sections
MORE

ഇസ്രോയ്ക്ക് ചൈനീസ് വെല്ലുവിളി; എസ്എസ്എല്‍വി പരീക്ഷിക്കാൻ ഇന്ത്യയും

china-dragon
SHARE

സാറ്റലൈറ്റുകള്‍ കുറഞ്ഞ നിരക്കില്‍ കാര്യക്ഷമമായി ബഹിരാകാശത്തെത്തിക്കുന്നവര്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. ഈ രംഗത്തെ കച്ചവട സാധ്യത മുന്നില്‍ കണ്ട് രംഗത്തിറങ്ങുകയാണ് ചൈന. ചൈനയുടെ പുതിയ ബഹിരാകാശ റോക്കറ്റുകള്‍ വെല്ലുവിളിയാവുക നമ്മുടെ ഐഎസ്ആര്‍ഒക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. 

ചൈനീസ് റോക്കറ്റ് നിര്‍മാതാക്കളായ ചൈന റോക്കറ്റിന്റെ സ്മാര്‍ട് ഡ്രാഗണ്‍ എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റുകളാണ് പ്രധാന വെല്ലുവിളി. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കാനാണ് ചൈനീസ് പദ്ധതി. 

ഇന്ത്യയുടെ മിനി പിഎസ്എല്‍വി അഥവാ Small satellite launch vehicle (SSLV) ഈ വര്‍ഷാവസാനത്തോടെ തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്നെ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുള്ള എസ്എസ്എല്‍വിക്ക് അമേരിക്കയില്‍ നിന്നും ആദ്യ സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കാനുള്ള ബുക്കിങ്ങും ലഭിച്ചു കഴിഞ്ഞു. പിഎസ്എല്‍വി പോലുള്ള വന്‍ റോക്കറ്റുകളുടെ ഭാഗങ്ങള്‍ വിക്ഷേപണത്തിനായി കൂട്ടിയോജിപ്പിക്കാന്‍ മാത്രം 30 -40 ദിവസമെടുക്കുമെങ്കില്‍ എസ്എസ്എല്‍വിക്ക് വെറും മൂന്ന് മുതല്‍ അഞ്ച് ദിവസം മാത്രം സമയമേ ആവശ്യമുള്ളൂ. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വളരെപെട്ടെന്ന് സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിച്ചു കൊടുക്കാനാവുമെന്നതാണ് എസ്എസ്എല്‍വിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മാത്രമല്ല പിഎസ്എല്‍വിക്ക് 150 കോടിരൂപ ചെലവ് വരുമെങ്കില്‍ എസ്എസ്എല്‍വിയില്‍ ബഹിരാകാശത്തെത്താന്‍ പത്തിലൊന്ന് ചെലവേ വരുന്നുള്ളൂ.

എസ്ഡി1, എസ്ഡി 2, എസ്ഡി 3 എന്നിങ്ങനെ മൂന്നു വിഭാഗം സ്മാര്‍ട് ഡ്രാഗണ്‍ റോക്കറ്റുകളാണ് ചൈന നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. ഇതില്‍ എസ്ഡി 1ന് 200 കിലോഗ്രാമാണ് ശേഷി. കഴിഞ്ഞ ഓഗസ്റ്റ് 17ന് എസ്ഡി 1 ആദ്യ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എസ്ഡി 2 (500 കിലോഗ്രാം), എസ്ഡി 3 (1500 കിലോഗ്രാം) റോക്കറ്റുകളുടെ കന്നി ലോഞ്ചിങ് 2020 ലും 2021ലുമാണ് ലക്ഷ്യമിടുന്നത്. ചെറു സാറ്റലൈറ്റുകളുമായി ചൈനയുടെ ടെങ്‌ലോങ് റോക്കറ്റ് 2021ല്‍ കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്.

ഐഎസ്ആര്‍ഒക്ക് വെല്ലുവിളിയുയര്‍ത്താന്‍ ചൈന പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും നിലവില്‍ ബഹിരാകാശ വിപണിയില്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്കുള്ള സല്‍പേര് ഏറെ വലുതാണ്. പിഎസ്എല്‍വി തന്നെയാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രധാന വിശ്വാസ്യത. ഇതിവരെ 300 ൽ കൂടുതൽ വിദേശ സാറ്റലൈറ്റുകളെ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. ഒരൊറ്റ വിക്ഷേപണത്തില്‍ 104 സാറ്റലൈറ്റുകളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചതിന്റെ ലോകറെക്കോഡും പിഎസ്എല്‍വിക്കും ഐഎസ്ആര്‍ഒക്കും സ്വന്തം. 

2018ല്‍ 513 ദശലക്ഷം ഡോളര്‍ വരുമാനമാണ് ചെറു സാറ്റലൈറ്റ് വിപണി നേടിയത്. ഇത് 2030 ആകുമ്പോഴേക്കും കുറഞ്ഞത് 2.9 ബില്യണ്‍ ഡോളറായി കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാലയളവില്‍ 17000 ചെറു സാറ്റലൈറ്റുകള്‍ വിവിധ ബഹിരാകാശ ഏജന്‍സികളും സ്വകാര്യ കമ്പനികളും ചേര്‍ന്ന് ബഹിരാകാശത്തെത്തിക്കും. 

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ഡ്രിക്‌സ് 2017-18ല്‍ 2000 കോടി രൂപയുടെ വരുമാനമാണ് നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സാണ് ഈ മേഖലയിലെ പ്രധാനി. വാണിജ്യാടിസ്ഥാനത്തിലുള്ള സാറ്റലൈറ്റ് വിക്ഷേപണത്തിന്റെ 60 ശതമാനവും ഇലോണ്‍ മസ്‌കിന്റെ കമ്പനിയുടെ കയ്യിലാണ്. മേഖലയില്‍ ഏഷ്യയിലെ വന്‍ ശക്തിയാണെങ്കിലും ആഗോളതലത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്ക് രണ്ട് ശതമാനം വിപണി വിഹിതം മാത്രമേ ലഭിക്കുന്നുള്ളൂ. 

2014ല്‍ ബഹിരാകാശ നയത്തില്‍ കാതലായ മാറ്റങ്ങളാണ് ചൈന വരുത്തിയത്. സ്വകാര്യ കമ്പനികള്‍ക്ക് കൂടി ബഹിരാകാശ വ്യവസായത്തിലേക്ക് അനുമതി നല്‍കിയതോടെയാണ് ചൈനയുടെ ബഹിരാകാശ കച്ചവട സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചത്. അതിവേഗം വളരുന്ന അരഡസനോളം ബഹിരാകാശ കമ്പനികളാണ് നിലവില്‍ ചൈനയിലുള്ളത്. അപ്പോഴും പതിറ്റാണ്ടുകളുടെ വിശ്വാസ്യത കൈമുതലായുള്ള ഐഎസ്ആര്‍ഒക്ക് വെല്ലുവിളിയാവുക ചൈനക്ക് എളുപ്പമാകില്ല.

English Summary: China unveils new rockets to give competition to Isro

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA