ADVERTISEMENT

ആദിമമനുഷ്യന്‍ പിറന്നുവീണത് ആഫ്രിക്കയിലാണെന്ന് ശാസ്ത്രം അംഗീകരിച്ചിട്ട് കാലങ്ങളായി. എന്നാല്‍ ആഫ്രിക്കയിലെ ഉത്തര ബോട്‌സ്വാനയിലാണ് മനുഷ്യന്‍ ആദ്യമായി ജീവിച്ചിരുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവിടെ പിറവിയെടുത്ത മനുഷ്യവംശം പിന്നീട് ആഫ്രിക്കയിലേക്കും ഇന്ത്യ ഉൾപ്പടെയുള്ള ഭൂമിയിലെ തന്നെ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു.

 

സാംബസി നദിയുടെ തെക്ക് ഭാഗത്ത് വടക്കന്‍ ബോട്‌സ്വാനയും നമീബിയയുടെയും സിംബാബ്‌വെയുടെയും ചിലഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗമാണ് രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ഹോമോ സാപിയന്‍സ് എന്ന മനുഷ്യവര്‍ഗം പിറന്നതെന്നാണ് കണ്ടെത്തല്‍. നാച്ചുര്‍ മാഗസിനിലാണ് പഠനം പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ തികച്ചും അനുകൂലമായതിനാല്‍ ഏതാണ്ട് 70000 വര്‍ഷക്കാലത്തോളം മനുഷ്യര്‍ ഈ ഭാഗത്ത് തന്നെയാണ് താമസിച്ചത്. പിന്നീട് കാലാവസ്ഥാ മാറ്റവും പ്രകൃതിയിലെ പ്രതിസന്ധികളും വന്നതോടെ മറ്റു പ്രദേശങ്ങളിലേക്ക് മാറുകയായിരുന്നു. 

 

'ഏതാണ്ട് രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ആഫ്രിക്കയിലാണ് മനുഷ്യര്‍ ആദ്യമായി ജനിച്ചതെന്ന് അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ആഫ്രിക്കയില്‍ ഏത് പ്രദേശത്തായിരുന്നു മനുഷ്യന്‍ ആദ്യം താമസിച്ചത് എന്നത് തര്‍ക്കവിഷയമായിരുന്നു. ഇതിന്റെ ഉത്തരമാണ് ഞങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്' ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിഡ്‌നി സര്‍വകലാശാലയിലെ വനേസ ഹയേസ് പറയുന്നു.

 

ഡിഎന്‍എ പരിശോധനയിലൂടെയാണ് ഗവേഷകര്‍ മനുഷ്യന്റെ ഭൂമിയിലെ ആദ്യ നാട് കണ്ടെത്താന്‍ ശ്രമിച്ചത്. ഇതിനായി നമീബിയയിലേയും ദക്ഷിണാഫ്രിക്കയിലേയും ബോട്‌സ്വാനയിലേയുമെല്ലാം വിവിധ ഗോത്രവിഭാഗങ്ങളിലുള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ ലഭ്യമായ അറിവു പ്രകാരം ഏറ്റവും പുരാതന മനുഷ്യഗോത്രത്തിലെ മനുഷ്യരുമായി ബന്ധമുള്ളവരുടെ വരെ മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ ലഭിച്ചു.

 

ഇതെല്ലാം വിരല്‍ ചൂണ്ടിയത് ആഫ്രിക്കയില്‍ രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് സജീവമായിരുന്ന വമ്പന്‍ തടാകം നിലനിന്ന പ്രദേശത്തേക്കാണ്. വിക്ടോറിയ തടാകത്തിന്റെ രണ്ടിരട്ടി വലുപ്പമുണ്ടായിരുന്നു ഈ ഭീമന്‍ തടാകത്തിന്. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെ തുടര്‍ന്ന് ഈ തടാകം പിളര്‍ന്ന് പലതാവുകയും മേഖലയില്‍ ചതുപ്പു നിലങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഈ സമയത്താണ് ആദിമമനുഷ്യന്‍ മേഖലയില്‍ ജന്മമെടുത്തതെന്നാണ് കരുതപ്പെടുന്നത്. അവര്‍ക്ക് ജീവിക്കാനാവശ്യമായതെല്ലാം ഈ ചതുപ്പു നിലങ്ങള്‍ നല്‍കി. മേഖലയിലെ സുസ്ഥിര സാഹചര്യങ്ങളുടെ സഹായത്തില്‍ എഴുപതിനായിരം വര്‍ഷത്തോളമാണ് മനുഷ്യര്‍ ഇവിടെ സുഖമായി താമസിച്ചത്. വൈകാതെ ഭൂമിക്കടിയിലെ ഭൗമപാളികളുടെ നീക്കം വീണ്ടും സജീവമാവുകയും മേഖഖലയിലെ ഭൂപ്രകൃതിയില്‍ വീണ്ടും മാറ്റമുണ്ടാവുകയും ചെയ്തു. 

 

ഇതോടെ ഏകദേശം 130000 വര്‍ഷത്തിനും 110000വര്‍ഷത്തിനും ഇടയിലുള്ള കാലത്ത് മനുഷ്യര്‍ ആഫ്രിക്കയിലെ മറ്റു ഭാഗങ്ങളിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കും കുടിയേറാന്‍ ആരംഭിച്ചു. ആദ്യ പ്രധാന കുടിയേറ്റം വടക്കു കിഴക്കന്‍ മേഖലലേക്കും രണ്ടാമത്തേത് തെക്കു പടിഞ്ഞാറന്‍ മേഖലയിലേക്കുമാണ് സംഭവിച്ചത്. അതേസമയം ഒരു വിഭാഗം ജനങ്ങള്‍ ജന്മനാട് വിട്ടുപോകാന്‍ തയാറാകാതെ പ്രതികൂല കാലാവസ്ഥയോട് മല്ലടിച്ച് നില്‍ക്കുകയും ചെയ്തു. അത്തരക്കാരുടെ പിന്‍തലമുറക്കാര്‍ ഇന്നും ബോട്‌സ്വാനയിലും മറ്റുമുണ്ട്. 

 

ഒരുകാലത്ത് തടാകമായിരുന്ന ആഫ്രിക്കയിലെ പ്രദേശം ഇപ്പോള്‍ മരുഭൂമിയാണ്. ഭൂരിഭാഗം ബോട്‌സ്വാനയിലും ബാക്കി നമീബിയയിലും ദക്ഷിണാഫ്രിക്കയിലുമായുള്ള കലഹാരി മരുഭൂമിയാണിത്. ഈ പ്രദേശം തിരിച്ചറിയാനാകാത്ത വിധം മാറിയെങ്കിലും ഇവിടങ്ങളില്‍ താമസിക്കുന്ന ഗോത്ര വര്‍ഗക്കാരുടെ ഡിഎന്‍എകള്‍ക്ക് ഈ നാടിന്റെയും മനുഷ്യകുലത്തിന്റെ തന്നെയും കഥപറയാന്‍ ശേഷിയുണ്ടെന്നാണ് പഠനങ്ങളിലൂടെ തെളിഞ്ഞത്. 9000 വര്‍ഷം മുൻപാണ് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ ഇന്ത്യയിലേക്ക് എത്തുന്നത്. അവരാണ് ആദ്യത്തെ ഇന്ത്യക്കാരും.

English Summary: Ancestral home of modern humans is in Botswana, study finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com