ADVERTISEMENT

ഏകദേശം 4,500 എക്‌സോപ്ലാനെറ്റുകളെ (exoplanet– സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഗ്രഹം) ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്തുകയും ചെയ്യാം. ഇത്തരം എക്‌സോ പ്ലാനറ്റുകളക്കുറിച്ചു പഠിക്കാനുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ (ഇഎസ്എ) ദൗത്യമാണ് ക്യാരക്ടറൈസിങ് എക്‌സോപ്ലാനറ്റ് സാറ്റലൈറ്റ് (Characterising ExoPlanet Satellite (CHEOPS) അഥവാ ചിയോപ്‌സ്. സ്വിറ്റ്‌സര്‍ലൻഡിന്റെ നേതൃത്വത്തില്‍ 11 രാജ്യങ്ങളാണ് ഈ സുപ്രധാന ദൗത്യത്തില്‍ പങ്കാളികളാകുക. ഡിസംബര്‍ 17ന് കുതിച്ചുയരേണ്ടിയിരുന്ന ബഹിരാകാശ ടെലിസ്‌കോപിന്റെ വിക്ഷേപണം സാങ്കേതിക തകരാര്‍മൂലം കുറച്ചു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

ഉദ്ദേശമെന്ത്?

ശാസ്ത്രലോകം 1990കള്‍ മുതല്‍ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഏകദേശം 4,500 ഗ്രഹങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ബഹിരാകാശ ശാസ്ത്രജ്ഞര്‍ അടുത്തകാലത്തായി പറയുന്നത് വെറുതെ ഇങ്ങനെ കണ്ടെത്തിക്കൊണ്ടിരുന്നിട്ട് എന്താണ് പ്രയോജനം, അവയുടെ സ്വഭാവസവിശേഷതകളെ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അറിയുകയും വേണം എന്നാണ്. എന്തുതരം അന്തരീക്ഷമാണ് ഈ ഗ്രഹങ്ങള്‍ക്കുള്ളത്? എത്ര ദൂരത്തിലാണ് അന്തരീക്ഷം വ്യാപിച്ചു കിടക്കുന്നത്? എന്തു തരം മേഘങ്ങളാണ് അവയ്ക്കു ചുറ്റുമുളളത്? അവയ്ക്കുമേല്‍ സമുദ്രങ്ങളുണ്ടോ? അവയ്ക്ക് ചന്ദ്രന്മാരുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ചിയോപ്‌സ് ഉദ്ദേശിക്കുന്നത്. 

ഈ ദൗത്യം ഒരു വര്‍ഷത്തില്‍ ഏകദേശം 400-500 ലക്ഷ്യങ്ങളെ പരിശോധിക്കും. ഇതു പൂര്‍ത്തിയാകാന്‍ 3.5 വര്‍ഷം എടുത്തേക്കുമെന്നാണ് കരുതുന്നത്. ഭൂമിയുടേയും നെപ്ട്യൂണിന്റെയും ഇടയിലാണ് ഈ ഗ്രഹങ്ങളുടെയും വലുപ്പം. ഇവയെ ചിലപ്പോഴൊക്കെ 'സൂപ്പര്‍ എര്‍തുകള്‍' എന്നു വിളിക്കാറുണ്ട്.

ചിയോപ്‌സ് എന്തു ചെയ്യും?

തെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങളെയായിരിക്കും ചിയോപ്‌സ് ശ്രദ്ധിക്കുക. എങ്കില്‍ക്കൂടെ ഇത് വിഷമം പിടിച്ച ദൗത്യമായിരിക്കും. അമേരിക്കയുടെ ഇപ്പോഴത്തെ സ്‌പേസ് ടെലിസ്‌കോപ്പാണ് ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വെ സാറ്റലൈറ്റ് അഥവാ ടെസ്. അത്യന്തം വിജയകരമായിരുന്ന കെപ്ലര്‍ ഒബ്‌സര്‍വേറ്ററിയുടെ പിന്‍ഗാമിയാണിത്. അമേരിക്കന്‍ ദൗത്യങ്ങള്‍ ശരിക്കും പറഞ്ഞാല്‍ യൂറോപ്യന്‍ ദൗത്യത്തിന് മുന്നോടിയാണെന്ന് പറയാം. കുടുതല്‍ പഠിക്കേണ്ട ഗ്രഹങ്ങള്‍ ഏതെല്ലാമാണ് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കുക എന്നതാണ് ലക്ഷ്യങ്ങളിലൊന്ന്. അടുത്ത തലമുറയിലെ ഗ്രഹാന്വേഷണങ്ങള്‍ക്ക് അടിത്തറയിടുകയായിരിക്കും ഇത്തരം ദൗത്യങ്ങള്‍ ചെയ്യുക. ഗ്രഹങ്ങളുടെ അന്തരീക്ഷ രസതന്ത്രവും മറ്റും പഠനവിധേയമാക്കും. വാതകങ്ങളെക്കുറിച്ചും ജീവന്റെ എന്തെങ്കിലും സൂചനയുണ്ടോ എന്നതിനെക്കുറിച്ചും പഠിക്കും. ഇത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ടെലിസ്‌കോപ് 2021ലായിരിക്കും വിക്ഷേപിക്കുക. ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്.

ചെറിയ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് പഠനാര്‍ഹമായ ഗ്രഹങ്ങളെ തിരിച്ചറിയുകയും വലിയ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് അവയെ ആഴത്തില്‍ പഠിക്കുകയും ചെയ്യുക എന്നതാണ് ക്ലാസിക് ജ്യോതിശാസ്ത്രത്തിന്റെ രീതി.  

ചിയോപ്‌സ് എന്തുകൊണ്ടു കുതിച്ചുയര്‍ന്നില്ല?

മേല്‍ഭാഗത്ത് ചില തകരാറുകള്‍ കണ്ടെത്തിയതിനാലാണ് ചിയോപ്‌സ് ഉയരാതിരുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ ഒരു സാഹസത്തിനു മുതിരുന്നില്ല എന്നാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. റഷ്യന്‍ സോയുസ് (Soyuz) റോക്കറ്റ് ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് വിക്ഷേപണം നടത്താനിരുന്നത്. സോഫ്റ്റ്‌വെയര്‍ പ്രശ്‌നമാണ് നേരിട്ടതെന്നും ഇത്ര സങ്കീര്‍ണ്ണമായ ദൗത്യത്തിന് ചെറിയ പിശകുകള്‍ പോലും വിനയാകാമെന്നും കരുതലോടെ മാത്രം മുന്നോട്ടു നീങ്ങിയാല്‍ മതിയെന്ന തീരുമാനത്താലുമാണ് ദൗത്യം മാറ്റിവച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com