ADVERTISEMENT

മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മാരകമായി മുറിവേറ്റവരെ, മരണം ഉറപ്പാക്കിയവരെ ശിതീകരണികളില്‍ സൂക്ഷിച്ചുവച്ച് പിന്നീട് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനെപ്പറ്റി അറിയാമോ? ഇതിന്റെ പേരാണ് സസ്പെൻഡഡ് ആനിമേഷൻ. നേരത്തെ തന്നെ മൃഗങ്ങളിലും മൽസ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച സംഭവമാണ് ഇപ്പോൾ മനുഷ്യരിലും പ്രയോഗിച്ചിരിക്കുന്നത്.

 

ഗുരുതരമായി പരിക്കേറ്റ രോഗികളെ രക്ഷിക്കാൻ ശസ്ത്രക്രിയാ വിദഗ്ധർക്ക് കൂടുതൽ സമയം ലഭിക്കാൻ വേണ്ടിയാണ് സസ്പെൻഡഡ് ആനിമേഷൻ ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ ഭാവിയില്‍ ഇതേ കണ്ടെത്തൽ ഗവേഷകർ കൂടുതൽ കാര്യങ്ങൾക്ക് ഉപയോഗിച്ചേക്കുമെന്നാണ് കരുതുന്നത്. സസ്പെൻഡഡ് ആനിമേഷൻ ഇത് ആദ്യമായാണ് ഡോക്ടർമാർ  മനുഷ്യരിൽ പരീക്ഷിക്കുന്നത്.

 

രോഗിയുടെ രക്തത്തിന് പകരം ഐസ്-കോൾഡ് സലൈൻ ലായനി ഉപയോഗിച്ച് തലച്ചോറിനെ മൈനസ് 10 ഡിഗ്രിയിൽ താഴെയാക്കി അതിവേഗം തണുപ്പിക്കുന്നതാണ് ഈ പ്രക്രിയ. സാധാരണഗതിയിൽ ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന ധമനിയായ അയോർട്ടയിലേക്ക് ലായനി നേരിട്ട് പമ്പ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതോടെ തലച്ചോറ് മരവിക്കും. തുടർന്ന് ശസ്ത്രക്രിയ നടത്താൻ വേണ്ട സമയം കിട്ടുകയും ചെയ്യും.

 

അടിയന്തിര സംരക്ഷണവും പുനരുജ്ജീവനവും (ഇപി‌ആർ) എന്നാണ് ഇതിനെ ഔദ്യോഗികമായി വിളിക്കുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ കേവലം അഞ്ചു ശതമാനം താഴെ സാധ്യതയുളള രോഗികളിലാണ് സസ്പെൻഡഡ് ആനിമേഷൻ പരീക്ഷിക്കുന്നത്. രക്തസ്രാവമുണ്ടായി മരിക്കാൻ സാധ്യതയുള്ളതും ഹൃദയാഘാതം നേരിടുന്നവരുമായ ആളുകൾക്ക് ഇത്തരം നടപടിക്രമങ്ങൾ പരീക്ഷിക്കപ്പെടുന്നു. പലപ്പോഴും കുത്തേറ്റോ വെടിവയ്പ്പിലോ ഇരകളായ രോഗികൾക്ക് അതിജീവിക്കാനുള്ള സാധ്യത 5 ശതമാനത്തിൽ താഴെയാണ്. ഇത്തരം രോഗികളിൽ സസ്പെൻഡഡ് ആനിമേഷൻ പ്രയോഗിക്കാം.

 

ബാൾട്ടിമോറിലെ മേരിലാൻഡ് സർവകലാശാലയിലെ സാമുവൽ ടിഷർമാൻ ആണ് പുതിയ പരീക്ഷണം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. കുറഞ്ഞത് ഒരു രോഗിയെങ്കിലും ഇതു പരീക്ഷിച്ചു എന്നാണ് സാമുവൽ പറഞ്ഞത്. എന്നാൽ ആ രോഗി അതിജീവിച്ചിട്ടുണ്ടോ എന്ന് വിശദീകരിച്ചിട്ടില്ല.

 

ഹൃദയാഘാതം സംഭവിക്കുന്നവരിൽ ഇത് പെട്ടെന്ന് തന്നെ നടപ്പിലാക്കിയാൽ തലച്ചോറിന്റെ പ്രവർത്തനം താറുമാറാകുന്നത് തടയാനാകും. ഇതുവഴി ശസ്ത്രക്രിയാ വിദഗ്ധർക്ക് വിലയേറിയ അധിക മിനിറ്റ്, ഒരുപക്ഷേ ഒരു മണിക്കൂറിൽ കൂടുതൽ സമയം വരെ ലഭിക്കുകയും ചെയ്യും. രോഗിയുടെ പരിക്കുകൾ പരിഹരിച്ചുകഴിഞ്ഞാൽ അവ പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം. എന്നാൽ വീണ്ടും പുനരുജ്ജീവിപ്പിക്കുമ്പോൾ കോശങ്ങൾക്ക് പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പന്നികളിൽ ഈ പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

എന്താണ് സസ്പെൻഡഡ് ആനിമേഷൻ?

 

മൂന്നു വർഷം മുൻപ് സോഷ്യൽമീഡിയകളിൽ വൈറലായ ഒരു വിഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഫ്രീസറിൽ നിന്നെടുത്ത, തണുത്ത ഐസ് പോലിരിക്കുന്ന മീനിനെ എടുത്ത് ജീവനുള്ള മീൻ ഓടിക്കളിക്കുന്ന ഒരു പാത്രത്തിലിടുന്നു. അഞ്ചു മിനിറ്റ് കൊണ്ട് മീനിന് ജീവൻ വയ്ക്കുന്നു. അദ്ഭുതകരമായിരുന്നു ആ സംഭവം. അതായത് ഫ്രീസറിൽ സസ്പെൻഡഡ് ആനിമേഷൻ എന്ന അവസ്ഥയിൽ ഇരുന്ന മീൻ ആണ് അനുകൂല സാഹചര്യം കൈവന്നപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വന്നതെന്ന് ചുരുക്കം.

 

വലിയ തടാകങ്ങളിലും ഐസ് മേഖലകളിലും കടുത്ത ശൈത്യത്തിൽ വെള്ളം തണുത്തുറയുമ്പോൾ മത്സ്യങ്ങൾ ചാകുന്നതിനു പകരം സസ്പെൻഡഡ് ആനിമേഷൻ എന്ന അവസ്ഥയിലേക്ക് പോകുന്നുണ്ടെന്നാണ് കണ്ടെത്തൽ. മാസങ്ങളോളം ഇങ്ങനെ മത്സ്യം ഐസില്‍ ഉറങ്ങിക്കിടന്നേക്കാം. അതിശൈത്യത്തിൽ തവളകളും ആമയുമൊക്കെ ഈ അവസ്ഥയിൽ ഇരിക്കാറുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

English Summary: Humans put into suspended animation for first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com