ADVERTISEMENT

ആയിരക്കണക്കിന് പേരാണ് ഓഹിയോയിലെ മാന്‍ഡ്ഫീല്‍ഡ് ലാം വിമാനത്താവളത്തില്‍ നാസയുടെ ചരക്കുവിമാനമായ 'സൂപ്പര്‍ ഗപ്പി'യെ കാത്തു നിന്നത്. അമേരിക്കയുടെ ചാന്ദ്ര ദൗത്യത്തിനുള്ള പേടകവും ഉള്ളിലൊളിപ്പിച്ചായിരുന്നു സൂപ്പര്‍ ഗപ്പിയുടെ വരവ്. ഓറിയോണ്‍ പേടകത്തിന്റെ അടുത്ത വര്‍ഷത്തെ പരീക്ഷണ പറക്കലിന് മുന്‍പത്തെ അവസാനവട്ട പരീക്ഷണങ്ങള്‍ക്കായാണ് ഇവിടേക്കെത്തിച്ചത്.

 

ബഹിരാകാശ പേടകങ്ങളേയും റോക്കറ്റിന്റെ ഭാഗങ്ങളേയും വഹിക്കാന്‍ ശേഷിയുള്ള നാസയുടെ വമ്പന്‍ ചരക്കു വിമാനമായ സൂപ്പര്‍ ഗപ്പിക്കായിരുന്നു ഓറിയോണ്‍ പേടകത്തെയും ഒഹിയോയിലെ പരീക്ഷണ സ്ഥലത്തെത്തിക്കാന്‍ നിയോഗം. അപ്പോളോ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി സാറ്റേൺ 5 റോക്കറ്റുകളെയും പലയിടത്തേക്കും എത്തിച്ചത് നാസയുടെ സൂപ്പര്‍ ഗപ്പിയായിരുന്നു. 

 

ഓഹിയോയിലെ പ്ലം ബ്രൂക്ക് സ്‌റ്റേഷനില്‍ നടക്കുന്ന പരീക്ഷണങ്ങളുടെ ഫലമാണ് 2020 ജൂണില്‍ നിശ്ചയിച്ചിരിക്കുന്ന ചന്ദ്രന് ചുറ്റുമുള്ള പരീക്ഷണ പറക്കല്‍ സമയത്ത് നടക്കുമോ എന്ന് തീരുമാനിക്കുക. ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്കിടെ ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുമോ, പേടകത്തിനകത്തെ യാത്രികര്‍ സുരക്ഷിതരായിരിക്കുമോ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിന് വിവിധ പരീക്ഷണങ്ങളാണ് ഇവിടെ നടത്തുക.

nasa-plane-1

 

ലോകത്തിലെ ഏറ്റവും വലിയ വാക്വം ചേമ്പര്‍ ഉള്ളത് പ്ലം ബ്രൂക്ക് സ്‌റ്റേഷനിലാണ്. ഇവിടെ ബഹിരാകാശത്തിന് സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് നീണ്ട 60 ദിവസമാണ് പരീക്ഷണങ്ങള്‍ നടത്തുക. -250 ഫാരന്‍ഹീറ്റ് മുതല്‍ 300 ഫാരന്‍ഹീറ്റ് വരെയുള്ള താപനിലയില്‍ ഇതിനിടെ പേടകം കടന്നുപോകും. ഈ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് 14 ദിവസത്തെ വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടക്കുക. പേടകത്തിലെ ഇലക്ട്രോണിക് ഭാഗങ്ങള്‍ ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്താനാകും ഈ പരീക്ഷണങ്ങള്‍.

 

ഓറിയോണിന്റെ പ്ലം ബ്രൂക്ക് സ്‌റ്റേഷനിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ സൂപ്പര്‍ ഗപ്പി തന്നെയായിരിക്കും പേടകത്തെ തിരിച്ച് കെന്നഡി സ്‌പേസ് സെന്ററിലെത്തിക്കുക. തുടര്‍ന്ന് ലോകത്തെ ഏറ്റവും ശക്തിയേറിയ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റുമായി പേടകം ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങും. ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയായ ആര്‍ട്ടിമിസിന്റെ പേരാണ് ഇക്കുറി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് നാസ നല്‍കിയിരിക്കുന്നത്.

 

മനുഷ്യരില്ലാത്ത ദൗത്യമായിരിക്കും ആര്‍ട്ടിമിസ് 1ന്റേത്. മൂന്ന് ആഴ്ച്ച ഒറിയോണ്‍ ഇതിന്റെ ഭാഗമായി ബഹിരാകാശത്ത് തുടരും. അതില്‍ ഒരാഴ്ച്ച ചന്ദ്രനെ വലയംവെക്കുകയും ചെയ്യും. 2022/23ല്‍ നടക്കുന്ന രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തില്‍ മനുഷ്യരെയും വഹിച്ചായിരിക്കും ഒറിയോണ്‍ പറന്നുയരുക. ഇത്തവണ ചന്ദ്രനെ വലം വെച്ച ശേഷം ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തും. 2024ല്‍ പദ്ധതിയിട്ടിരിക്കുന്ന മൂന്നാം ആര്‍ട്ടിമിസ് ദൗത്യത്തിലായിരിക്കും മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ ഇറങ്ങുക. ഈ ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി വനിതയും ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com