണ് കാർബണേറ്റ് പാറകൾ രൂപപ്പെടുന്നത്. ഇതാണു ജീവൻ നിലനില്‍ക്കാനുള്ള ഏറ്റവും വലിയ സാധ്യതയായി ചൂണ്ടിക്കാണിക്കപെടുന്നത്. എന്നാൽ നദീതടത്തിലെ മണൽക്കെണികളും ഉരുളൻ പാറകളും കൂർത്ത അഗ്രഭാഗങ്ങളുമെല്ലാം മറികടന്നുള്ള സഞ്ചാരം സാധ്യമാക്കാൻ മാർസ് 2020 ഏറെ പാടുപെടേണ്ടി വരും. അതെല്ലാം കടന്ന് ജെസീറോ ക്രേറ്ററിൽ നിന്ന് സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുകയെന്ന ദൗത്യവും ഇതിനെ കാത്തിരിപ്പുണ്ട്. 2012ൽ ഗെയ്ൽ ക്രേറ്റർ എന്ന സ്ഥലത്ത് ക്യൂരിയോസിറ്റിയെ ഇറക്കാൻ ഉപയോഗിച്ച ‘സ്കൈ ക്രെയ്ൻ’ സംവിധാനം തന്നെയായിരിക്കും മാർസ് 2020യെ ചൊവ്വയിലിറക്കാനും ഉപയോഗിക്കുക.

English Summary: NASA’s Mars 2020 mission landing site could contain fossilized signs of life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA