ADVERTISEMENT

കിഴക്കന്‍ ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റി രണ്ടു കോഴ്‌സുകളിലെ കുട്ടികള്‍ക്ക് ക്ലാസില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഏര്‍പ്പെടുത്തി. മുഖം തിരിച്ചറിയലിലൂടെ കുട്ടികളുടെ ഹാജരും, അവര്‍ പഠിക്കുകയാണോ എന്ന കാര്യവും അറിയാമെന്നാണ് യൂണിവേഴ്‌സിറ്റി അധികാരികള്‍ പറയുന്നത്. അതേസമയം, ഈ ടെക്നോളജി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കാനും ചൈനീസ് സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.

 

നാന്‍ജിങ്ങിലെ ചൈന ഫാര്‍മസ്യൂട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് ഈ പരീക്ഷണം നടത്തിയത്. ഇത്തരം പരീക്ഷണം നടത്തുന്ന രാജ്യത്തെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് തങ്ങളുടേതെന്ന് അവര്‍ പറഞ്ഞു. പരമ്പരാഗത ഹാജര്‍ വ്യവസ്ഥയിലെ പല പോരായ്മകളും ഇതിലൂടെ പരിഹരിക്കാമെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുടെ ചെയ്തികള്‍ കൂടുതല്‍ അടുത്തറിയാന്‍ അധികാരികള്‍ക്ക് സാധിക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു.

 

രണ്ടു ക്ലാസ് റൂമുകളിലാണ് ഈ പരീക്ഷണം ആദ്യം നടത്തിയിരിക്കുന്നത്. ക്ലാസിലെത്തുന്ന പഠിതാക്കളുടെ മുഖം ക്യാമറ ഓട്ടോമാറ്റിക്കായി പിടിച്ചെടുക്കും. ഇതിന് കുട്ടികളുടെ സഹകരണം ആവശ്യമില്ല, യൂണിവേഴ്‌സിറ്റി അധികാരികള്‍ അറിയിച്ചു. ഹാജര്‍ കൂടാതെ, കുട്ടികളുടെ പഠന രീതിയെക്കുറിച്ചും അധ്യാപകര്‍ക്കും മറ്റും ശ്രദ്ധിക്കുകയും ചെയ്യാം. അവര്‍ ക്ലാസില്‍ ശ്രദ്ധിക്കുകയാണോ ചെയ്യുന്നത്, എത്ര തവണ തലയുയര്‍ത്തുന്നു, ഫോണില്‍ കളിച്ചു കൊണ്ടിരിക്കുകയാണോ, ഉറങ്ങുകയാണോ എന്നൊക്കെ അറിയാമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.

 

ക്ലാസില്‍ വരാതിരിക്കുന്ന കുട്ടികള്‍ക്കെതിരെയും നേരത്തെ ചാടിപ്പോകുന്നവര്‍ക്കെതിരെയും തനിക്കു പകരം മറ്റൊരാളെ ക്ലാസിലേക്കു വിടുന്നവര്‍ക്കെതിരെയും ഇനി നടപടി സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. എന്നാല്‍, ഈ വര്‍ത്ത രാജ്യാന്തര സമൂഹ മാധ്യമങ്ങള്‍ ഹര്‍ഷാരവത്തോടെയല്ല സ്വീകരിച്ചത്. കുട്ടികളുടെ സ്വകാര്യത മാനിക്കാതെയുള്ള പ്രവൃത്തിയാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത്തരം സിസ്റ്റം ഇപ്പോള്‍ അമേരിക്കയിലെയോ, യൂറോപ്പിലെയോ ക്ലാസുകളില്‍ പിടിപ്പിച്ചാല്‍ ആ സ്‌കൂള്‍ അടച്ചു പൂട്ടിക്കുക തന്നെ ചെയ്യുമെന്നാണ് ഒരാൾ പ്രതികരിച്ചത്.

