sections
MORE

ചരിത്രം കുറിച്ച് പാര്‍ക്കര്‍ സൗര ദൗത്യം; സൂര്യന്റെ ഇത്രയടുത്ത് മറ്റൊരു പേടകവും ചെന്നെത്തിയിട്ടില്ല

Historic
SHARE

നൂറുകണക്കിനു കോടി വര്‍ഷത്തേക്ക് സൂര്യന്റെ രഹസ്യങ്ങള്‍ മനുഷ്യര്‍ക്ക് അറിയില്ലായിരുന്നു. എന്നാലിപ്പോള്‍, ചരിത്രം കുറിച്ച് സൂര്യനില്‍ നിന്ന് ഏകദേശം 1.5 കോടി മൈല്‍ അകലെയെത്തിയിരിക്കുകയാണ് നാസ അയച്ച പാര്‍ക്കര്‍ ബഹിരാകാശപേടകം (Parker Solar Probe) അഥവാ പിഎസ്പി. മനുഷ്യ നിര്‍മ്മിതമായ മറ്റൊരു പേടകവും ഇതിനു മുമ്പ് സൂര്യന്റെ ഇത്രയടുത്ത് എത്തിയിട്ടില്ല. സൂര്യന്റെ ഉരുക്കുന്ന ചൂടിനെ നേരിട്ട്, ഏകദേശം 40 ലക്ഷം മൈല്‍ അടുത്തുവരെ എത്തുക എന്നതാണ് ദൗത്യത്തിന്റെ അന്തിമ ലക്ഷ്യം. ഈ പഠനത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നാസയുടെ 2024ലെ ചാന്ദ്രദൗത്യത്തിനും പിന്നീടു വരുന്ന ചൊവ്വാ ദൗത്യത്തിനും വളരെയധികം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ് നാസയുടെ അടുത്ത പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മണിക്കൂറില്‍ 200,000 കിലോമീറ്റര്‍ എന്ന സ്പീഡിലാണ് പാര്‍ക്കര്‍ ദൗത്യം പായുന്നത്. മറ്റൊരു ബഹിരാകാശ വാഹനവും ഇത്ര വേഗത്തില്‍ സഞ്ചിരിക്കുകയോ സൂര്യന് ഇത്രയടുത്ത് എത്തുകയോ ചെയ്തിട്ടില്ല. ഓഗസ്റ്റ് 02, 2018ലാണ് പിഎസ്പി അയച്ചത്.

ലക്ഷ്യങ്ങള്‍

രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് ഈ ദൗത്യത്തിനുള്ളത്. സൗരക്കാറ്റിന് (solar wind) ഇത്ര പെട്ടെന്ന് ഇത്രയധികം വേഗത കൈവരിക്കാനാകുന്നതെങ്ങനെയാണ് എന്നതാണ് അതിലൊന്ന്. സൗരക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 ലക്ഷം മൈലില്‍ ഏറെയാണ്. സൂര്യന്റെ പുറത്തെ അന്തരീക്ഷം അല്ലെങ്കിൽ കൊറോണ (corona) എങ്ങനെയാണ് സൗരപ്രതലത്തേക്കാള്‍ ചൂടു കൂടുതലുള്ളതാകുന്നത്? (കൊറോണയുടെ ചൂട് 20 ലക്ഷം ഡിഗ്രി ഫാരന്‍ഹൈറ്റാണ്. അതേസമയം, സൂര്യന്റെ ഉപരിതലത്തിലെ ചൂട് വെറും 11,000 ഫാരന്‍ഹൈറ്റാണ്.)

പുതിയ ദൗത്യം ചില സമസ്യകള്‍ക്ക് ഇപ്പോള്‍ത്തന്നെ ഉത്തരം നല്‍കിത്തുടങ്ങിയെന്നും പറയുന്നു. അപ്രതീക്ഷിത കണ്ടെത്തലുകളാല്‍ സമ്പന്നമാണ് പുതിയ ദൗത്യം. സോളാര്‍ ഫിസിക്‌സിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്‌തേക്കാവുന്ന അടുത്ത ഘട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. 'ആളുകള്‍ ബഹിരാകാശത്തു നിന്നുള്ള അപകടങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ഡൈനസോറുകളെ കൊന്ന ഛിന്നഗ്രഹത്തെക്കുറിച്ചും ചിന്തിക്കുന്നു', പ്രന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡെയ്‌വിഡ് മക്‌കോമാസ് പറയുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒരു വമ്പന്‍ ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസത്തെ (huge space weather event) നേരിടേണ്ടി വന്നാല്‍ എന്തു ചെയ്യുമെന്നതാണ് ഇന്നത്തെ കൂടുതല്‍ ഗൗരവമുള്ള അപകടം, അദ്ദേഹം പറയുന്നു. പുതിയ സോളാര്‍ പ്രോബ് സൂര്യനോട് അടുത്തെത്തുക എന്നത് എന്തുകൊണ്ടും ഗുണകരമാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

