ADVERTISEMENT

ബഹിരാകാശത്തെ സാറ്റലൈറ്റുകള്‍ തമ്മിലുള്ള ബന്ധം കാര്യക്ഷമമാക്കുന്നതിന് ഐഎസ്ആര്‍ഒ പുതിയ സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നു. ഗഗന്‍യാന്‍ അടക്കമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ കണക്കിലെടുത്താണ് IDRSS (Indian Data Relay Satellite System) എന്ന് വിളിക്കുന്ന പുതിയ സാറ്റലൈറ്റ് ശൃംഖല സൃഷ്ടിക്കുന്നത്. ഭൂമിയില്‍ നിന്നും കുറഞ്ഞ ഉയരത്തിലുള്ള സാറ്റലൈറ്റുകളെ തുടര്‍ച്ചയായി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാകും ഈ സംവിധാനം ഏറെ ഉപകാരപ്പെടുക.

 

സ്‌പേസ് സ്റ്റേഷന്‍, അതിന്റെ ഭാഗമായുള്ള സ്‌പേസ് ഡോക്കിങ് തുടങ്ങി ഭൂമിയോട് ചേര്‍ന്നുള്ള ബഹിരാകാശ ദൗത്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഇസ്രോയ്ക്ക് നിര്‍ണ്ണായകമാണ് ഈ പുതിയ സംവിധാനം. ഭാവിയില്‍ ചാന്ദ്ര, ചൊവ്വ, വ്യാഴം ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോഴും ഈ സംവിധാനം ഉപകാരപ്പെടും. ഭൂമിയില്‍ നിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങളെ നിരീക്ഷിക്കാനും ഈ സാറ്റലൈറ്റുകളെ ഉപയോഗിക്കാനാകുമെന്ന് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.

 

ഇന്ത്യ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായിരിക്കും IDRSS ആദ്യം ഗുണം ചെയ്യുക. 2022ലാണ് ഗഗന്‍യാന്‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഗഗന്‍യാനിലെ സംഘാംഗങ്ങളുമായി നിരന്തരം വിവരങ്ങളുടെ വിനിമയം സാധ്യമാവുക ഈ സാറ്റലൈറ്റുകള്‍ വഴിയായിരിക്കും. 

 

ഗഗന്‍യാന്‍ ഭൂമിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലായിരിക്കും ഭൂമിയെ വലം വെക്കുക. ഇത്ര ചെറിയ ഉയരമായതിനാല്‍ തന്നെ ഭൂമിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാവുന്ന ദൂരപരിധി കുറവായിരിക്കും. പല രാജ്യങ്ങളിലേയും ബഹിരാകാശ ഏജന്‍സികളുടെയും ഗ്രൗണ്ട് സ്റ്റേഷനുകളുടെ സഹായം സ്വീകരിച്ചാലും എപ്പോഴും ഗഗന്‍യാനെ നിരീക്ഷിക്കുക സാധ്യമാകില്ല. അതിനുള്ള പരിഹാരമായാണ് പുതിയ സാറ്റലൈറ്റുകള്‍ വരുന്നത്.

 

2000 കിലോഗ്രാം ഭാരം വരുന്ന ഐഡിആര്‍എസ്എസ് സാറ്റലൈറ്റുകള്‍ ഭൂമിയില്‍ നിന്നും 36,000 കിലോമീറ്റര്‍ അകലത്തിലാണ് ഉണ്ടാവുക. താരതമ്യേന സ്ഥിരമായ ഭ്രമണപഥത്തില്‍ നിന്നുകൊണ്ട് ഭൂമിയിലെ പ്രത്യേക ഭാഗം എപ്പോഴും പരിധിയില്‍ വരുത്താന്‍ ഇത്തരം സാറ്റലൈറ്റുകള്‍ക്ക് സാധിക്കും. ഒരു സാറ്റലൈറ്റുകൊണ്ട് ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം പരിധിയില്‍ വരുത്താനാകും. 

ഇത്തരത്തിലുള്ള രണ്ട് സാറ്റലൈറ്റുകളുടെ നിര്‍മ്മാണം ഐഎസ്ആര്‍ഒ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ആദ്യ സാറ്റലൈറ്റ് വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗഗന്‍യാന് മുന്നോടിയായുള്ള മനുഷ്യരില്ലാത്ത ദൗത്യത്തിന് മുൻപ് തന്നെ ഇത് ബഹിരാകാശത്തെത്തുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെ സാറ്റലൈറ്റ് 2021ലാകും വിക്ഷേപിക്കുക. 

 

ഗഗന്‍യാന്‍ സംഘവുമായി എപ്പോഴും ബന്ധം നിലനിര്‍ത്തുകയെന്ന സുപ്രധാന ദൗത്യമാകും ഈ സാറ്റലൈറ്റുകള്‍ക്കുണ്ടാവുക. ഇന്ത്യന്‍ സഞ്ചാരികള്‍ ബഹിരാകാശത്തെത്തിയാല്‍ നമുക്ക് ഈ IDRSS സാറ്റലൈറ്റുകള്‍ നിര്‍ബന്ധമാണ്. എന്നാല്‍, ഗഗന്‍യാനിന്റെ ഭാഗമായുള്ള സഞ്ചാരികളില്ലാത്ത ദൗത്യത്തില്‍ തന്നെ ഈ സാറ്റലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു കഴിഞ്ഞു. 

 

ബഹിരാകാശത്തെ വന്‍ശക്തികളായ അമേരിക്കയും റഷ്യയും അടക്കം സഞ്ചാരികളുമായുള്ള വിവരകൈമാറ്റത്തിന് സമാനമായ സാറ്റലൈറ്റുകളുടെ ശൃംഖലകളെ ഉപയോഗിക്കുന്നുണ്ട്. 1970കളിലും 80കളിലും തന്നെ അമേരിക്കയും റഷ്യയും ഈ സംവിധാനം ഉപയോഗിക്കുന്നു. ഇതില്‍ ചിലതില്‍ 10 സാറ്റലൈറ്റുകള്‍ വരെയുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയം, റഷ്യയുടെ മിര്‍ തുടങ്ങിയവയെല്ലാം ഇത്തരം സാറ്റലൈറ്റുകളുടെ കൂടി സഹായത്തിലാണ് വിവരങ്ങള്‍ കൈമാറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com