 

എന്നാല്‍, യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞത് തങ്ങള്‍ പൊലീസിനോടും നിയമ വിദഗ്ധരോടും ഇതേപ്പറ്റി ചോദിച്ചു. ഇതു നടപ്പാക്കാന്‍ ചൈനയില്‍ വിലക്കൊന്നുമില്ല എന്നാണ് മറുപടി കിട്ടിയതെന്ന് അവര്‍ പറഞ്ഞു. ചൈനയില്‍ ക്ലാസു മുറിയെ ഒരു പൊതു സ്ഥലമായാണ് പരിഗണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കുട്ടികളെക്കൊണ്ട് കൂടുതല്‍ നന്നായി പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പദ്ധതിക്കെതിരെയാണോ നിങ്ങള്‍ പരാതി ഉന്നയിക്കുന്നത്? നിങ്ങള്‍ ഒരു വിദ്യാര്‍ഥിയാണോ, യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍മാരില്‍ ഒരാളായ സു ജിയാന്‍സെന്‍ ചോദിച്ചു.

 

ഈ സിസ്റ്റം മറ്റു ക്ലാസുകളിലും ഉപയോഗിക്കണോ എന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റി അധ്യാപകരുടെ അഭിപ്രായം തേടുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ചൈനയിലെ ഹാങ്‌സൗവിലുള്ള വേറൊരു സ്‌കൂളും മുഖം തിരിച്ചറിയല്‍ രീതി തങ്ങളുടെ ക്ലാസുകളില്‍ അവതരിപ്പിച്ചിരുന്നു. സ്മാര്‍ട് ക്ലാസ്‌റൂം പെരുമാറ്റ അവലോകന സിസ്റ്റം എന്നാണ് അവരതിനെ വിളിച്ചത്. കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിച്ചാണോ ഇരിക്കുന്നത് എന്നതിനെക്കുറിച്ച് അധ്യാപകര്‍ക്ക് തത്സമയ അറിയിപ്പു നല്‍കുന്ന ഓന്നാണ് ഇതെന്നാണ് പറയുന്നത്.

 

ചൈനയുടെ ചില ഭാഗങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെ തിരിച്ചറിയാനും ഗതാഗത നിയമങ്ങള്‍ പാലിക്കാതെ റോഡു മുറിച്ചു കടക്കുന്നവരെ പിടിക്കാനും കുറ്റവാളികളെന്നു സംശയമുള്ളവരെ കണ്ടെത്താനും ഇത് ഉപയോഗിക്കുന്നു.

 

ചൈനയിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

 

പണം ഉപയോഗിക്കുന്നതിനും സ്മാര്‍ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും മറ്റു സുരക്ഷാ കാര്യങ്ങള്‍ക്കും മുഖമാണ് നല്ലത് എന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. വിരലടയാളം പോലെയല്ലാതെ, മുഖം വളരെ അകലെ നിന്നേ സ്‌കാന്‍ ചെയ്യാം. മുഖത്തിന്റെ 80 നോഡല്‍ പോയിന്റുകള്‍ അളന്നെടുക്കുകയാണ് ചെയ്യുക. ഇവ തമ്മിലുള്ള അകലം കണക്കു കൂട്ടി ഒരാളുടെ മുഖത്തിന് ദൈര്‍ഘ്യമുള്ള ഒരു സംഖ്യ നല്‍കുന്നു. ഇതിനെ ഫെയ്‌സ് പ്രിന്റ് എന്നാണ് വിളിക്കുന്നത്.

 

ഐഫോണിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ 30,000 ഇന്‍ഫ്രാറെഡ് ഡോട്ടുകള്‍ മുഖത്തേക്ക് പ്രസരിപ്പിച്ച് മുഖത്തിന്റെ 3ഡി മോഡല്‍ പിടിച്ചെടുക്കുന്നു. മറ്റു സിസ്റ്റങ്ങള്‍ ഇന്‍ഫ്രാറെഡ് ചിത്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഫെയ്‌സ്പ്രിന്റുകളെ മറ്റു ഫെയ്‌സ്പ്രിന്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ തെറ്റുണ്ടാകാനുള്ള സാധ്യത വെറും 0.82 ശതമാനം മാത്രമാണെന്നു പറയുന്നു. എന്നാല്‍, സിസ്റ്റത്തിനു തെറ്റു പറ്റിയ പല അനുഭവങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com