sections
MORE

അന്ന് അമ്മയാണ് അവളെ രക്ഷിച്ചത്, ഇന്ന് ലോകം കീഴടക്കിയ മിടുക്കിയും

Stephen-Hawking-Albert-Einstein-adhara
SHARE

ഐക്യു അഥവാ ഇന്റലിജന്‍സ് കോഷ്യെന്റ് പരിഗണിച്ചാല്‍ മെക്‌സിക്കോ സിറ്റിയില്‍ ജീവിക്കുന്ന ആധാരാ പെരെസ് (Adhara Pérez) എന്ന എട്ടു വയസുകാരി ലോകം കണ്ട ശാസ്ത്രജ്ഞരെക്കാള്‍ മിടുക്കു കാട്ടിയേക്കാമെന്നാണ് നിഗമനം. ശാസ്ത്ര ലോകത്തെ മിടുമിടുക്കരായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനും സ്റ്റീഫന്‍ ഹോക്കിങ്ങിനും ഐക്യു ഏകദേശം 160 ആയിരിക്കുമെന്നാണ് പറയുന്നത്. ആധാരയ്ക്ക് ഐക്യൂ 162 ആണ്. ലോകം കണ്ടിരിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരെയെല്ലാം പിന്നിലാക്കാനുള്ള കഴിവ് അവള്‍ക്കുണ്ടാകാമെന്നു കരുതുന്നു. വെറും ഐക്യു അല്ല ആധാരയുടെ മാറ്റ് വെളിവാക്കുന്നത്. ഇതുവരെയുള്ള നേട്ടങ്ങളും അവളെക്കുറിച്ച് വാചാലയാകുന്നു. കൂട്ടുകാരുടെ കളിയാക്കലുകളിലും മറ്റും പതറാതെയാണ് ഇതെല്ലാം നേടിയതെന്നത് ഇരട്ടി മധുരം നല്‍കുന്നു.

ആധാരയുടെ ജീവിതം 

കുട്ടിക്കു മൂന്നു വയസുള്ളപ്പോഴാണ് ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രം ( Asperger's syndrome) ബാധിച്ചത്. ഓട്ടിസത്തിന്റെ പരിധിയില്‍ നിന്നു നോക്കിയാല്‍ കൂടിവരാവുന്ന ഒരു അസുഖമാണിത്. ഇതുള്ളവര്‍ക്ക് സാമൂഹികമായ ഇടപെടലുകള്‍ ബുദ്ധിമുട്ടായിരിക്കും. കൂടാതെ വാക്കാലല്ലാത്ത ആശയവിനിമയം വഷമകരവുമായിരിക്കും. എന്നാല്‍ ചില ഓട്ടിസത്തിന്റെ വകഭേദങ്ങളില്‍ കാണാവുന്നതു പോലെ, ആവര്‍ത്തന പെരുമാറ്റ രീതികള്‍ (repetitive behaviours patterns) ദൃശ്യമാകും. എന്നുപറഞ്ഞാല്‍ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രം ബാധിച്ച കുട്ടികള്‍ക്ക് ചില പ്രത്യേക കാര്യങ്ങളില്‍ അസൂയാവഹമായ ശേഷികള്‍ കൈവരിക്കാനാകും. ഉദാഹരണത്തിന് പിയാനോ വായിക്കല്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ പലതിലും. കാരണം തങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഒരു കാര്യത്തില്‍ കേന്ദ്രീകരിക്കാന്‍ ഇത്തരക്കാര്‍ക്കു സാധിക്കും.

'താരെ സമീന്‍ പര്‍' സാഹചര്യം

എന്നാല്‍ ആധാരയുടെ അവസ്ഥ മനസിലാക്കാന്‍ കഴിവുള്ളവരല്ലല്ലോ സ്‌കൂളിലെ അവളുടെ കൊച്ചു കൂട്ടുകാര്‍. അവരില്‍ നിന്ന് കളിയാക്കലുകളാണ് അവള്‍ക്കു ലഭിച്ചത്. സ്‌കൂളിനടുത്തുള്ള ഒരു കൊച്ചു വീട്ടില്‍ ഒറ്റയ്ക്കു കളിച്ചുകൊണ്ടിരുന്ന അവളെ കൂട്ടുകാര്‍ പൂട്ടിയിട്ടശേഷം പുറത്തുനിന്നു 'കിറുക്കുള്ളവളെ, വിചിത്ര സ്വഭാവക്കാരി' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.

എന്നാല്‍, കൂട്ടുകാരുടെ ഇത്തരം പ്രവൃത്തികള്‍ അവളെ അഗാധമായ വിഷാദത്തിലേക്കു തള്ളിയിട്ടതായി അമ്മ പറഞ്ഞു. സ്‌കൂളിലേക്കു പോകാന്‍ താത്പര്യം കാട്ടാതെയായി. ക്ലാസിലിരുന്ന് ഉറങ്ങും. ഒന്നിലും ഒരു താത്പര്യവും കാണിക്കാതെയായി എന്നും അമ്മ നാലെലി പറയുന്നു. എന്നാല്‍ ഭാഗ്യവശാല്‍ അമ്മ ഒരു കാര്യം ശ്രദ്ധിച്ചു. സ്‌കൂളിലെ പോലെയല്ല വീട്ടില്‍ കുട്ടിയുടെ പെരുമാറ്റം എന്നവര്‍ കണ്ടെത്തി. വീട്ടില്‍ അവള്‍ ഉന്മേഷവദിയും സാമർഥ്യക്കാരിയുമായിരുന്നു. അതിനാല്‍ പരമ്പരാഗത സ്‌കൂളല്ല തന്റെ കുട്ടിക്കു വേണ്ടതെന്ന തീരുമാനത്തിലെത്തുകയായരുന്നു അമ്മ. കുട്ടിയെ തെറാപ്പിക്കു വിധേയയാക്കിയപ്പോഴാണ് അവളുടെ  ഐക്യു കഴിവ് വെളിപ്പെട്ടത്. ഇതേത്തുടര്‍ന്ന് പഠനം ശീഘ്രഗതിയിലാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കവള്‍ കടക്കുന്നതിനു മുൻപ് എലമെന്ററി സ്‌കൂള്‍ വിദ്യാഭ്യാസം കേവലം അഞ്ചാം വയസില്‍ പൂര്‍ത്തിയാക്കി. യൂപി സ്‌കൂള്‍ പഠനം അടുത്ത വര്‍ഷവും, ഹൈ സ്‌കൂള്‍ പഠനം എട്ടാം വയസിലും പൂര്‍ത്തിയാക്കി. 

ഇപ്പോള്‍ ഒരേസമയം രണ്ടു ഡ്രിഗികള്‍ കരസ്ഥമാക്കാനുള്ള യത്‌നത്തിലാണ് കൊച്ച് ആധാര. ഗണിതശാസ്ത്രത്തിലെ ഇന്‍ഡ്‌സ്ട്രിയല്‍ എൻജിനീയറിങ്ങിലും സിസ്റ്റംസ് എൻജിനീയറിങ്ങിലും ബിരുദം സമ്പാദിക്കാനാണിപ്പോള്‍ കുട്ടി ശ്രമിക്കുന്നത്. തന്റെ ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകവും കുട്ടി രചിച്ചു കഴിഞ്ഞു. ഉചിതമായ പേരാണ് പുസ്തകത്തിനു നല്‍കിയിരിക്കുന്നത്. പരാജയം സമ്മതിക്കരുതേ (Don't Give Up) എന്നാണ് തര്‍ജ്ജമ. തുടര്‍ന്ന് മെക്‌സിക്കോയിലെ 100 ശക്തരായ സ്ത്രീകളുടെ പട്ടികയല്‍ ഫോര്‍ബ്‌സ് ആധാരയെ ഉൾപ്പെടുത്തി.

എന്നാല്‍ കുട്ടികള്‍ക്ക് ആവേശം പകരുന്ന ഒരു പുസ്തകം എഴുതി എന്ന കാര്യത്തില്‍ ആധാരയ്ക്ക് വലിയ സന്തോഷമൊന്നുമില്ല. ഇപ്പോളവള്‍ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ വികാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന ഒരു വള നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഭിന്ന ശേഷിക്കാര്‍ ഈ വള അണിഞ്ഞാല്‍ അവരുടെ മാതാപിതാക്കള്‍ക്കും അവരെ നോക്കാന്‍ നില്‍ക്കുന്നവര്‍ക്കും കുട്ടികള്‍ക്ക് അസുഖം മൂര്‍ച്ഛിക്കാന്‍ പോകുന്നു എന്ന കാര്യവും വൈകാരികമായ ഒച്ചയെടുക്കല്‍ നടത്താന്‍ പോകുന്നുവെന്നും മറ്റും കാലേക്കൂട്ടി മനസിലാക്കാന്‍ സാധിക്കും. ഇതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയോ സമാധാനിപ്പിക്കുകയോ എല്ലാം ചെയ്യാം.

ഭാവിയില്‍ അമേരിക്കയിലേക്കു പോകാനാണ് ആധാരയ്ക്ക് ആഗ്രഹം. അവിടെ തന്റെ സ്വപ്‌ന വിദ്യാലയമായ യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയുടെ പ്രവേശന പരീക്ഷ കടക്കുക എന്നതായിരിക്കും ആദ്യ ലക്ഷ്യം. അതിനുള്ള ആദ്യ പടിയായി ഇംഗ്ലിഷ് പഠിക്കുകയാണ് ഇവളിപ്പോള്‍. ആര്‍ക്കറിയാം അവളുടെ പേര് ലോകത്തെ ഏറ്റവും മികച്ച അസ്‌ട്രോ ഫിസിസിറ്റുകളുടെ കൂട്ടത്തിലോ, ആരോഗ്യ രംഗത്തെ ഗവേഷകരുടെ കൂട്ടത്തിലോ, അതിനേക്കാളൊക്കെ ഉന്നതമായ പദവികളിലോ കേട്ടേക്കാമെന്ന്.

English Summary: Girl, 8, with Asperger’s, bullied at school, has higher IQ than Einstein and Hawking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA