ADVERTISEMENT

ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തെത്തുന്ന മനുഷ്യരുടെ ശരീരത്തില്‍ പല മാറ്റങ്ങളും കണ്ടുവരാറുണ്ട്. ഇപ്പോഴിതാ ചില സഞ്ചാരികള്‍ ബഹിരാകാശത്തെത്തുമ്പോള്‍ അവരുടെ രക്തയോട്ടം തലകീഴാവുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. രണ്ട് ബഹിരാകാശ സഞ്ചാരികളിലാണ് രക്തയോട്ടം തലകീഴായതായി കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പലയിടത്തും ചെറിയതോതില്‍ രക്തം കട്ടപിടിച്ചെങ്കിലും ഗുരുതരസാഹചര്യം ഒഴിവായി.

മനുഷ്യന്റെ കഴുത്തിലെ ഞരമ്പുകളാണ് രക്തചംക്രമണം സാധാരണഗതിയില്‍ തുടരാന്‍ ശരീരത്തെ സഹായിക്കുന്നത്. തലയിലേക്കും തലയില്‍ നിന്നുമുള്ളതുമായ രക്തയോട്ടം നിര്‍ണ്ണായകവുമാണ്. നമ്മള്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഇവ ഭാഗീകമായി തടസപ്പെടുകയും തലയില്‍ നിന്നും മുഴുവനായി രക്തം വാര്‍ന്നുപോകുന്നത് തടയുകയും ചെയ്യുന്നു.

ചിലരില്‍ രക്തയോട്ടം തലതിരിഞ്ഞുപോകുന്ന പ്രവണത കണ്ടുവരാറുണ്ട്. അത് കഴുത്തിലെ രക്തക്കുഴലുകളുകളില്‍ തടസം നേരിടുമ്പോഴാണ്. ഇതിന് പിന്നിലെ കാരണമാവുക പലപ്പോഴും നെഞ്ചിലോ അനുബന്ധമായോ വളരുന്ന മുഴകളോ തടിപ്പുകളോ ആയിരിക്കും. എന്നാല്‍ തികച്ചും വ്യത്യസ്തമാണ് ബഹിരാകാശത്തെ അവസ്ഥ.

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികളായി പോയ ഒൻപത് പുരുഷന്മാരിലും രണ്ട് സ്ത്രീകളിലുമാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവര്‍ ദൗത്യം തുടങ്ങും മുൻപ് അള്‍ട്രാസൗണ്ട് സ്‌കാനുകള്‍ എടുത്തു. 50 ദിവസം മുതല്‍ 150 ദിവസം വരെ നീളുന്നതായിരുന്നു ഇവരുടെ ബഹിരാകാശ യാത്രകള്‍. ഈ യാത്രികരില്‍ രണ്ടുപേര്‍ക്കാണ് രക്തയോട്ടം തലതിരിഞ്ഞതായി കണ്ടെത്തിയത്. ഗുരുത്വാകർഷണമില്ലാത്ത സാഹചര്യത്തില്‍ നെഞ്ചിലെ അവയവങ്ങളില്‍ പലതിനും നേരിയ സ്ഥാനചലനമുണ്ടായതും തുടര്‍ന്ന് പല ഞരമ്പുകളിലും കൂടുതലായി സമ്മര്‍ദം അനുഭവപ്പെടുകയും ചെയ്തതാണ് ഇതിന് കാരണമായത്.

രണ്ടു പേരിലാണ് ചെറിയ തോതില്‍ രക്തം കട്ടപിടിച്ച പാടുകള്‍ കണ്ടെത്തിയത്. ഇത് പ്രഥമ ദൃഷ്ട്യാ ഗുരുതരമല്ലെങ്കിലും രക്തം കട്ടപിടിച്ചത് ശ്വാസകോശത്തിലെത്തിയാല്‍ അപകടമാകും. അതുകൊണ്ട് ഇത് കണ്ടെത്തിയ സഞ്ചാരികളില്‍ ഒരാള്‍ക്ക് വേഗത്തില്‍ രക്തം കട്ടപിടിക്കാതിരിക്കുള്ള മരുന്ന് നല്‍കുകയും ചെയ്തു. രണ്ടാമത്തെ സഞ്ചാരി ഭൂമിയിലെത്തിയതിന് ശേഷമായിരുന്നു ചെറിയ തോതില്‍ രക്തം കട്ടപിടിച്ചകാര്യം തിരിച്ചറിഞ്ഞത്.

ഒരു പുരുഷനും സ്ത്രീക്കുമാണ് ഇത്തരത്തില്‍ രക്തയോട്ടം തലതിരിയുകയും രക്തം കട്ടപിടിക്കുകയും ചെയ്തത്. ബഹിരാകാശ സഞ്ചാരികളായ സ്ത്രീകളില്‍ പലരും മാസമുറ നീട്ടുന്നതിന് മരുന്നു കഴിക്കുക പതിവുണ്ട്. പുതിയ കണ്ടെത്തലിന്റെ സാഹചര്യത്തില്‍ ഇത്തരത്തില്‍ മരുന്നുകള്‍ കഴിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.

English Summary: Zero gravity made some astronauts’ blood flow backwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com