ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ഇറങ്ങിയ സമയത്തെ വേഗം കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി. ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ബഹിരാകാശ വകുപ്പ് കൈകാര്യം ചെയ്യുന്ന സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടന്നില്ല. കന്നി ശ്രമത്തിൽ തന്നെ ചന്ദ്രോപരിതലത്തിൽ മൃദുവായ ലാൻഡിങ് നടത്താമെന്ന ഇസ്രോയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് അന്ന് സംഭവിച്ചത്. ആദ്യഘട്ടത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 7.4 കിലോമീറ്ററിലേക്ക് താഴ്ത്തുമ്പോൾ വേഗം സെക്കൻഡിൽ 1,683 മീറ്ററിൽ നിന്ന് സെക്കൻഡിൽ 146 മീറ്ററായി കുറച്ചതായും സിങ് പറഞ്ഞു.

 

ഇറങ്ങുന്നതിന്റെ രണ്ടാം ഘട്ടത്തിലെ വേഗം പ്ലാൻ ചെയ്തതിനേക്കാൾ കൂടുതലായിരുന്നു. ഇതിനാലാണ് പേടകത്തിന്റെ സഞ്ചാരവഴിയിൽ വ്യതിയാനം സംഭവിച്ചത്. തൽഫലമായി വിക്രം നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി. നിയുക്ത ലാൻഡിങ് സൈറ്റിന്റെ 500 മീറ്റർ അകലെയാണ് ലാൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

വിക്ഷേപണം, ഓർബിറ്റ് ഉയർത്തലും താഴ്ത്തലും, ലാൻഡർ വേർതിരിക്കൽ, ഡി-ബൂസ്റ്റ്, ഹാർഡ് ബ്രേക്കിങ് ഘട്ടം എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക പ്രകടനത്തിന്റെ മിക്ക ഘടകങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി സിങ് പറഞ്ഞു. ശാസ്ത്രീയ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട്, ഭ്രമണപഥത്തിന്റെ എട്ട് അത്യാധുനിക ശാസ്ത്രീയ ഉപകരണങ്ങളും പ്ലാൻ അനുസരിച്ച് പ്രവർത്തിക്കുകയും വിലയേറിയ ശാസ്ത്രീയ ഡേറ്റ നൽകുകയും ചെയ്യുന്നു. കൃത്യമായ വിക്ഷേപണവും കുറഞ്ഞ ഇന്ധനം ഉപയോഗിച്ചുള്ള ഭ്രമണപഥം ഉയർത്തലും കാരണം ഓർബിറ്ററിന്റെ ദൗത്യം ഏഴു വർഷമായി ഉയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ഓർബിറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങൾ ശാസ്ത്ര സമൂഹത്തിന് തുടർച്ചയായി നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഡൽഹിയിൽ സംഘടിപ്പിച്ച അഖിലേന്ത്യാ യൂസർ മീറ്റിലും ഇത് അവലോകനം ചെയ്തു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ അടങ്ങിയ തദ്ദേശീയമായി വികസിപ്പിച്ച ചന്ദ്രയാൻ -2 ബഹിരാകാശ പേടകം ജൂലൈ 22 നാണ് ജിഎസ്എൽവി എംകെ III-എ1 ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചത്. അടുത്ത വർഷം നവംബറിൽ ചന്ദ്രയാൻ -3 വിക്ഷേപിക്കാൻ ഇസ്‌റോ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: Chandrayaan-2: Vikram Hard Landed Within 500 Metres of Landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com