ADVERTISEMENT

അയര്‍ലണ്ടിലെ ഏറ്റവും പ്രസിദ്ധയായ മമ്മി ടകബുട്ടി പിന്നില്‍ നിന്നും കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തല്‍. കുത്തേറ്റത് മൂലം ഇടത്തേ തോളിനേറ്റ ആഴത്തിലുള്ള മുറിവാണ് ടകബുട്ടിന്റെ മരണകാരണമായത്. 2600 വര്‍ഷം മുൻപത്തെ ഈജിപ്ഷ്യന്‍ മമ്മിയുടെ മരണകാരണമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

 

ഈജിപ്തില്‍ നിന്നും 1834ല്‍ അയര്‍ലണ്ടിലെത്തിച്ചതിന് ശേഷമാണ് ടകബുട്ടിന്റെ തുണികൊണ്ടുള്ള ആവരണം നീക്കിയിരുന്നത്. എന്നിട്ടിതുവരെ ടകബുട്ടിന്റെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. നേരത്തെയും മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുള്ള ടകബുട്ടിയെക്കുറിച്ച് ഒരു കവിത പ്രസിദ്ധീകരിക്കുകയും മമ്മിയിലെ ആവരണം നീക്കുന്നതിനെക്കുറിച്ച് ചിത്രം വരക്കുകയും ചെയ്തിട്ടുണ്ട്. 

 

മികച്ച രീതിയില്‍ സംസ്‌കരിച്ചിരുന്ന ടകബുട്ടിന്റെ മമ്മിയില്‍ നിന്നും ചുരുണ്ട മുടിയാണ് അവര്‍ക്കുണ്ടായിരുന്നതെന്നും ഇരുപതുകളിലാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അപൂര്‍വ്വമായ രണ്ട് ശാരീരിക പ്രത്യേകതകള്‍ കൂടി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. സാധാരണ മനുഷ്യരില്‍ 32 പല്ലുകളാണെങ്കില്‍ ടകബുട്ടിന് 33 പല്ലുകളാണുണ്ടായിരുന്നത്. ഇത് ആകെയുള്ള മനുഷ്യരില്‍ 0.02 ശതമാനം പേര്‍ക്ക് മാത്രമേ ഉണ്ടാകാറുള്ളൂ. 

 

ടകബുട്ടിന്റെ മമ്മിയില്‍ നടത്തിയ സ്‌കാനുകളില്‍ നിന്നും അവര്‍ക്ക് നട്ടെല്ലിലെ ഒരു കശേരു കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. എക്‌സ്‌റേ സ്‌കാനുകളും സിടി സ്‌കാനുകളും കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയും വഴിയാണ ടകബുട്ടിന്റെ മമ്മിയില്‍ ഗവേഷകര്‍ നടത്തിയത്. ഇടത്തേ തോളെല്ലിന് മുകളില്‍ കഴുത്തിനോട് ചേര്‍ന്നാണ് ആഴത്തില്‍ കുത്തേറ്റ മുറിവ് കണ്ടെത്തിയത്. 

 

ഈജിപ്ഷ്യന്‍ മമ്മികളില്‍ ഉയര്‍ന്ന പദവികളിലും രാജകുടുംബത്തിലും ഉള്‍പെടാത്തവരില്‍ മാത്രമേ ഹൃദയം കണ്ടിരുന്നുള്ളൂ. അല്ലാത്തവരുടെ മമ്മികള്‍ ഒരുക്കുന്ന സമയത്ത് തന്നെ ഹൃദയം മാറ്റുകയാണ് പതിവ്. അത്തരത്തില്‍ പുറത്തെടുക്കുന്ന ഹൃദയം പ്രത്യേക പരിചരണങ്ങള്‍ക്കൊടുവില്‍ തുണിയിലും മറ്റും പൊതിഞ്ഞ് വീണ്ടും നെഞ്ചിന്‍ കൂടിനുള്ളില്‍ വെക്കും. ഹൃദയം മാത്രമല്ല ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം ഇത്തരത്തില്‍ മമ്മിയാക്കും മുൻപ് മൃതശരീരത്തില്‍ നിന്നും ഈജിപ്തുകാര്‍ നീക്കം ചെയ്തിരുന്നു. ദീര്‍ഘകാലം മമ്മികള്‍ കേടുകൂടാതിരിക്കാന്‍ ഈ രീതി സഹായിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com