സൂര്യന്റെ കൊറോണയയിലെ തണുത്തതും കാന്തികവുമായ പഴുതുകളില്‍ നിന്ന ഉത്ഭവിക്കുന്ന സൂപ്പര്‍സോണിക് ഉച്ഛ്വാസ വായുവിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴെ അറിയാം. എന്നാല്‍, സാന്ദ്രതയേറിയ, താതരമ്യേന വേഗത കുറഞ്ഞ സോളാര്‍ വിന്‍ഡിനെക്കുറിച്ച് അവര്‍ക്ക് കാര്യമായി ഒന്നും അറിയില്ല. മനുഷ്യര്‍ക്കു മനസിലാകാത്ത എന്തോ അധിക ഊര്‍ജം സൂര്യന്‍ പുറത്തുവിടുന്നുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു എന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ജസ്റ്റിന്‍ കാസ്‌പെര്‍ പറയുന്നു.

പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്

സൂര്യന്റെ അന്തരീക്ഷത്തിലെ നാടകീയമായ കാന്തിക തരംഗങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകളാണ് പാര്‍ക്കര്‍ ദൗത്യത്തില്‍ നിന്ന് ഇതുവരെ കിട്ടിയിരിക്കുന്ന പ്രധാനപ്പെട്ടവ. ഇവ ക്ഷണത്തില്‍ 300,000 മൈല്‍ വേഗതയാര്‍ജ്ജിക്കുന്നു. ആദ്യ രണ്ടു പറക്കലുകള്‍ക്കിടയിൽ ആയിരക്കണക്കിനു തവണ പാര്‍ക്കര്‍ പ്രോബ് ഈ പ്രതിഭാസം കണ്ടു. സെക്കന്‍ഡുകളോ മിനിറ്റുകളോ മാത്രമാണ് ഇവ നീണ്ടു നില്‍ക്കുന്നത്. സാധാരണ കോമ്പസിന് ഇതിനെക്കുറച്ച് ഒന്നും മനസിലാവില്ല. ഇതിന് ഒരു പ്രഭവകേന്ദ്രവും കണ്ടെത്തിയിട്ടില്ല. ഇതിനെ ശാസ്ത്രജ്ഞര്‍ സ്വിച്ബാക്‌സ് (switchbacks) എന്നാണ് വിളിക്കുന്നത്. ഈ തരംഗങ്ങള്‍ തന്നെയാണ് ഊര്‍ജ്ജോത്പാദനം നടത്തുന്നതെങ്കില്‍ അവയാകാം കൊറോണയ്ക്ക് അമിത ചൂടുനല്‍കുന്നതെന്ന് ചില ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. എന്നാല്‍, എങ്ങനെയാണ് ഇതു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തത വരാനിക്കുന്നതെയുള്ളൂ. പാര്‍ക്കര്‍പ്രോബ് പേടകം സൂര്യനോട് അടുക്കും തോറും ഇവയുടെ ശക്തി വര്‍ദ്ധിക്കുമോ എന്നറിയനും ശാസ്ത്രജ്ഞര്‍ ജിജ്ഞാസുക്കളാണ്.

ആരാണ് പാര്‍ക്കര്‍?

പിഎസ്പിയ്ക്ക് അതിന്റെ പേരു ലഭിക്കുന്നത് ഇപ്പോള്‍ 92 വയസുള്ള യൂജിന്‍ പാര്‍ക്കര്‍ എന്ന അസ്‌ട്രോഫിസിസിസ്റ്റില്‍ നിന്നാണ്. 1950കളില്‍ അദ്ദേഹം ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ചാര്‍ജുള്ള കണികകള്‍ സൂര്യനില്‍ നിന്ന് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നുവത്. സൗരക്കാറ്റ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം അക്കാലത്തു തന്നെ തെളിയിക്കപ്പെട്ടിരുന്നു. സൂര്യനെ മനസിലാക്കാനുതകുന്ന പല കാര്യങ്ങളും പാര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തന്റെ സംഭാവന അത്രമേലുള്ളതിനാല്‍, ആധൂനിക ഹെലിയോഫിസിക്‌സിന്റെ (heliophysics) പിതാവായി ആണ് അദ്ദേഹം അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഈ സൗരദൗത്യത്തിന് ജീവിച്ചിരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ പേരുതന്നെ നാസ നല്‍കിയത്. അദ്ദേഹം ഒരു പുതിയ ഊര്‍ജ്ജതന്ത്ര ശാഖയ്ക്കു തന്നെ ജന്മം നല്‍കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA