ADVERTISEMENT

ആധുനിക മനുഷ്യന്റെ പൂര്‍വ്വികരായിരുന്ന ഹോമോ ഇറക്ടസുകള്‍ നേരത്തെ കരുതിയതിലും മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ കൂടി ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. ആധുനിക മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ഹോമോ സാപ്പിയന്‍സ് ഭൂമിയില്‍ എത്തിയിട്ട് രണ്ടര ലക്ഷം വര്‍ഷം മാത്രമേ ആകുന്നുള്ളൂ എന്നറിയുമ്പോഴായിരിക്കും ഈ കണ്ടെത്തലിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കാനാവുക. മനുഷ്യന്റെ പൂര്‍വികരെ കുറിച്ച് പഠനം നടത്തുന്ന ലോവ സര്‍വകലാശാലയിലെ സംഘം ഇന്തൊനീഷ്യയിലെ ജാവയില്‍ നടത്തിയ ഉത്ഖനനമാണ് നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയത്. 

 

ഇന്തൊനീഷ്യയിലെ ജാവ ദ്വീപുകളില്‍ 1.10 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് വരെ ഹോമോ ഇറക്ടസ് രണ്ട് കാലില്‍ നടന്നിരുന്നു. ആദ്യം രണ്ട് കാലില്‍ നിവര്‍ന്ന് നിന്നിരുന്ന മനുഷ്യന്റെ പൂര്‍വികരാണ് ഹോമോ ഇറക്ടസ്. ആഫ്രിക്കയില്‍ നിന്നും ആദ്യമായി പുറത്തെത്തിയ മനുഷ്യന്റെ പൂര്‍വ്വികരാണ് ഹോമോ ഇറക്ടസ്. ആദ്യമായി ഭക്ഷണം പാകം ചെയ്ത് കഴിച്ച ഹോമോ ഇറക്ടസ് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് ഭൂമിയില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

 

പുല്ലുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു ഇവര്‍ അവസാനം ജീവിച്ചിരുന്ന ജാവ ദ്വീപുകള്‍. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പുല്‍മേടുകള്‍ കരിഞ്ഞുപോവുകയും തുര്‍ന്ന് മാനുകളും കാലികളും ചത്തുപോവുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് ഹോമോ ഇറക്ടസിനെ ഇല്ലാതാക്കിയത്.

 

ജാവയിലെ മധ്യഭാഗത്തുള്ള ഗാങ്‌ടോങ് ഗ്രാമത്തിലെ സോളോ നദിയുടെ തീരത്തു നിന്നാണ് ഗവേഷകര്‍ ഹോമോ ഇറക്ടസിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. ഹോമോ ഇറക്ടസ് കൂട്ടമായി മരണപ്പെട്ടതിന്റെ അവശിഷ്ടങ്ങളും തെളിവുകളുമായിരുന്നു ഗവേഷകര്‍ക്ക് ലഭിച്ചത്. 12 തലയോട്ടികളും രണ്ട്  ഇതോടെ ഏറ്റവും കൂടുതല്‍ കാലം ഭൂമിയില്‍ ജീവിച്ച മനുഷ്യ വര്‍ഗം ഹോമോ ഇറക്ടസാണെന്ന് ഉറപ്പായിരിക്കുകയാണ്. 

 

ഭൂമിയില്‍ 20 ലക്ഷം വര്‍ഷത്തോളമാണ് ഹോമോ ഇറക്ടസ് വിജയകരമായി അതിജീവിച്ചത്. ഹോമോ സാപ്പിയന്‍സ് ഭൂമിയിലെത്തിയിട്ട് രണ്ടര ലക്ഷം വര്‍ഷം മാത്രമേ ആവുന്നുള്ളൂ. ഹോമോ ഇറക്ടസിന് വംശനാശം സംഭവിച്ച കൃത്യമായ കാലം ഇതുവെച്ച് ഉറപ്പിക്കാനാവില്ലെന്നും ലഭ്യമായ തെളിവുകള്‍ വെച്ച് അവ ഭൂമിയില്‍ അവസാനം ജീവിച്ച കാലം മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഗവേഷകസംഘത്തിലെ പ്രൊഫ. റസല്‍ സിയോചോന്‍ പറയുന്നത്. 

 

ആഫ്രിക്കയില്‍ നിന്നും ഏഷ്യയിലെത്തിയ ഹോമോ ഇറക്ടസ് വലിയൊരുഭാഗത്ത് അധിനിവേശം സ്ഥാപിച്ചിരുന്നു. തുര്‍ക്കി മുതല്‍ ചൈനവരെയുള്ള പ്രദേശത്ത് ഇവ ജീവിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. മനുഷ്യരേക്കാള്‍ ഇവര്‍ക്ക് വലുപ്പം കൂടുതലുണ്ടായിരുന്നെങ്കിലും മസ്തിഷ്‌കം മനുഷ്യരുടെ അത്ര വികസിക്കപ്പെട്ടിരുന്നില്ല. നാല് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ ഹോമോ ഇറക്ടസ് ഭൂമിയിലെ ഭൂരിഭാഗം പ്രദേശത്തു നിന്നും തുടച്ചുനീക്കപ്പെട്ടിരുന്നു. എന്നാല്‍, ഇന്തൊനീഷ്യയിലെ ജാവയില്‍ 1.08 ലക്ഷം മുതല്‍ 1.17 ലക്ഷം വര്‍ഷം വരെ മുൻപ് അവ ജീവിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

 

പര്യവേഷണം നടത്തിയ ഗാങ്‌ടോങ് നദീ തീരത്തെ പ്രദേശങ്ങള്‍ ആദ്യകാലത്ത് പുല്‍മേടുകളാല്‍ സമൃദ്ധമായിരുന്നു. ആഫ്രിക്കയിലേതിന് സമാനമായി സസ്യജന്തു ജാലങ്ങള്‍ നിറഞ്ഞതായിരുന്നു ഇവിടം. എന്നാല്‍ 1.30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ആഗോളതാപനം ഇവിടുത്തെ പ്രകൃതിയെ മാറ്റി. പുല്‍മേടുകള്‍ നശിക്കുകയും അന്നുവരെ കണ്ടുവന്നിരുന്ന പല ജീവജാലങ്ങളും ഇല്ലാതാവുകയും ചെയ്തു. മാറിയ സാഹചര്യത്തോട് പൊരുത്തപ്പെടാനും അതിജീവിക്കാനും കഴിയാതെ ഹോമോ ഇറക്ടസിന് വംശനാശം സംഭവിക്കുകയായിരുന്നുവെന്നാണ് 2008 മുതല്‍ മേഖലയില്‍ ഗവേഷണം നടത്തുന്ന സംഘത്തിന്റെ നിഗമനം. 

 

90 വര്‍ഷങ്ങള്‍ക്ക് മുൻപ് ഇതേ മേഖലയില്‍ പര്യവേഷണം നടത്തിയ ഡച്ച് സര്‍വെയറുടെ കുറിപ്പുകളാണ് ഇവര്‍ക്ക് വഴികാട്ടിയായത്. പഠനഫലം നേച്വർ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com