ADVERTISEMENT

വിധിയോ യാദൃശ്ചികതയോ എന്നറിയില്ല, ചന്ദ്രയാന്‍-2 ന്റെ കുതിപ്പ് നടന്നത് ഇന്ത്യന്‍ സ്‌പെയ്‌സ് റിസേര്‍ച് ഓര്‍ഗനൈസേഷന്റെ (ഇസ്രോ) അമ്പതാം പിറന്നാള്‍ വര്‍ഷമാണ്. സ്ഥാപനത്തിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ സംഭവബഹുലമാണ്. ഇസ്രോയുടെ കരുത്തില്‍ ലോകത്തെ എണ്ണം പറഞ്ഞ ബഹിരാകാശ ശക്തികളിലൊന്നായി തീര്‍ന്നിരിക്കുകയാണ് ഇന്ത്യ. 1963 നവംബർ 21 നാണ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് തുമ്പയിൽ നിന്ന് കുതിച്ചുയർന്നതും.

 

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്കു തുടക്കമാകുന്നത് 1969, ഓഗസ്റ്റ് 15നാണ്. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ തന്നെ തങ്ങളുടെ ആദ്യ നേട്ടം കൈവരിക്കുകയായിരുന്ന സ്ഥാപനം. 1975 ഏപ്രില്‍ 15ന് ആദ്യ ഉപഗ്രഹമായ ആര്യഭട്ട, സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ബഹിരാകാശത്തേക്കു തൊടുത്തു ചരിത്രം കുറിച്ചു. ആര്യഭട്ടയ്ക്ക് 360 കിലോഗ്രാം തൂക്കവും ആറുമാസത്തെ ആയുസുമായിരുന്നു ഉണ്ടായിരുന്നത്. ഇത് 'ചെറിയ ചുവടുവയ്‌പ്പായിരുന്നെങ്കിലും വന്‍ കുതിപ്പായിരുന്നു' ഇന്ത്യയ്ക്ക് നല്‍കിയത്.

 

ഇസ്രോ കൈവരിച്ച പുരോഗതിയുടെ വ്യാപ്തി 1975ലെ ആര്യഭട്ടയും, 2019ലെ ചന്ദ്രയാന്‍-2ഉം തമ്മില്‍ താരതമ്യം ചെയ്താല്‍ മനസിലാകും. ഈ കാലയളവിനുളളില്‍ 105 ഇന്ത്യന്‍ ഉപഗ്രഹങ്ങളെയാണ് ഇസ്രോ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ സ്വന്തമായി വിക്ഷേപണ സിസ്റ്റങ്ങള്‍ സൃഷ്ടിക്കുന്നതിലും വിജയിച്ചു. ഇതുപയോഗിച്ച് 75 വിക്ഷേപണങ്ങള്‍ നടത്തി. രണ്ടു തവണ ചന്ദ്രനിലെത്തി. ചൊവ്വയെ ചുറ്റുന്ന ഒരു ശൂന്യാകാശവാഹനം വിജയകരമായി വിക്ഷേപിച്ചു. ഇതു കൂടാതെ 33 രാജ്യങ്ങള്‍ക്കായി 297 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചു. ഇതിനു പുറമെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത 10 സാറ്റലൈറ്റുകളും വിക്ഷേപിച്ചു.

 

എന്നാല്‍ എല്ലാ വലിയ സ്ഥാപനങ്ങള്‍ക്കും സംഭവിച്ചിരിക്കുന്നതു പോലെ ചില പാളിച്ചകളും പരാജയങ്ങളും ഇസ്രോയ്ക്കും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയും ഇസ്രോയുടെ കാര്യത്തില്‍ മാറ്റമുണ്ട്. പരാജയങ്ങള്‍ താരതമ്യേന കുറവായിരുന്നുവെന്ന് ചരിത്രം പറയുന്നു.

 

ഇസ്രോ ഇതുവരെ വിക്ഷേപിച്ച 75 സാറ്റലൈറ്റുകളില്‍ എട്ടെണ്ണം മാത്രമായിരുന്നു പരാജയം. ഇവ കൂടാതെ രണ്ട് ഉപഗ്രഹങ്ങള്‍ അവയുടെ ഭ്രമണപഥത്തിലെത്തിയ ശേഷം പരാജയപ്പെട്ടിട്ടുണ്ട്. അതു കൂടാതെ ഒരെണ്ണം ഭാഗികമായി പരാജയപ്പെട്ടിട്ടുണ്ട്.

 

ഇസ്രോ ഇതുവരെ ഏറ്റെടുത്തു നടപ്പിലാക്കിയ ദൗത്യങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണം ചന്ദ്രയാന്‍-2 തന്നെയായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍-1നുമുണ്ട് അവകാശപ്പെടാന്‍ അസൂയാവഹമായ ഒരു നേട്ടം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ജലസാന്നിധ്യം ഉണ്ടെന്ന നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത് ഈ ദൗത്യത്തിനുള്ള പങ്ക് വലുതാണ്. ഇത് ലോകവ്യാപകമായി ശാസ്ത്രജ്ഞന്മാരില്‍ ജിജ്ഞാസ വളര്‍ത്തിയെന്ന് എടുത്തു പറയേണ്ട കാര്യമാണ്.

 

ഇസ്രോ അടുത്തതായി പുതിയ മേഖലകളിലേക്കു കടക്കുകയാണ്. യാത്രികരെ ബഹിരാകശത്തെത്തിക്കാനുള്ള ബ്രഹത് പദ്ധതിയാണ് മിഷന്‍ ഗഗന്‍യാന്‍ ('mission Gaganyaan' ) ഇനി പ്രധാനപ്പെട്ട ഒരു ദൗത്യം. ഇതില്‍ മൂന്ന് ഇന്ത്യക്കാര്‍ 2022ല്‍ ബഹിരാകാശത്തേക്കു കുതിക്കുമെന്നാണ് കരുതുന്നത്. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോയ ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡറിന് പിൻഗാമിയായി ചന്ദ്രയാന്‍–3 ദൗത്യത്തിനൊരുങ്ങുകയാണ് ഇസ്രോ എന്തായാലും ഇസ്രോയുടെ യാത്ര അവസാനിക്കുകയല്ല. കരുത്തോടെ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com