ADVERTISEMENT

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഓരോ ദിവസവും പുതിയ ഉയരങ്ങളിലാണ് എത്തുന്നത്. വർഷങ്ങളോളം സമയമെടുത്ത് ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ നാവികിനെ യുഎസ് കോൺഗ്രസ് അംഗീകരിച്ചു. യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, ജപ്പാന്റെ ക്യുഇഎസ്എസ്എസ് എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ നാവിക്കിനെയും ‘അനുബന്ധ’ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റമായി യുഎസ് കോൺഗ്രസ് അംഗീകരിച്ചിരിക്കുന്നത്.

 

നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്റ്റ് (എൻ‌ഡി‌എ‌എ) 2020 ന്റെ കോൺ‌ഫറൻസ് റിപ്പോർട്ടിന്റെ ഭാഗമായിരുന്നു ഈ അംഗീകാരം. എന്നാൽ ഇവിടെ റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബെയ്ദു എന്നിവയെ ‘നോൺ-അലൈഡ് സിസ്റ്റങ്ങൾ’ എന്ന് നാമകരണം ചെയ്തു തള്ളുകയും ചെയ്തു. യുഎസ് സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഈ രണ്ട് സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളുമായി സഹകരിക്കുകയോ ഡേറ്റ കൈമാറുകയോ ചെയ്യില്ല എന്നാണ് ഇതിനർഥം. സുരക്ഷയും സ്വകാര്യത ആശങ്കകളും കാരണമാണിത്.

 

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, കൃത്യമായ തത്സമയ സ്ഥാനനിർണ്ണയവും മറ്റു സേവനങ്ങളും നൽകുന്ന ഒരു സ്വയംഭരണ പ്രാദേശിക സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനമാണ് നാവിക്. നാവികിന് എൻ‌ഡി‌എ‌എ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസിലേക്ക് അയയ്ക്കുന്നതിന് മുൻപായി സഭയും സെനറ്റും ഔദ്യോഗിക അംഗീകാരം നൽകേണ്ടതുണ്ട്. ഒരു മൾട്ടി-ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിസീവറിനായി ഒരു പ്രോട്ടോടൈപ്പ് പ്രോഗ്രാം സൃഷ്ടിക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് നാവിക്കിനെ ഒരു അനുബന്ധ സിസ്റ്റമായി നിയോഗിക്കുന്നത്.

 

navic-1

ഇന്ത്യയുടെ സ്വന്തം ‘നാവിക്’ വിപണിയിലേക്ക്

 

ലോകത്ത് അതിവേഗം വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് ഇന്ത്യ. ഗതിനിര്‍ണയ മേഖലയില്‍ (നാവിഗേഷന്‍) സ്വയംപര്യാപ്തത നേടിക്കൊണ്ട് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കിയതിലൂടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം ബഹുദൂരം മുന്നിലാണെന്നു കൂടി തെളിയിച്ചു കഴിഞ്ഞു. ലോക ശക്തികൾക്ക് മാത്രം കുത്തകയായിരുന്ന നാവിഗേഷൻ സംവിധാനമാണ് ഇപ്പോൾ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ഇനി വിപണിയിലേക്ക് ഇറങ്ങുകയാണ്. നേരത്തെ നിരവധി തവണ പ്രതിരോധ ആവശ്യങ്ങൾക്ക് അമേരിക്കയുടെ ജിപിഎസ് സഹായം ഇന്ത്യ തേടിയിരുന്നെങ്കിലും നൽകിയിരുന്നില്ല. കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇസ്രയേലാണ് നാവിഗേഷൻ സംവിധാനങ്ങൾ നൽകി ഇന്ത്യയെ സഹായിച്ചത്.

 

നാവികിന്റെ വിപണി സാധ്യതകള്‍ മുതലെടുക്കാന്‍ ഒടുവില്‍ ഇസ്രോ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വ്യവസായ വിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പറേഷനാണ് ഇതിന് മന്‍കയ്യെടുത്ത് രണ്ട് ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുള്ളത്. നാവിക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചിപ്പുകളും ഉപകരണങ്ങളും നിര്‍മിക്കുകയാണ് ലക്ഷ്യം. 

