sections
MORE

10 ദിവസത്തിനുള്ളിൽ ചൈന നിർമിച്ചത് ഹൈടെക് ആശുപത്രി, മരുന്നെത്തിക്കാൻ റോബോട്ടുകൾ

hospital-china
SHARE

കൊറോണ വൈറസിനെ നേരിടാൻ ചൈനീസ് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് ചൈനയിലെ ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നത്. എല്ലാം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ്. സാറ്റലൈറ്റ് ഡേറ്റകൾ മുതൽ ചെറിയ ഗവേഷണ കുറിപ്പുകൾ വരെ അവർ വിലയിരുത്തുന്നു. പരീക്ഷണത്തിനും നിരീക്ഷണത്തിനുമായി പുതിയ ഹൈടെക് കിറ്റുകളാണ് ചൈനീസ് ഗവേഷകർ വിതരണം ചെയ്യുന്നത്. ഇതിനായി ഫണ്ട് നൽകാൻ അലിബാബ പോലുള്ള കമ്പനികൾ സജ്ജമാണ്.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേവലം 10 ദിവസത്തിനുള്ളിലാണ് 1,000 കിടക്കകളുള്ള ഒരു ഹൈടെക് ആശുപത്രി തന്നെ ചൈനീസ് സര്‍ക്കാർ ഒരുക്കിയത്. മധ്യ ചൈനയിലെ വുഹാനില്‍ തന്നെ ജോലി ചെയ്യുന്ന നിർമാണ ജോലിക്കാരാണ് ഹുവോഷെൻഷാൻ ആശുപത്രി നിർമിച്ചത്. തൊട്ടുപിന്നാലെ 1,500 കിടക്കകളുള്ള രണ്ടാമത്തെ സൗകര്യവും ഈ ആഴ്ച തുറന്നു.

സാർസ് രോഗം വന്നപ്പോഴും ഇതു പോലെ പ്രത്യേകം ആശുപത്രികൾ നിർമിച്ചവരാണ് ചൈന. ജനുവരി 24 ന് പണി തുടങ്ങിയ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10 ന് തന്നെ ആദ്യ രോഗി എത്തി. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമി 1,400 ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വുഹാൻ ആശുപത്രിയിലെത്തിക്കാൻ അയച്ചതായി ഔദ്യോഗിക സിൻ‌ഹുവ വാർത്താ ഏജൻസി അറിയിച്ചു. ചിലർക്ക് സാർസിനോടും മറ്റ് മഹാമാരികളോടും പോരാടിയ പരിചയമുണ്ടെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസിനെ തടയാനുള്ള ശ്രമത്തിൽ അധികൃതർ വുഹാനിലേക്കും പരിസര നഗരങ്ങളിലേക്കുമുള്ള റോഡ്, റെയിൽ, വിമാന പ്രവേശനം റദ്ദ് ചെയ്തിരിക്കുകയാണ്. ഇതോടെ 5 കോടി ആളുകൾ ഒറ്റപ്പെട്ടു.

7,000 അംഗങ്ങളുള്ള മരപ്പണിക്കാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, മറ്റ് വിദഗ്ധർ എന്നിവരാണ് ഹുവോഷെൻ ആശുപത്രി നിർമിച്ചതെന്ന് സിൻഹുവ ന്യൂസ് ഏജൻസി അറിയിച്ചു. ശൈത്യകാല വസ്ത്രങ്ങൾ, സുരക്ഷാ ഹെൽമെറ്റുകൾ, ദശലക്ഷക്കണക്കിന് ശസ്ത്രക്രിയാ മാസ്കുകൾ എന്നിവ ആശുപത്രിയിലേക്ക് ഒരു രാത്രികൊണ്ട് തന്നെ എത്തിച്ചു.

രണ്ട് നിലകളുള്ള 60,000 ചതുരശ്ര മീറ്റർ കെട്ടിടത്തിന്റെ പകുതിയോളം ഇൻസുലേഷൻ വാർഡുകളാണെന്ന് സർക്കാർ പത്രമായ യാങ്‌സി ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. 30 തീവ്രപരിചരണ വിഭാഗങ്ങളുണ്ട്. യാങ്‌സി ഡെയ്‌ലി റിപ്പോർട്ട് പ്രകാരം ബെയ്ജിങ്ങിലെ പി‌എൽ‌എ ജനറൽ ആശുപത്രിയിലേക്ക് ലിങ്കുചെയ്യുന്ന ഒരു വിഡിയോ സിസ്റ്റം വഴി ഇവിടത്തെ ഡോക്ടർമാർക്ക് പുറത്തുനിന്നുള്ള വിദഗ്ധരുമായി സംസാരിക്കാൻ കഴിയും. വുഹാൻ ടെലികോം ലിമിറ്റഡിൽ നിന്നുള്ള 20 അംഗ ‘കമാൻഡോ ടീം’ 12 മണിക്കൂറിനുള്ളിലാണ് ഈ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തത്.

രോഗികളുടെ മുറികളെ ഇടനാഴികളുമായി ബന്ധിപ്പിക്കുന്നതിനും ആശുപത്രി ജീവനക്കാർക്ക് മുറികളിലേക്ക് പ്രവേശിക്കാതെ സാധനങ്ങൾ എത്തിക്കുന്നതിനും പ്രത്യേക വെന്റിലേഷൻ സംവിധാനങ്ങളും ഇരട്ട-വശങ്ങളുള്ള കാബിനറ്റുകളും ഈ കെട്ടിടത്തിലുണ്ട്. മരുന്നുകൾ വിതരണം ചെയ്യുന്നതിനും ടെസ്റ്റ് സാംപിളുകൾ കൊണ്ടുപോകുന്നതിനുമായി ചൈനീസ് കമ്പനിയിൽ നിന്ന് ‘മെഡിക്കൽ റോബോട്ടുകൾ’ ആശുപത്രിക്ക് ലഭിച്ചുവെന്ന് ഷാങ്ഹായ് ദിനപത്രം ദി പേപ്പർ റിപ്പോർട്ട് ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA