ADVERTISEMENT

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല, കാലാവസ്ഥാമാറ്റമെന്നത് തട്ടിപ്പാണ്, അമേരിക്ക അന്യഗ്രഹജീവികളെ രഹസ്യമായി സൂക്ഷിക്കുന്നുണ്ട്, ഭൂമിയില്‍ പലപ്പോഴായി അന്യഗ്രഹജീവികളുടെ പറക്കും തളികകള്‍ ഇറങ്ങിയിട്ടുണ്ട്... ഇങ്ങനെ കാര്യമായ തെളിവുകളൊന്നുമില്ലെന്നും ഇന്റര്‍നെറ്റ് യുഗത്തില്‍ അതിവേഗത്തില്‍ പ്രചാരം ലഭിച്ചിട്ടുള്ള കോൺസ്പിറസി തിയറികൾ നിരവധിയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്റാവുകയും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതു വഴി പിന്നീട് അവരുടെ തന്നെ പ്രധാന നോട്ടപ്പുള്ളിയുമായി മാറിയ എഡ്വേഡ് സ്‌നോഡന്‍ തന്നെ ഇത്തരത്തിലൊരു കോൺസ്പിറസി സിദ്ധാന്തത്തിന്റെ തെളിവു തേടിയിറങ്ങിയിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകളില്‍ അന്യഗ്രഹജീവികളെക്കുറിച്ച് വല്ല വിവരങ്ങളുമുണ്ടോ എന്നായിരുന്നു സ്‌നോഡന്‍ തിരഞ്ഞത്. 

 

മുന്‍ സിഐഎ ജീവനക്കാരനും അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) കോണ്‍ട്രാക്ടറുമായിരുന്ന സ്‌നോഡന് പലരഹസ്യ രേഖകളും പരിശോധിക്കാന്‍ ഔദ്യോഗികമായി അനുമതിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് അദ്ദേഹം അന്യഗ്രഹജീവികളെക്കുറിച്ചുള്ള സത്യാവസ്ഥ തിരഞ്ഞത്. അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകളിലൊന്നും തന്നെ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളില്ലെന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

 

അടുത്തിടെ പുറത്തിറങ്ങിയ സ്‌നോഡന്റെ ആത്മകഥാപരമായ പുസ്തകമായ പെർമനന്റ് റെക്കോർഡ് (Permanent Record) ലാണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകളുള്ളത്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയെന്നത് സത്യമാണെന്നും കാലാവസ്ഥാ മാറ്റം തട്ടിപ്പല്ലെന്നും സ്‌നോഡന്‍ പറയുന്നു. അടുത്തിടെ ദ ജോ റോഗന്‍ എക്‌സ്പീരിയന്‍സ് എന്ന പോഡ്കാസ്റ്റ് പരിപാടിക്കിടയിലും സ്‌നോഡന്‍ ഇക്കാര്യം ആവര്‍ത്തിച്ചു. 

 

'എനിക്കറിയാം ജോ, നിങ്ങളടക്കമുള്ള ഭൂരിപക്ഷത്തിനും അന്യഗ്രഹജീവികള്‍ സത്യമാണെന്ന് കേള്‍ക്കാനാണ് ഇഷ്ടം. 

അന്യഗ്രഹജീവികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്ക അന്യഗ്രഹജീവികളെ സൂക്ഷിച്ചിരിക്കുന്നുവെന്ന പ്രചാരം തെറ്റാണ്. എന്‍എസ്എ, സിഐഎ, സൈനിക രേഖകള്‍ തുടങ്ങി അമേരിക്കയുടെ പ്രധാന രഹസ്യരേഖകളിലൊന്നും ഇതേപറ്റി പരാമര്‍ശമേയില്ല. ഇനി അക്കാര്യം അമേരിക്ക രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കില്‍ അത്രമേല്‍ സുരക്ഷിതമായാണ് അവര്‍ സൂക്ഷിച്ചിരിക്കുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളിലുള്ളവര്‍ക്ക് പോലും അതേപറ്റി യാതൊരു അറിവും ലഭിക്കില്ല' എന്നും സ്‌നോഡന്‍ പറയുന്നു. 

 

ഇത്തരം കോൺസ്പിറസി സിദ്ധാന്തങ്ങളെ ജനങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നുവെന്ന ചോദ്യത്തിനും സ്‌നോഡന്‍ ഉത്തരം പറയുന്നുണ്ട്. ആരെങ്കിലും നമ്മളെ നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നുണ്ടെന്ന ചിന്ത സ്വഭാവികമാണ്. ഇത്തരം വിശ്വാസങ്ങള്‍ ജീവിതത്തെ സ്വന്തം നിലക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് സ്‌നോഡന്റെ അഭിപ്രായം.  രഹസ്യാന്വേഷണ രേഖകള്‍ പരസ്യപ്പെടുത്തിയതോടെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ സ്‌നോഡന്‍ നിലവില്‍ മോസ്‌കോയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com