sections
MORE

ഓസ്ട്രേലിയിലെ കാട്ടുതീ പിന്നിൽ ഗൂഢാലോചന, കത്തിക്കാൻ ലേസറുകളും സ്മാര്‍ട് മീറ്ററുകളും

laser-fire
SHARE

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഓസ്‌ട്രേലിയക്ക് തലവേദനയാകുന്നുണ്ട് കാട്ടുതീ. 15 ദശലക്ഷം ഏക്കറോളം വനമാണ് ഈ കാട്ടുതീയില്‍ നശിച്ചത്. 1400ഓളം വീടുകള്‍ ചാമ്പലാക്കിയ കാട്ടുതീ 24 മനുഷ്യരുടേയും ആയിരക്കണക്കിന് ജീവജാലങ്ങളുടേയും ജീവനെടുക്കുകയും ചെയ്തു. ദുരന്തത്തിനു പിന്നാലെ ഇതിന്റെ കാരണം തേടിയുള്ള ചില ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഓസ്‌ട്രേലിയയുടെ ഉറക്കം കെടുത്തുന്നുണ്ട്. 

അതിവേഗ റെയില്‍ പദ്ധതിക്കുവേണ്ടി കളമൊരുക്കാനായി സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഓസ്‌ട്രേലിയയിലെ കാട്ടുതീയെന്ന് വന്‍ പ്രചാരണം നടക്കുന്നുണ്ട്. സോഷ്യല്‍മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയുമാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീക്ക് പിന്നില്‍ അതിവേഗ റെയില്‍ പദ്ധതിയാണെന്ന പ്രചാരണം നടത്തുന്നത്. ഓസ്‌ട്രേലിയക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് പേര്‍ ഈ വിവാദത്തെ ഏറ്റെടുത്തതോടെ സോഷ്യല്‍മീഡിയയില്‍ കാട്ടുതീയായി പ്രചരിക്കുകയാണ് ഈ കോൺസ്പിറസി തിയറി. 

ബ്രിസ്‌ബെയിനില്‍ നിന്നും മെല്‍ബണ്‍ വരെയുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍പദ്ധതിക്കായാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കാട്ടുതീയെന്നാണ് കോൺസ്പിറസി തിയറിക്കാരുടെ വാദം. കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട് മീറ്ററുകളും നിയന്ത്രിത സ്‌ഫോടനങ്ങളും നടത്തുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനെ സാധൂകരിക്കാനായി ഇവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. 

സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കിട്ടാന്‍ എല്ലാവരേയും വന്‍ നഗരങ്ങളിലേക്ക് പറിച്ചു നടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു. ബ്രിസ്‌ബെയിന്‍ മുതല്‍ മെല്‍ബണ്‍ വരെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള അതിവേഗ റെയില്‍ പാതയുടെ അതേ മാര്‍ഗത്തിലൂടെയാണ് കാട്ടുതീ വ്യാപിച്ചതെന്നതും ഇവര്‍ തെളിവായി നിരത്തുന്നു. 

ഓസ്‌ട്രേലിയയിലെ പ്രധാന കോൺസ്പിറസി തിയറിക്കാരില്‍ ഒരാളായ മാക്‌സ് ഈഗന്റെ ഒരു വിഡിയോ 12000 ലേറെ പേരാണ് ഫെയ്സ്ബുക്കില്‍ മാത്രം പങ്കുവെച്ചത്. ഓസ്‌ട്രേലിയന്‍ കൂട്ടക്കൊലയെന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോയില്‍ അധികൃതര്‍ നടത്താന്‍ പോകുന്ന കൂട്ടക്കൊലയുടെ മുന്നോടിയായാണ് ഈ കാട്ടുതീ എന്നും ആരോപിക്കുന്നു. കാട്ടുതീയുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും അവര്‍ കാലാവസ്ഥാ വ്യതിയാനത്തിന് മുകളില്‍ കെട്ടിവെക്കുമെന്നും മാക്‌സ് ഈഗന്‍ പറയുന്നു. 

laser-fire-

ഫെയ്സ്ബുക്കും യുട്യൂബും അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. പ്രത്യേകിച്ചും പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് ഫെയ്സ്ബുക് തടഞ്ഞിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയന്‍ കാട്ടുതീയുടെ കാര്യത്തില്‍ അത് സംഭവിക്കുന്നില്ലെന്നുമാണ് ആരോപണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA