ADVERTISEMENT

ഒരു വർഷം മുൻപ് ചന്ദ്രനിലിറങ്ങിയ ചൈനയുടെ ചാങ്ഇ4 പേടകം ചന്ദ്രോപരിതലത്തിൽ നിന്നുള്ള എച്ച്ഡി ചിത്രങ്ങൾ അയച്ചു. ചാങ്ഇ4 ചന്ദ്രനിലിറങ്ങിയതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ചൈന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ചന്ദ്രനിലിറങ്ങിയ ശേഷം പേടകം 350 മീറ്റർ ദൂരമാണ് ഇതുവരെ സഞ്ചരിച്ചത്. 

 

12 ചാന്ദ്രദിനങ്ങളും കഴിഞ്ഞു (ഭൂമിയിലെ 29.5 ദിവസമാണു ചന്ദ്രനിലെ ഒരു ദിവസം). ചന്ദ്രോപരിതലത്തിലെ പാറകളുടെ ഘടനയും രൂപീകരണവും പഠിക്കുന്നതോടൊപ്പം എച്ച്ഡി ചിത്രങ്ങളുമെടുത്തുകൊണ്ടാണു പേടകത്തിന്റെ സഞ്ചാരം. ഈ സഞ്ചാരത്തിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പൊതുസമൂഹത്തിന് പരിശോധനയ്ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ചാങ്ഇ4 ക്യാമറയിൽ നിന്നുള്ള ഫോട്ടോകൾ എച്ച്ഡി നിലവാരത്തിൽ ഡൗൺലോഡ് ചെയ്യാം.

 

ഭൂമിയിൽ നിന്നു ദൃശ്യമാകാത്ത ചന്ദ്രന്റെ വിദൂരഭാഗത്തേക്കു (ഫാർ സൈഡ്) ചൈന അയച്ച ചാങ്ഇ–4 പേടകം വിജയകരമായാണ് പ്രവർത്തിക്കുന്നത്. ചന്ദ്രനു ചുറ്റും കറങ്ങുന്ന വിവിധ ഉപഗ്രഹങ്ങൾ ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ആദ്യമായാണ് പേടകം ഇറങ്ങുന്നത്.

 

2018 ഡിസംബർ 8 നു വിക്ഷേപിച്ച പേടകം 12നു ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. തുടർന്നു 18 ദിവസത്തെ യാത്രയ്ക്കു ശേഷം ലക്ഷ്യം നേടി. ക്യാമറകൾ, റഡാർ, സ്പെക്ട്രോമീറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളുമായാണ് പേടക്കിന്റെ യാത്ര. ചന്ദ്രന്റെ ദക്ഷിണഭാഗത്തുള്ള അതിപ്രാചീനമായ ഐയ്റ്റ്കൻ മേഖലയിലെ ഉപരിതല, ധാതു ഘടനകൾ പഠിക്കുകയാണു പ്രധാനലക്ഷ്യം. രാജ്യാന്തര ബഹിരാകാശ മൽസരത്തിൽ ദൗത്യവിജയം ചൈനയ്ക്കു വൻകുതിപ്പാണു നേടിക്കൊടുത്തിരിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.

 

ചന്ദ്രന്റെ വിദൂരഭാഗം

 

ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ തോതിലാണു ചന്ദ്രൻ സ്വയം കറങ്ങുന്നതും. ‘ടൈഡൽ ലോക്കിങ്’ എന്ന ഈ പ്രത്യേകത മൂലം ചന്ദ്രന്റെ വിദൂരഭാഗം ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരില്ല. മനുഷ്യർക്കു ദൃശ്യമല്ലാത്തതിനാൽ ഇരുണ്ട ഭാഗം എന്നും ഇത് അറിയപ്പെടുന്നു. മലകളും കുഴികളും നിറഞ്ഞതാണ് ഈ ഭാഗം. ഭൂമിയിൽ നിന്ന് ഇവിടേക്ക് ആശയവിനിമയം സാധ്യമല്ല. പ്രത്യേകമായി അയച്ച മറ്റൊരു ഉപഗ്രഹമാണ് വിദൂരഭാഗത്തു നിലയുറപ്പിച്ചിട്ടുള്ള പരീക്ഷണ പേടകത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിച്ച് ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്കു നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com