ADVERTISEMENT

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി) റോക്കറ്റ് നവംബർ 27 ന് രാവിലെ 9.28 ന് ടേക്ക് ഓഫ് ചെയ്യും. ലിഫ്റ്റ് ഓഫ് ചെയ്തതിന് ശേഷം 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം. പി‌എസ്‌എൽ‌വി-എക്സ്എൽ വേരിയന്റാണ് സാറ്റലൈറ്റുകളെ ഭ്രമണപഥത്തിൽ എത്തിക്കുക.

 

വിക്ഷേപണത്തിൽ പ്രധാനമായും ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് -3 ഉപഗ്രഹം തന്നെയാണ്. യുഎസിൽ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും കൂടെ വിക്ഷേപിക്കും. ഇസ്‌റോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.

 

റോക്കറ്റ് പറന്നുയർന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാൽ കാർട്ടോസാറ്റ് -3 ഭ്രമണപഥത്തിൽ വിന്യസിക്കും. ബഹിരാകാശത്ത് ഇതിന് അഞ്ച് വർഷമാണ് കാലാവധി. ഉയർന്ന റെസലൂഷൻ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3. 97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിലാണ് കാർട്ടോസാറ്റ് -3 സ്ഥാപിക്കുക. നഗര വികസനം, ഗ്രാമീണ വിഭവ, അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ട ചിത്രങ്ങളും കാർട്ടോസാറ്റ് -3 നൽകും.

 

തൊട്ടുപിന്നാലെ യുഎസിന്റെ 13 നാനോ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് ഭ്രമണപഥത്തിലെത്തും. അവസാന നാനോ ഉപഗ്രഹം പി‌എസ്‌എൽ‌വി റോക്കറ്റിന്റെ ലിഫ്റ്റ് ഓഫിൽ നിന്ന് 26 മിനിറ്റ് 50 സെക്കൻഡിൽ ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് വിന്യസിക്കപ്പെടും.

യുഎസ് നാനോ ഉപഗ്രഹങ്ങളിൽ 12 എണ്ണം ഫ്ലോക്ക് -4 പി വിഭാഗത്തിൽപെട്ട ഭൂമി നിരീക്ഷണ ഉപഗ്രഹങ്ങളാണ്. പതിമൂന്നാമത്തേത് കമ്മ്യൂണിക്കേഷൻ ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്ബെഡുമാണ്.

 

44 മീറ്റർ ഉയരമുള്ള, ഏകദേശം 320 ടൺ ഭാരമുള്ള പി‌എസ്‌എൽ‌വി-എക്സ്എൽ നാല് സ്റ്റേജ് / എൻജിൻ റോക്കറ്റാണ്. ഇത് ഖര ദ്രാവക ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്നു. പ്രാരംഭ ഫ്ലൈറ്റ് ഘട്ടങ്ങളിൽ അധിക ഊർജ്ജം നൽകുന്നതിന് ആറ് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടോറുകളാണ് റോക്കറ്റിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com