ADVERTISEMENT

ബഹിരാകാശത്ത് മണിക്കൂറിൽ 53,000 കിലോമീറ്റർ വേഗത്തിൽ നേർക്കുനേർ കുതിച്ചെത്തിയത് രണ്ടു സാറ്റലൈറ്റുകളാണ്. പ്രവര്‍ത്തനശൂന്യമായ രണ്ടു സാറ്റലൈറ്റുകൾ കൂട്ടിയിടിക്കാമെന്ന് വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഗവേഷകരും ബഹിരാകാശ ഏജൻസികളും ആകാംക്ഷയിലായിരുന്നു. എന്നാൽ, ഒന്നും സംഭവിക്കാതെ ബുധനാഴ്ച രണ്ട് ഉപഗ്രഹങ്ങളും പരസ്പരം കടന്നുപോയി. കൂട്ടിയിടിച്ചിരുന്നുവെങ്കിൽ ബഹിരാകാശത്ത് ആയിരക്കണക്കിന് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുമായിരുന്നു.

 

ഒരു രാജ്യാന്തര ബഹിരാകാശ ദൂരദർശിനിയും എതിർ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഒരു പരീക്ഷണാത്മക യുഎസ് പേടകവുമാണ് പ്രശ്നങ്ങളൊന്നും സംഭവിക്കാതെ മറികടന്നുപോയതെന്ന് യുഎസ് സ്പേസ് കമാൻഡ് വക്താവ് പറഞ്ഞു. യുഎസ് നഗരമായ പിറ്റ്സ്ബർഗിന് മുകളിൽ വച്ചാണ് ഇരു ഉപഗ്രഹങ്ങളും മറികടന്നു പോയത്. ഭൂമിയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ഇരു സാറ്റലൈറ്റുകളും സഞ്ചരിക്കുന്നത്. അതിവേഗത്തിൽ (ഹൈപ്പർവെലോസിറ്റി) സഞ്ചരിക്കുന്ന വലിയ സാറ്റലൈറ്റുകൾ ഉൾപ്പെടുന്ന കൂട്ടിയിടികൾ അപൂർവവും അപകടകരവുമാണ്. ഇത് ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ പേടകങ്ങളെ അപകടപ്പെടുത്തും.

 

നാസ, ബ്രിട്ടൻ, നെതർലാൻഡ്‌സ് എന്നിവയുടെ സംയുക്ത പദ്ധതിയായി ഇൻഫ്രാറെഡ് അസ്ട്രോണമിക്കൽ സാറ്റലൈറ്റ്സ് (ഐആർ‌എസ്) എന്ന ബഹിരാകാശ ദൂരദർശിനി 1983ലാണ് വിക്ഷേപിച്ചത്. ഇതിന്റെ ദൗത്യം 10 മാസം മാത്രമാണ് നീണ്ടുനിന്നത്. ഈ ബഹിരാകാശ ദൂരദർശിനിയാണ് ബുധനാഴ്ച കൂട്ടിയിടിക്കാൻ സാധ്യതയുണ്ടായിരുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി നൽകിയ കണക്കുകൾ പ്രകാരം ഇതിന് ഒരു ടൺ ഭാരമുണ്ട്. ഒരു ട്രക്കിന്റെ വലുപ്പം വരും. ഏകദേശം നാല് മുതൽ മൂന്ന് മീറ്റർ വരെ നീളവുമുണ്ട്. 

 

പരീക്ഷണാത്മക യുഎസ് ഉപഗ്രഹമായ ജിജിഎസ്ഇ -4 1967 ലാണ് യുഎസ് വ്യോമസേന വിക്ഷേപിച്ചത്. വെറും 85 കിലോഗ്രാം (190 പൗണ്ട്) ഭാരമുള്ള ഈ പേടകത്തിന് അസാധാരണമായ ആകൃതിയാണ്. ഇതാണ് കൂട്ടിയിടിക്കാൻ വന്ന രണ്ടാമത്തെ ഉപഗ്രഹം. ഇവ രണ്ടു കൂട്ടിയിടിച്ചിട്ടുണ്ടെങ്കിൽ, 10 സെന്റീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള ആയിരത്തോളം കഷണങ്ങളും ഒരു സെന്റീ മീറ്ററിനേക്കാൾ വലുപ്പമുള്ള 12,000 ത്തിലധികം ശകലങ്ങളും സൃഷ്ടിക്കാൻ കഴിയുമായിരുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞൻ ഡാൻ ഓൾട്രോഗ് പറഞ്ഞു.

 

2009 ൽ ആദ്യമായി ആശയവിനിമയ സാറ്റലൈറ്റായ ഇറിഡിയം 33 റഷ്യൻ ഉപഗ്രഹമായ കോസ്മോസ് 2251 ൽ കൂട്ടിയിടിച്ചു അപകടം സംഭവിച്ചിരുന്നു. ഇത് കാരണം താഴ്ന്ന ഭ്രമണപഥത്തിൽ ആയിരത്തോളം വലിയ വസ്തുക്കളുടെ അവശിഷ്ടങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com