ADVERTISEMENT

ഇലോൻ മസ്കിന്റെ സ്‌പേസ് എക്‌സിന്റെ ചന്ദ്രനിലേക്കുളള കന്നി ടൂറിസ്റ്റ് യാത്രയിൽ കൂടെകൂട്ടാൻ ഒരു സ്ത്രീ പങ്കാളിയെ തേടുന്നുവെന്ന് ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സാവ. സ്ത്രീ പങ്കാളിയെ വേണമെന്ന് ട്വിറ്റർ, ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് യുസാകു പരസ്യം നൽകിയിരിക്കുന്നത്.

 

സ്പേസ് എക്സിന്റെ ദൗത്യം നടന്നാൽ 44 കാരനായ യുസാകു സ്റ്റാർഷിപ്പ് റോക്കറ്റിൽ ചന്ദ്രനുചുറ്റും പറക്കുന്ന ആദ്യത്തെ സിവിലിയൻ യാത്രക്കാരനാകുമെന്നാണ് കരുതുന്നത്. 2023 ൽ ആസൂത്രണം ചെയ്ത ഈ ദൗത്യം 1972 ന് ശേഷം മനുഷ്യരുടെ ആദ്യത്തെ ചാന്ദ്ര യാത്രയായിരിക്കും. ഒരു ‘പ്രത്യേക’ സ്ത്രീയുമായി അനുഭവം പങ്കിടാൻ ആഗ്രഹിക്കുന്നു എന്നാണ് ട്വീറ്റിൽ പറയുന്നത്.

 

കാമുകിയായ അയാം ഗോരികി (27) എന്ന നടിയിൽ നിന്ന് അടുത്തിടെ പിരിഞ്ഞ ഈ സംരംഭകൻ തന്റെ വെബ്‌സൈറ്റിൽ ‘മാച്ച് മേക്കിങ് ഇവന്റിനായി” സ്ത്രീകളോട് അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകാന്തതയുടെയും ശൂന്യതയുടെയും വികാരങ്ങൾ പതുക്കെ എന്നിൽ ഉയരാൻ തുടങ്ങുമ്പോൾ, ഞാൻ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്: ഒരു സ്ത്രീയെ സ്നേഹിക്കുന്നത് തുടരുക – എന്നാണ് മെയ്‌സാവ തന്റെ വെബ്‌സൈറ്റിൽ കുറിച്ചിരിക്കുന്നത്. എനിക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ ആഗ്രഹമുണ്ടെന്നും മെയ്‌സാവ കൂട്ടിച്ചേർത്തു. എന്റെ ഭാവി പങ്കാളിയുമായി, ബഹിരാകാശത്ത് നിന്ന് ഞങ്ങളുടെ സ്നേഹവും ലോകസമാധാനവും ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

നിബന്ധനകളുടെ ലിസ്റ്റും മൂന്ന് മാസത്തെ ആപ്ലിക്കേഷൻ പ്രോസസ്സിനായുള്ള ഷെഡ്യൂളും വെബ്‌സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു ഡേറ്റിങ് പ്രൊഫൈൽ ശൈലിയിൽ എഴുതിയ നിബന്ധനകളിൽ പ്രധാനപ്പെട്ടത് അപേക്ഷകർ അവിവാഹിതരായിരിക്കണം, 20 വയസ്സിനു മുകളിൽ പ്രായമുള്ളവർ, എല്ലായ്പ്പോഴും പോസിറ്റീവ്, ബഹിരാകാശത്തേക്ക് പോകാൻ താൽപ്പര്യമുള്ളവർ എന്നിവയാണ്.

 

അപേക്ഷകൾക്കുള്ള അവസാന തീയതി ജനുവരി 17 ആണ്, മെയ്‌സാവയുടെ പങ്കാളിയെക്കുറിച്ചുള്ള അന്തിമ തീരുമാനം മാർച്ച് അവസാനം തീരുമാനിക്കും. ഹാർഡ്‌കോർ പങ്ക് ബാൻഡിൽ ഡ്രമ്മർ എന്ന നിലയിൽ പ്രശസ്തി നേടിയ ഒരു വിചിത്ര വ്യക്തിയാണ് മെയ്‌സാവ. 

 

ജാപ്പനീസ് ഓൺലൈൻ വസ്ത്ര റീട്ടെയിലർ സോസോ ഇങ്കിന്റെ സ്ഥാപകനായ മെയ്‌സാവ ഫാഷൻ ലോകത്ത് നിന്നാണ് തന്റെ സമ്പാദ്യമെല്ലാം നേടിയത്. 300 കോടി ഡോളറിനടുത്ത് വ്യക്തിപരമായ സ്വത്ത് അദ്ദേഹത്തിനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിൽ കൂടുതൽ പണവും അദ്ദേഹം കലയ്ക്കായി ചെലവഴിക്കുന്നു.

 

മറ്റൊരു പ്രശസ്ത ശതകോടീശ്വരനായ ഇലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ചന്ദ്രനുചുറ്റും നടത്തുന്ന ആദ്യത്തെ സ്വകാര്യ യാത്രക്കാരനായി കഴിഞ്ഞ വർഷം അവസാനം തന്നെ മെയ്‌സാവ ബുക്ക് ചെയ്തിരുന്നു. ബഹിരാകാശത്തേക്കുള്ള ടിക്കറ്റിനായി മെയ്‌സാവ നൽകുന്ന വില സ്പേസ് എക്സ് വെളിപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com