ADVERTISEMENT

മനുഷ്യന്റെ മുന്‍ധാരണകളെ തെറ്റിക്കുകയാണ് പൂര്‍വികരായ നിയാഡര്‍താലുകള്‍. നിവര്‍ന്നു നടന്നിരുന്ന മനുഷ്യന്റെ പൂര്‍വികര്‍ക്ക് നീന്താനും ഊളിയിടാനും ശേഷിയുണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍. മാത്രമല്ല കടലിന് അടിയില്‍ നിന്നും മുങ്ങിതപ്പിയെടുത്ത ശംഖുകളും മറ്റും ആയുധങ്ങളായി ഉപയോഗിച്ചിരുന്നെന്നും ഇപ്പോഴാണ് തിരിച്ചറിയുന്നത്.

 

നിയാഡര്‍താലുകളെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയിട്ടുള്ള ഇറ്റലിയിലെ പുരാവസ്തു കേന്ദ്രത്തില്‍ നിന്നാണ് ഈ കണ്ടെത്തലിലേക്ക് നയിച്ച വിവരങ്ങള്‍ ലഭിച്ചതും. 171 വിവിധ കടല്‍ ശംഖുകളാണ് ഇവിടെ നിന്നും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. ആധുനിക മനുഷ്യര്‍ യൂറോപിലെത്തും മുൻപെ പൂര്‍വികരായ നിയാഡര്‍താലുകള്‍ കടലിനടിയിലേക്ക് ദിനം പ്രതിയെന്നോണം ഊളിയിരുന്നു എന്നതിന്റെ തെളിവുകളാണിത്. 

 

1949ല്‍ ആദ്യമായി കണ്ടെത്തിയ ഈ പുരാവസ്തു ശേഖരം ഗ്രോട്ട ഡെ മോസെറെനി എന്ന ഗുഹയിലാണുള്ളത്. 70,000 വര്‍ഷങ്ങള്‍ പഴക്കമുള്ള നിയാഡര്‍താലുകളുമായി ബന്ധപ്പെട്ട വസ്തുക്കളാണ് ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെത്തിയത്. ഈ ഗുഹ ഇപ്പോള്‍ ഉപയോഗയോഗ്യമല്ലെങ്കിലും ഇവിടെ നിന്നും ലഭിച്ച 171 സമുദ്രശംഖുകളാണ് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത്. 

 

ശംഖുകളില്‍ പലതും ആയുധങ്ങളായി തന്നെ ഉപയോഗിച്ചവയാണ്. മാത്രമല്ല കണ്ടെത്തിയവയില്‍ നാലിലൊന്ന് ഭാഗം കടലില്‍ നിന്നും മുങ്ങിയെടുത്തവയാണ്. കടലില്‍ നിന്നും മുങ്ങിയെടുക്കുന്ന ശംഖുകള്‍ക്ക് തിളക്കം കൂടും. കടല്‍ക്ഷോഭത്തിലും തിരയിലും പെട്ട് കരക്കടിയുന്ന ശംഖുകളില്‍ സൂര്യപ്രകാശം തട്ടി പലപ്പോഴും മിനുസവും തിളക്കവും നഷ്ടപ്പെടാറുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഗവേഷകര്‍ നിയാഡര്‍താലുകള്‍ മുങ്ങിയെടുത്തവയാണ് ശംഖുകളില്‍ വലിയൊരു ഭാഗമെന്ന് തിരിച്ചറിഞ്ഞത്. 

 

നിയാഡര്‍താലുകളുടെ ചെവിക്കകത്തെ എല്ലുകളില്‍ ചിലത് അസാധാരണമാം വിധം വളര്‍ന്നിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു. ആധുനിക മനുഷ്യരില്‍ ഇത്തരത്തില്‍ ചെവിക്കകത്തെ എല്ലിന് വലുപ്പക്കൂടുതല്‍ കാണുന്നത് തണുത്ത വെള്ളവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പെടുന്നവരാണ്. ഇത് നിയാഡര്‍താലുകള്‍ സമുദ്രജീവികളെ പിടിച്ച് ഭക്ഷണമാക്കിയിരുന്നുവെന്ന നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തക്ക ബൗദ്ധിക ശേഷിയുള്ളവരായി നിയാഡര്‍താലുകളെ നേരത്തെ കരുതിയിരുന്നില്ല. ആ ധാരണ അമ്പേ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com