sections
MORE

കത്തിക്കേണ്ട! പ്ലാസ്റ്റിക്കിൽ നിന്ന് 18 ക്യാരറ്റ് സ്വര്‍ണം, അദ്ഭുത കണ്ടെത്തലുമായി ഗവേഷകര്‍

Lightweight-18-Carat-Gold
SHARE

സ്വര്‍ണ പ്രേമികള്‍ക്ക് ആഹ്ലാദിക്കാനൊരു വാര്‍ത്ത. തങ്ങളുടെ ഇഷ്ടലോഹത്തിന് വരും കാലത്ത് ഭാരം കുറഞ്ഞേക്കും! സ്വര്‍ണത്തിന്റെ തിളക്കവും പളപളപ്പും കുറയാതെ എന്നാല്‍, ഭാരം കുറച്ച് ഈ ലോഹം പ്ലാസ്റ്റിക്കിന്റെ മൂശയില്‍ (a matrix of plastic) സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകര്‍. അവര്‍ സൃഷ്ടിച്ച ചെമ്പിന്റെ ലോഹക്കൂട്ടില്ലാത്ത 18 ക്യാരറ്റ് സ്വര്‍ണത്തിന് അവിശ്വസനീയമായ രീതിയില്‍ ഭാരക്കുറവാണ്. ആഭരണങ്ങള്‍, വിശേഷിച്ചും വാച്ചിന്റെ ചെയ്‌നും മറ്റും നിര്‍മിക്കാന്‍ ഇത് അത്യുത്തമമായിരിക്കുമെന്നാണ് നിഗമനം.

സ്വിറ്റ്സര്‍ലൻഡ് യൂണിവേഴ്‌സിറ്റിയായ ഇറ്റിഎച്ച് സൂറിചില്‍ നിന്നുള്ള ടീമാണ് പുതിയ സ്വര്‍ണം സൃഷ്ടിച്ചത്. പരമ്പരാഗത സ്വര്‍ണത്തേക്കാള്‍ 5 മുതല്‍ 10 തവണ വരെ ഭാരക്കുറവ് പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. പരമ്പരാഗത 18 ക്യാരറ്റ് സ്വര്‍ണത്തില്‍ മൂന്നില്‍ രണ്ടുസ്വര്‍ണവും ബാക്കി ചെമ്പുമാണല്ലോ. ഇതിന്റെ സാന്ദ്രത ഏകദേശം 15 g/cm3 ആണ്. ലിയോണി വാന്റ് ഹാഗിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പ്രോട്ടീന്‍ ഫൈബറുകളും പോളിമല്‍ ലാറ്റെക്‌സും ഉപയോഗിച്ച് ഒരു മൂശ സൃഷ്ടിക്കുകയായിരുന്നു. ഇവയ്ക്കിടയില്‍ അവര്‍ സ്വര്‍ണത്തിന്റെ നാനോക്രിസ്റ്റലുകളുടെ നേര്‍ത്ത ഡിസ്‌കുകള്‍ പാകുകയായിരുന്നു.

ഇതു കൂടാതെ, പുതിയ കനം കുറഞ്ഞ സ്വര്‍ണത്തില്‍, വായുവിന്റെ സൂക്ഷ്മമവും, അദൃശ്യവുമായ പോക്കറ്റുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്വര്‍ണത്തിന്റെ പ്ലെയ്റ്റ്‌ലെറ്റസും പ്ലാസ്റ്റിക്കും ഉരുകിച്ചേര്‍ന്നുണ്ടാകുന്ന വസ്തു എളുപ്പത്തില്‍ ഉല്‍പ്പന്നമാക്കിയെടുക്കാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നത്.

പുതിയ സ്വര്‍ണത്തിന് പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളാണ് ഉള്ളത്. ഇതിന്റെ ഒരു ഭാഗം താഴെ വീണാല്‍ പ്ലാസ്റ്റിക്ക് വീഴുന്ന ശബ്ദമാണ് കേള്‍ക്കുക. എന്നാല്‍, ഇത് ശരിക്കുള്ള സ്വര്‍ണം പോലെ തിളങ്ങുകയും ചെയ്യും. പുതിയ വസ്തുവും മിനുക്കിയെടുക്കുകയും പല തരം ആഭരണങ്ങളാക്കുകയും ചെയ്യാമത്രെ. പുതിയ വസ്തുവിന്റെ നിര്‍മാണത്തില്‍ എത്ര സ്വര്‍ണം ഉപയോഗിച്ചിരിക്കുന്നു എന്നതിനെ ആസ്പദമാക്കി അതിന്റെ കട്ടി മാറ്റുകയും ചെയ്യാം.

മൂശയിലെ ലാറ്റക്‌സിനു പകരം പോളിപ്രോപിലീന്‍ (polypropylene) തുടങ്ങിയ പ്ലാസ്റ്റിക്കും ഉപയോഗിക്കാം. പോളിപ്രോപിലീന്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് നിശ്ചിത ഊഷ്മാവില്‍ ദ്രാവക രൂപത്തിലാകും. അതുകൊണ്ട് പോളിപ്രോപിലീന്‍ ഉപയോഗിച്ചു നിര്‍മിച്ച പ്ലാസ്റ്റിക് സ്വര്‍ണവും ഉരുക്കുകയും ചെയ്യാം. എന്നാല്‍, ശരിക്കുള്ള സ്വര്‍ണം ഉരുക്കുന്നത്ര ചൂടു വേണ്ടാ താനും. പ്ലാസ്റ്റിക് സ്വര്‍ണത്തിന് ആഭരണ നിര്‍മ്മാണവും വാച്ചിന്റെ ചെയിൻ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം. കൂടാതെ, കെമിക്കല്‍ ദ്രവീകരണത്തിനും ഇലക്ട്രോണിക് ആവശ്യങ്ങള്‍ക്കും റേഡിയേഷന്‍ ഷീല്‍ഡ് നിര്‍മിക്കാനും പ്രയോജനപ്പെടുമെന്നും പറയുന്നു. കിലോ കണക്കിനു സ്വര്‍ണം ചാര്‍ത്തി നടക്കുന്നവര്‍ ഇന്നും ഇന്ത്യയിലുണ്ട്. ഇത്തരക്കാരുടെ ശരീരത്തിന് ആശ്വാസം നല്‍കാന്‍ ചിലപ്പോള്‍ പുതിയ സ്വര്‍ണ്ണത്തിനു സാധിച്ചേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA