sections
MORE

വനിതകളെങ്കിലും ഓർത്തുവോ അസിമ ചാറ്റർജിയെ?

Asima-Chatterjee
SHARE

ഇന്ത്യയുടെ ശാസ്ത്ര ചരിത്രത്തിൽ ഒരു വനിത കൈവരിച്ച നേട്ടം സുവർണ്ണലിപികളിൽ എഴുതപ്പെട്ടിട്ട് എഴുപ്പത്തഞ്ചു വർഷം തികയുന്നു. ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ ഗവേഷണ ബിരുദം അല്ലെങ്കിൽ ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയാണ് അസിമ ചാറ്റർജി (Asima Chatterjee). 1944-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നാണ് അസിമ ഡോക്ടറേറ്റ് നേടിയത്. ശാസ്ത്രമേഖല പോകട്ടെ, ഉന്നത വിദ്യാഭ്യാസ രംഗത്തു പോലും വനിതാ സാന്നിധ്യം ഏറെ പരിമിതമായിരുന്ന ഒരു കാലത്തായിരുന്നു അസിമയുടെ ഇൗ അപൂർവ്വ നേട്ടം. 

1917 സെപ്റ്റംബർ 23-ന് കൽക്കട്ടയിലായിരുന്നു അസിമയുടെ ജനനം. സസ്യശാസ്ത്രത്തിൽ താൽപര്യമുണ്ടായിരുന്ന പിതാവ്  ഡോ. ഇന്ദ്രനയൻ മുഖർജിയുടെ അഭിനിവേശം മകളെയും പിടികൂടിയെന്നു പറയാം. ഭാരതത്തിലെ തനതു സസ്യങ്ങളുടെ ഔഷധഗുണമായിരുന്നു അസിമയുടെ പഠനലക്ഷ്യങ്ങളിൽ പ്രധാനം. 1930-കളിൽ സമൂഹം ഉയർത്തിയ എല്ലാ പ്രതിരോധങ്ങളെയും അവഗണിച്ച് കൽക്കട്ടയിൽ അവർ പഠനം തുടർന്നു. പരീക്ഷണ ശാലകളും ഉപകരണ സൗകര്യങ്ങളും ധനസഹായവും ഏറെക്കുറവായിരുന്നിട്ടും തന്റെ ഗവേഷണത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയാറായില്ല. 

ഒാർഗാനിക് കെമിസ്ട്രിയായിരുന്നു അസിമയുടെ പ്രധാന പ്രവർത്തന മേഖല. രസതന്ത്രത്തിൽ ബിരുദം നേടിയ ശേഷം നൊബേൽ പുരസ്ക്കാര ജേതാവ് പോൾ കാറ്ററുടെ കീഴിൽ ഉപരിപഠനം നടത്തി. വിദേശ സർവ്വകലാശാലകളിലെ പഠനഗവേഷണങ്ങൾക്കു ശേഷം 1950-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അസിമ ഒൗഷധ സസ്യങ്ങളുടെ രസതന്ത്രത്തേക്കുറിച്ചും അവയിലെ രാസപദാർഥങ്ങളുടെ ഒൗഷധ ഗുണങ്ങളെക്കുറിച്ചും പഠനം ആരംഭിച്ചു. അലോപ്പതിക് മരുന്നുകൾ പലതും അടിസ്ഥാനപരമായി സസ്യങ്ങളിലെ രാസപദാർഥങ്ങളാണെന്ന് ആളുകൾ തിരിച്ചറിയാത്ത കാലം. തന്റെ ഗവേഷണത്തിലൂടെ അപസ്മാരം, മലേറിയ, അർബുദം എന്നിവയ്ക്കെതിരായ പല മരുന്നുകളും വികസിപ്പിക്കുന്നതിൽ അവർ വിലപ്പെട്ട സംഭാവനകൾ ചെയ്തു. ആയുഷ്-56 എന്ന അപസ്മാര മരുന്ന് നിർമാണത്തിലേക്ക് എത്തിയത് അവരുടെ ഗവേഷണ ഫലമായിരുന്നു. 

1961-ൽ ഒൗഷധ സസ്യ വൈദ്യ ശാസ്ത്രത്തിൽ നൽകിയ സംഭാവനകൾക്ക് ഇന്ത്യയിലെ സമുന്നത ശാസ്ത്ര ഗവേഷണ പുരസ്ക്കാരമായ ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് നേടി. ഇൗ അവാർഡ് നേടുന്ന ആദ്യത്തെ വനിതയായിരുന്നു അസിമ. പിന്നെ 14 വർഷം കഴിഞ്ഞാണ് മറ്റൊരു വനിത ഇൗ നേട്ടത്തിലെത്തിയത്. 1975-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന്റെ ആദ്യ വനിതാ ജനറൽ പ്രസിഡന്റായി. The Treatise on Indian Medicinal  plants എന്ന ഗ്രന്ഥസമാഹാരത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ദേശീയ അന്തർ ദേശീയ ഗവേഷണ ജേർണലുകളിൽ നാനൂറോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. രാജ്യ സഭാംഗമായി പ്രവർത്തിച്ച അസിമയെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മരണമെത്തും വരെ  ആത്മാർഥമായി ജോലി ചെയ്യുമെന്ന തത്വശാസ്ത്രത്തിൽ വിശ്വസിച്ച ഭാരതത്തിന്റെ സമാനതകളില്ലാത്ത ഇൗ ശാസ്ത്ര വനിത 2006 നവംബർ 22-ന് അന്തരിച്ചു. വിദ്യാഭ്യാസ നേട്ടങ്ങളോളം വലിയ നവോഥാനമില്ലെന്ന് അസിമ ചാറ്റർജിയുടെ പോരാട്ടം നമ്മെ പഠിപ്പിക്കുന്നു.

ഡോ. സാബിൻ ജോർജ്

drsabingeorge10@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA