sections
MORE

‘പറക്കും തളിക നേരിട്ടു കണ്ടു, യുദ്ധ വിമാനങ്ങള്‍ക്ക് പിടിതരാതെ അപ്രത്യക്ഷമായി’

ufo
SHARE

പറക്കുംതളിക അനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ ഒടുവില്‍ അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ തയാറായി. നാവികസേനയുടെ പരിശീലനത്തിനിടെ 2004ല്‍ നടുക്കടലില്‍ വച്ചുണ്ടായ വിചിത്ര അനുഭവങ്ങളാണ് ഇവര്‍ പങ്കുവെച്ചത്. ഇത് ആദ്യമായാണ് അമേരിക്കന്‍ നാവികര്‍ 15 വര്‍ഷങ്ങള്‍ക്കു മുൻപുണ്ടായ അനുഭവത്തെക്കുറിച്ച് പരസ്യപ്രതികരണത്തിന് തയാറായത്.

യുഎസ്എസ് പ്രിന്‍സ്റ്റണ്‍ എന്ന അമേരിക്കന്‍ നാവിക സേനയുടെ കപ്പലിലെ അംഗങ്ങള്‍ക്കാണ് പറക്കുംതളിക അനുഭവുണ്ടായത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. കപ്പലിലെ പുത്തന്‍ റഡാര്‍ സംവിധാനം പൊടുന്നനെ അസ്വാഭാവിക വസ്തുക്കളുടെ സാന്നിധ്യം കാണിച്ചു തുടങ്ങി.

ആദ്യം റഡാര്‍ സംവിധാനത്തിന്റെ തകരാറാണെന്നാണ് നാവികര്‍ കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റഡാറിലെ അസ്വാഭാവിക സാന്നിധ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ വന്നു. 80000- 60000 അടി വരെ ഉയരത്തിലായിരുന്നു അവയില്‍ പലതും. 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുകൂടിയാണ് അവ സഞ്ചരിച്ചിരുന്നത്. പലപ്പോഴും 30,000 അടി വരെ താഴേക്ക് ഇവയെത്തിയെന്ന് റഡാര്‍ രേഖകള്‍ കാണിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് തുടര്‍ന്നതോടെ നാവിക സംഘം കൂടുതല്‍ ജാഗരൂഗരായി. ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് ഇവര്‍ക്ക് വൈകാതെ മനസിലായി. അഞ്ച് മുതല്‍ 10 എണ്ണം വരെയുള്ള കൂട്ടമായാണ് ഇവ കാണപ്പെട്ടത്. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ് കെവിന്‍ ഡേ 'ദ നിമിറ്റ്‌സ് എന്‍കൗണ്ടേഴ്‌സ്' എന്ന ഡോക്യുമെന്ററിയില്‍ പറയുന്നു. 

ഒരാഴ്ച നീണ്ട ഒളിച്ചുകളിക്കുശേഷം കെവിന്‍ ഡേ മേലുദ്യോഗസ്ഥരില്‍ നിന്നും മേഖലയില്‍ F/A-18s പോര്‍വിമാനങ്ങള്‍ നിരീക്ഷണത്തിന് പോകാനുള്ള അനുമതി നേടി. ഇതോടെയാണ് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു മൈല്‍ അകലത്തില്‍ ഈ പറക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മുട്ട നീട്ടിവലിച്ചതു പോലെ വെളുത്ത് മിനുസമുള്ള രൂപമെന്നായിരുന്നു ദൃശ്യങ്ങളില്‍ നിന്നും അവയെ മനസിലാക്കിയത്. എന്നാല്‍ പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ അപ്രത്യക്ഷമാകാന്‍ ഇവക്ക് എളുപ്പം സാധിച്ചതും ദുരൂഹത വര്‍ധിപ്പിച്ചു. 

2017ല്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ എടുത്ത ഈ 'പറക്കുംതളിക'യുടെ വിഡിയോ പുറത്തായതോടെയാണ് വീണ്ടും വിഷയം ചര്‍ച്ചയാകുന്നത്. അകലെ കാണുന്ന വസ്തുക്കളെ മനസിലാക്കാന്‍ പോര്‍വിമാനത്തിലെ പൈലറ്റുമാര്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വ്യക്തമാണ്. അന്നത്തെ പ്രിന്‍സ്റ്റണ്‍ പടക്കപ്പലിലുണ്ടായിരുന്നവര്‍ക്ക് ഇന്നും ആ പറക്കും തളികകളെക്കുറിച്ച് വ്യക്തതയില്ല. 

പറക്കും തളികയെ കണ്ട സംഭവത്തിന് പിന്നാലെ രണ്ട് സൈനികര്‍ പടക്കപ്പലിലെത്തുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഡിയോ, റഡാര്‍ രേഖകളും കൊണ്ടുപോവുകയും ചെയ്തു. വൈകാതെ ഒരു ഹെലിക്കോപ്റ്ററില്‍ പ്രത്യേക സംഘം തന്നെയെത്തി കപ്പലിലെ അതീവരഹസ്യരേഖകള്‍ അടക്കം കൊണ്ടുപോവുകയും ചെയ്തുവെന്നും പേരുവെളിപ്പെടുത്താത്ത അന്നത്തെ പടകപ്പലിലെ ഒരു അംഗം പോപുലര്‍ മെക്കാനിക്‌സ് എന്ന ശാസ്ത്ര സാങ്കേതിക മാസികയോട് വെളിപ്പെടുത്തി. 

അന്നത്തെ F/A-18 പോര്‍ വിമാനം പറത്തിയിരുന്ന പൈലറ്റുമാരില്‍ ഒരാളായ കമാന്റര്‍ ഡേവിഡ് ഫ്രേവറും സുപ്രധാന വെളിപ്പെടുത്തല്‍ നടത്തി. അന്ന് കണ്ട കാഴ്ചകളുടെ വളരെ വലിയ ഭാഗം പിന്നീട് നഷ്ടമായെന്നാണ് ഫ്രേവര്‍ പറഞ്ഞത്. സെക്കന്റുകള്‍ മാത്രം നീളമുള്ള ഈ ചെറു വിഡിയോയല്ല അന്ന് പകർത്തിയത്. ആകാശത്തെ ആ പറക്കും വസ്തുക്കളെ മണിക്കൂറുകള്‍ കണ്ടുവെന്നാണ് പ്രിന്‍സ്റ്റണിലുണ്ടായിരുന്ന ജാസണ്‍ ടര്‍ണറും പറയുന്നത്.

English Summary: US Navy,  UFO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA