sections
MORE

10 വർഷത്തെ പ്രകൃതിദുരന്തങ്ങൾ, യുദ്ധങ്ങൾ... ആകാശദൃശ്യങ്ങൾ പുറത്തുവിട്ടു

mosul-old
ഇറാഖിലെ മൊസൂൾ ( യുദ്ധത്തിനു മുൻപുള്ള ചിത്രം)
SHARE

സാറ്റലൈറ്റ് വഴിയുള്ള ചിത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ദശാബ്ദത്തില്‍ വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ വികസിച്ചതോടെ ഭൂമിയുടെ മുക്കും മൂലയുടേയും ആകാശത്തുനിന്നുള്ള ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ ഫോണില്‍ പോലും പ്രയാസമില്ലാതെ ലഭിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന അമേരിക്കന്‍ കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസ് കഴിഞ്ഞ ദശാബ്ദത്തിലെ പ്രധാന സംഭവങ്ങളുടെ ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും തുടങ്ങി ആപ്പിളിന്റെ പുത്തന്‍ ആസ്ഥാനമായ സ്‌പേസ് ഷിപ്പിന്റെ നിര്‍മാണഘട്ടങ്ങള്‍ വരെ ഈ ചിത്രങ്ങളിലുണ്ട്.

∙ ചുഴലിക്കാറ്റുകള്‍

അമേരിക്കയുടെ ചരിത്രത്തില്‍ ചുഴലിക്കാറ്റുകളുടെ വര്‍ഷമായിരുന്നു 2017. ഒന്നിനു പുറകേ മറ്റൊന്നായി മൂന്ന് ഭീകര ചുഴലിക്കാറ്റുകള്‍ അമേരിക്കയില്‍ വീശി. ഹാര്‍വി, ഇര്‍മ, മരിയ എന്നീ ചുഴലിക്കാറ്റുകള്‍ വീശിയടിച്ചപ്പോള്‍ അമേരിക്കക്ക് നാല് ആഴ്ച്ചക്കുള്ളില്‍ 265 ബില്യണ്‍ ഡോളറാണ് (18.90 ലക്ഷം കോടിരൂപ) നഷ്ടമായത്. 

usa-flood

ഹൗസ്റ്റണിലാണ് ഹാര്‍വി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്. 68 പേര്‍ കൊല്ലപ്പെട്ട ഹാര്‍വിയെ തുടര്‍ന്നാണ് അമേരിക്കയില്‍ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ ഏറ്റവും ശക്തമായ മഴ (153.87 സെ.മീ) പെയ്തത്. 120 ബില്യണ്‍ ഡോളര്‍ നാശനഷ്ടമുണ്ടാക്കിയ ഹാര്‍വി 2005ല്‍ വീശിയടിച്ച കത്രീനക്കുശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികമായി നാശംവിതച്ച ചുഴലിയായിരുന്നു.

harvy

കാറ്റഗറി അഞ്ചില്‍ പെടുന്ന മറ്റൊരു ചുഴലിക്കാറ്റായ ഇര്‍മ്മ അറ്റ്‌ലാന്റിക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് രണ്ടാമത്തെ ശക്തമായ ചുഴലിയായിരുന്നു. 50 ബില്യണ്‍ ഡോളര്‍ നാശമുണ്ടാക്കിയ ഇര്‍മ്മ ഇക്കാര്യത്തില്‍ അഞ്ചാമതാണ്. അവസാനമെങ്കിലും കെടുതിയുടെ കാര്യത്തില്‍ ആദ്യ സ്ഥാനങ്ങളിലായിരുന്നു മറിയ ചുഴലിക്കാറ്റ്. ഇപ്പോഴും പ്യൂട്ടോറിക്കയില്‍ ആഞ്ഞുവീശിയ മരിയയില്‍ എത്രപേര്‍ മരിച്ചെന്ന് കൃത്യമായ കണക്കില്ല. നാശനഷ്ടത്തിന്റെ (90 ബില്യണ്‍ ഡോളര്‍) കാര്യത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ ചുഴലിയാണിത്. 

∙ എണ്ണ ചോര്‍ച്ച

11 പേര്‍ കൊല്ലപ്പെട്ട ഒരു പൊട്ടിത്തെറിയെ തുടര്‍ന്നാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയുണ്ടാകുന്നത്. ബിപിയുടെ എണ്ണ ഖനന കേന്ദ്രമായ ഡീപ് വാട്ടര്‍ ഹോറിസോണ്‍ ഡ്രില്ലിങ്ങില്‍ 2010 ഏപ്രില്‍ പത്തിനായിരുന്നു എണ്ണ ചോര്‍ച്ച ആരംഭിച്ചത്. കടലിലെ എണ്ണ കുഴിച്ചെടുക്കുന്ന റിഗ് രണ്ട് ദിവസത്തിന് ശേഷം കടലില്‍ മുങ്ങി. തുടര്‍ന്ന് 87 ദിവസമാണ് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണ ഒഴുകി പരന്നത്.

വിദഗ്ധരുടെ കണക്കുകൂട്ടല്‍ പ്രകാരം 172 ദശലക്ഷം ഗാലണ്‍ എണ്ണയാണ് കടലിലേക്ക് ചോര്‍ന്നൊഴുകിയത്. 100 ദശലക്ഷം ഗാലണ്‍ എണ്ണ ചോര്‍ന്നെന്ന് ബിപിയും സമ്മതിച്ചു. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ വലിയ മലിനീകരണത്തിനാണ് ഈ എണ്ണചോര്‍ച്ച കാരണമായത്. ഡോള്‍ഫിനുകളുടെ മരണത്തിലുണ്ടായ കുത്തനെയുള്ള വര്‍ധനവിന്റെ കാരണം ഈ മലിനീകരണമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

oil-spill
എണ്ണ ചോർച്ച

നേരത്തെ പ്രതിവര്‍ഷം ശരാശരി 63 ഡോള്‍ഫിനുകളാണ് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ചത്തു പൊന്തിയിരുന്നതെങ്കില്‍ 2011ല്‍ അത് 335 ആയി കുത്തനെ ഉയര്‍ന്നു. തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളില്‍ ഡോള്‍ഫിനുകളുടെ മരണം പ്രതിവര്‍ഷം ശരാശരി 200 ആയിരുന്നു. മേഖലയിലെ സമുദ്ര ജീവികളെ എങ്ങനെ എണ്ണ ചോര്‍ച്ച ബാധിച്ചെന്നതിന്റെ തെളിവായാണ് ഡോള്‍ഫിനുകളുടെ കൂട്ടമരണത്തെ കാണുന്നത്. 

∙ മഞ്ഞുമലകള്‍ ഉരുകുന്നു

ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ മാത്രം 3860 ബില്യണ്‍ ടണ്‍ ഗ്ലേസിയറുകള്‍ ഉരുകിയെന്നാണ് കരുതപ്പെടുന്നത്. വേള്‍ഡ് ഗ്ലേസിയര്‍ മോണിറ്ററിംങ് സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം ഈ മഞ്ഞുരുകിയ വെള്ളമുണ്ടെങ്കില്‍ അമേരിക്കയെ 35.6 സെന്റീമീറ്റര്‍ ആഴത്തില്‍ വെള്ളത്തില്‍പൂര്‍ണ്ണമായും മൂടാനാകും. 

ഗ്രീന്‍ലാന്റിലെ മഞ്ഞുമലകള്‍ പ്രതിവര്‍ഷം 54 ബില്യണ്‍ ടണ്‍ എന്ന തോതിലാണ് ദശാബ്ദത്തിന്റെ തുടക്കത്തില്‍ ഉരുകിയിരുന്നത്. ഇത് 2018ആകുമ്പോഴേക്കും 37 ബില്യണ്‍ ടണ്ണിലേക്ക് കുറഞ്ഞെങ്കിലും 2019ല്‍ വീണ്ടും ഉയര്‍ന്നു. 

