ADVERTISEMENT

വിരലിന്റെ തുമ്പില്‍ വെക്കാന്‍ കഴിയുന്നത്രയും ചെറിയ കൃത്രിമ നാഡികള്‍ നിര്‍മിച്ചെടുക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുന്നു. പക്ഷാഘാതം പോലുള്ള ദീര്‍ഘകാല നാഡീ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇത് ഇത്തരം രോഗങ്ങളുടെ ചികിത്സയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകും.

 

ആരോഗ്യമുള്ള നാഡികളുടെ പ്രവര്‍ത്തനം അനുകരിക്കുന്ന കൃത്രിമ നാഡികളെയാണ് ഗവേഷകര്‍ നിര്‍മിച്ചെടുത്തിരിക്കുന്നത്. ഇതുവഴി പ്രവര്‍ത്തനം തടസപ്പെട്ട ഭാഗത്തെ നാഡികള്‍ മാറ്റി പുതിയവ സ്ഥാപിച്ച് അവയവങ്ങളുടെ പ്രവര്‍ത്തനം പഴയപടിയാക്കാന്‍ കഴിയും. വിവിധ സന്ദര്‍ഭങ്ങളില്‍ നാഡികള്‍ പ്രവര്‍ത്തിക്കുന്നത് അനുകരിച്ചുകൊണ്ട് കൃത്രിമ നാഡികളെ പ്രതികരിക്കാന്‍ സന്നദ്ധമാക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി.

 

ഹൃദയസംബന്ധമായ രോഗങ്ങളിലും പക്ഷാഘാതം, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളിലും ഇത്തരം നാഡികളെ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. വളരെ കുറച്ച് ഊര്‍ജ്ജം മാത്രമേ ഈ കൃത്രിമ നാഡികള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളൂ എന്നതാണ് ഗവേഷകര്‍ ഈ കണ്ടുപിടുത്തത്തിന്റെ പ്രധാന നേട്ടമായി അവതരിപ്പിക്കുന്നത്. കംപ്യൂട്ടറുകളിലും സ്മാര്‍ട് ഫോണുകളിലും ഉപയോഗിക്കുന്ന സാധാരണ മൈക്രോ പ്രോസസറുകളെ അപേക്ഷിച്ച് നൂറ് കോടിയിലൊന്ന് ഊര്‍ജ്ജം മാത്രം മതി ഈ കൃത്രിമ നാഡി പ്രവര്‍ത്തിക്കാന്‍.

 

തലച്ചോറില്‍ നിന്നും നിര്‍ദേശങ്ങളെ ഓരോ അവയവങ്ങളിലും എത്തിക്കുന്ന ചുമതല നാഡികള്‍ക്കാണ്. ഈ നാഡീ ചരടുകള്‍ വഴിയാണ് നമ്മുടെ ചിന്തകള്‍ക്കനുസരിച്ച് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നാഡികളുടെ പ്രവര്‍ത്തനം അനുകരിക്കാന്‍ ശേഷിയുള്ള കൃത്രിമ നാഡികളുടെ കണ്ടെത്തല്‍ ദീര്‍ഘകാലമായി നാഡീസംബന്ധമായ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്. 

 

ബ്രിസ്‌റ്റോള്‍, സൂറിച്ച്, ഓക്‌ലാൻഡ് സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായാണ് ഈ പഠനം നടത്തിയത്. ഗവേഷണഫലം നേച്ചർ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com