 

എട്ട് കൃത്രിമോപഗ്രഹങ്ങളാണ് നാവിക് (Navigation in Indian Constellation) എന്ന ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനത്തെ നിയന്ത്രിക്കുന്നത്. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ (ജിപിഎസ്)ത്തിന് സമാനമായ രീതിയിലാണ് നാവികിന്റെയും പ്രവര്‍ത്തനം. എന്നാല്‍ ഇന്ത്യന്‍ ഭാഗത്തെ 1500 ചതുരശ്ര കിലോമീറ്ററില്‍ മാത്രമേ നമ്മുടെ നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ. നാവിക്കിനു വേണ്ടി 2013 ജൂലൈയില്‍ ആദ്യ സാറ്റലൈറ്റും 2016 ഏപ്രിലില്‍ ഏഴാമത്തെ സാറ്റലൈറ്റും വിജയകരമായി ഇന്ത്യ വിക്ഷേപിച്ചിരുന്നു. 

 

നാവിക്കിന് ആവശ്യമായ ചിപ്പുകളും മറ്റും നിര്‍മിക്കുന്നതിന് യോഗ്യരായ കമ്പനികളെ കണ്ടെത്താനായി കരാറുകള്‍ ക്ഷണിച്ചതായി ആന്‍ഡ്രിക്‌സ് ചെയര്‍മാനും എംഡിയുമായ എസ്. രാകേഷ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഉൽപന്നങ്ങളും വാഹനങ്ങളും എവിടെ എത്തിയെന്ന കാര്യം അറിയേണ്ട കമ്പനികളായിരിക്കും ആദ്യഘട്ടത്തില്‍ നാവിക്കിന്റെ ഉപയോക്താക്കളെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഇത്തരക്കാരെല്ലാം അമേരിക്കന്‍ ജിപിഎസാണ് ഉപയോഗിക്കുന്നത്. 

 

ഉപരിതല ഗതാഗതം, ചരക്കു നീക്കം, വ്യോമ-കടല്‍ നാവിഗേഷന്‍, രക്ഷാപ്രവര്‍ത്തനം, മൊബൈലുമായി ചേര്‍ന്നുള്ള സേവനം, പര്‍വതാരോഹണം പോലുള്ള സാഹസിക പ്രവര്‍ത്തികള്‍ക്ക് തുടങ്ങി നിരവധി ഉപയോഗങ്ങളാണ് നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കുള്ളത്. നാവിക് ശക്തമാകുന്നതോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇത് അടസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ നിര്‍മാണം അടക്കം നിരവധി സാധ്യതകള്‍ തുറക്കും.

 

കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം എല്ലാ നാഷണല്‍ പെര്‍മ്മിറ്റ് വാഹനങ്ങളിലും ട്രാക്കിങ് ഡിവൈസുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മത്സ്യബന്ധന ബോട്ടുകളിലും ഇത്തരം സംവിധാനങ്ങള്‍ അത്യാവശ്യമാണ്. ഒക്ടോബര്‍ മധ്യത്തില്‍ ക്വാല്‍കം ടെക്‌നോളജീസുമായി ചേര്‍ന്ന് നാവിക്കിന് ആവശ്യമായ ചിപ്പുകള്‍ നിര്‍മിച്ച് ഇസ്രോ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ നാവിഗേഷന്‍ സംവിധാനത്തിനൊപ്പം യൂറോപ്പിലേയും (ഗലീലിയോ) റഷ്യയിലേയും (GLONASS) ചൈനയിലെയും (ബെയ്ദു) നാവിഗേഷന്‍ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ചിപ്പുകളാണ് ഇവര്‍ നിര്‍മിച്ചത്. 

 

നാവിക്കിന് 3GPP സര്‍ട്ടിഫിക്കേഷന്‍ ഉണ്ടെന്നതും ഗുണകരമാണ്. ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നവരാണ് 3ജിപിപി. അടുത്ത വര്‍ഷത്തോടെ 4ജി, 5ജി ഉപകരണങ്ങളില്‍ നാവിക് നാവിഗേഷന്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനാണ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് സൊസൈറ്റി, ഇന്ത്യ (TSDSI) ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com