ADVERTISEMENT

ഐഎസ്ആര്‍ഒ നിര്‍മിക്കുന്ന ഇന്ത്യയുടെ ആദ്യ സ്‌പേസ് സ്റ്റേഷനില്‍ മൂന്നു പേരെയായിരിക്കും ഉള്‍ക്കൊള്ളുകയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്റെ ലഭ്യമായ ഡിസൈനുകള്‍ വിലയിരുത്തിയാണ് മൂന്നു പേരായിരിക്കും യാത്രികരായി ഉണ്ടാവുകയെന്ന സൂചന ലഭിച്ചത്. അഞ്ച് - ഏഴ് വര്‍ഷത്തിനുള്ളിലാണ് ഇന്ത്യന്‍ യാത്രികരെ സ്‌പേസ് സ്‌റ്റേഷനിലെത്തിക്കാന്‍ ഇസ്രോ പദ്ധതിയിടുന്നത്. 

 

യാത്രികരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇസ്രോ ദൗത്യമായ ഗഗന്‍യാനിന്റെ ഭാഗമായിട്ടായിരിക്കും സ്‌പേസ് സ്റ്റേഷനിലേക്കും യാത്രികരെ എത്തിക്കുക. ഭൂമിയില്‍ നിന്നും ഏകദേശം 120-140 കിലോമീറ്റര്‍ അകലെയായിരിക്കും സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കുക. അമേരിക്ക, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, കാനഡ എന്നിവയുടെ സംയുക്ത സംരംഭമായ രാജ്യാന്തര ബഹിരാകാശ നിലയം ശരാശരി 400 കിലോമീറ്റര്‍ അകലെയുളള ഓർബിറ്റിലാണ് സഞ്ചരിക്കുന്നത്. 

 

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഭാഗമാകാന്‍ ഇന്ത്യക്ക് പദ്ധതിയില്ലെന്ന് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ചെറുതെങ്കിലും സ്വന്തം ബഹിരാകാശ നിലയമായിരിക്കും ഇന്ത്യ നിര്‍മിക്കുകയെന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

ബഹിരാകാശത്തെ വായുവോ ഭൂഗുരുത്വമോ ഇല്ലാത്ത നില പല പരീക്ഷണങ്ങള്‍ക്കും സഹായകരമാണ്. ഭൂമിയില്‍ സാധ്യമല്ലാത്ത നിരവധി പരീക്ഷണങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ബഹിരാകാശ നിലയങ്ങള്‍ വേദിയാകാറുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗം, കാന്‍സറിനുള്ള കീമോ തെറാപ്പി തുടങ്ങി ഭക്ഷണ, ജല സംരക്ഷണവും മാലിന്യ നിര്‍മാര്‍ജ്ജനം വരെ ബഹിരാകാശത്തെ പരീക്ഷണ വിഷയങ്ങളാകാറുണ്ട്.

English Summary : India’s space station likely to have space for three

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com