∙ കാട്ടുതീ

2018 നവംബര്‍ ഒമ്പതിനെടുത്ത ഈ സാറ്റലൈറ്റ് ചിത്രം നോക്കിയാല്‍ അമേരിക്കയിലെ കലിഫോര്‍ണിയയുടെ പലഭാഗങ്ങളും തീക്കനല്‍ പോലെയായിരുന്നു. കാലിഫോര്‍ണിയയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയുടെ രൂഷത വെളിവാക്കുന്നതായിരുന്നു ഭൂമിയില്‍ നിന്നും 300 മൈല്‍ ഉയരത്തില്‍ നിന്നെടുത്ത ഈ സാറ്റലൈറ്റ് ചിത്രങ്ങള്‍. 

fire
കാട്ടുതീ

നിരന്തരമായ മുന്നറിയിപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇടയിലും 85 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിവേഗം പടര്‍ന്ന കാട്ടുതീയില്‍ പെട്ട് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ വെന്തു വെണ്ണീറായവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഏകദേശം 19000ത്തോളം കെട്ടിടങ്ങളാണ് കാട്ടുതീയില്‍ വെന്തെരിഞ്ഞുപോയത്. ഇതില്‍ വീടുകളും കച്ചവടസ്ഥാപനങ്ങളും ഫ്ലാറ്റുകളും സ്‌കൂള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും ഉണ്ടായിരുന്നു. 

∙ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഉയര്‍ച്ചയും പതനവും

സിറിയയിലും ഇറാഖിലും നടന്ന ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്ന് 2014ലാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റവും ശക്തിപ്രാപിക്കുന്നത്. നഗരങ്ങളില്‍ നിന്നും നഗരങ്ങള്‍ കീഴടക്കിയ ഇവര്‍ ഇറാഖിന്റേയും സിറിയയുടേയും മൂന്നിലൊന്ന് കൈപ്പിടിയിലാക്കി. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമായി റാഖയെ ഐഎസ് പ്രഖ്യാപിച്ചു.  ലോകത്തെ പലരാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് ഐഎസ് പോരാളികളാകാന്‍ തയാറായി ഇവിടേക്കെത്തിയത്. മറ്റൊരു ഭീകരസംഘടനയേക്കാളും വേഗത്തിലും വ്യാപകവുമായിരുന്നു ഐഎസിന്റെ വളര്‍ച്ച. എണ്ണ വിറ്റും ബന്ദികളാക്കിയും ചുങ്കം പിരിച്ചും അവര്‍ പണം കൊയ്തു. ഇത് ഇസ്‌ലാമിക് സേറ്റേറ്റിനെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പണക്കൊഴുപ്പുള്ള ഭീകരസംഘനയാക്കി മാറ്റി. 

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയായി തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തിയതോടെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കാന്‍ തുടങ്ങി. അമേരിക്കയുടെ നേതൃത്വത്തില്‍ രാജ്യാന്തര സൈന്യം ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം തുടങ്ങി. ഇറാഖിന്റേയും സിറിയയുടേയും അതിര്‍ത്തിയിലെ ചെറു ഗ്രാമത്തിലേക്ക് 2019 മാര്‍ച്ചോടെ ഇസ്‌ലാമിക് സ്‌റ്റേറ്റിനെ ഒതുക്കാന്‍ ഈ നീക്കത്തിനായി. 

mosul
ഇറാഖിലെ മൊസൂൾ പുതിയ ചിത്രം

പഴയപ്രതാപമില്ലെങ്കിലും ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലും അടക്കം ഇപ്പോഴും ഇസ്‍‌ലാമിക് സ്‌റ്റേറ്റിന് സ്വാധീനമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. ബാഗ്ദാദി താമസിച്ചിരുന്ന വീട് അമേരിക്കന്‍ ആക്രമണത്തിന് മുമ്പും ശേഷം മണ്‍കൂനയായും കിടക്കുന്നത് കാണിച്ചു തന്നത് ഈ സാറ്റലൈറ്റ് ചിത്രങ്ങളായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA