sections
MORE

ചൈനയില്‍ കൊറോണ ബാധിതര്‍ക്കായി 100,000 ബെഡുകള്‍ ഒരുങ്ങിയോ? പുറം ലോകമറിയാത്ത സത്യമെന്ത്?

corona-virus-2
SHARE

സർക്കാർ നല്‍കുന്ന ഔദ്യോഗിക വിവരങ്ങളൊഴികെ, കൊറോണാ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ചൈന പ്രവര്‍ത്തിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ പോലും സർക്കാർ പരിശോധിക്കുന്നു. വൈറസിന്റെ വ്യാപനം എന്തു മാത്രമാണെന്ന് ചൈനയിലുള്ളവര്‍ക്കോ, പുറത്തുള്ളവര്‍ക്കോ തിട്ടമില്ല. 

ചൈനയിലെ വെയ്‌ബോ സമൂഹ മാധ്യമ വെബ്‌സൈറ്റിലെ തന്റെ അക്കൗണ്ടിലേക്ക് ലിന്‍ഡാ ലോഗ്-ഇന്‍ ചെയ്തപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന വാര്‍ത്തയാണ് – സർക്കാരിന്റെ കീഴിലുള്ള പീപ്പിള്‍സ് ഡെയ്‌ലിയുടെ ഒരു പോസ്റ്റ് പറയുന്നത് ഹൂബെയ് പ്രൊവിന്‍സില്‍ 100,000 രോഗികള്‍ക്കായി ബെഡുകള്‍ ഒരുങ്ങിയിരിക്കുന്നു. സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കണക്കുകളുമായി ഒരു തരത്തിലും ഒത്തുപോകാത്ത ഒരു സംഖ്യയാണിത്. ഏതാനും ആയിരം പേര്‍ക്കാണ് ആകെ ഈ വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗികമായി പ്രചരിക്കുന്നത്. 

ആളുകള്‍ പരിഭ്രാന്തരായിപ്രതികരിക്കാന്‍ തുടങ്ങിയതോടെ പീപ്പിൾസ് ഡെയ്‌ലിയുടെ പോസ്റ്റും അക്കൗണ്ടും പോലും അപ്രത്യക്ഷമായി. ലിന്‍ഡ അതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് എടുത്തിരുന്നു. ഈ വാര്‍ത്ത പുറത്തുവിടാന്‍ താന്‍ സങ്കല്‍പ്പ നാമമാണ് ഉപയോഗിക്കുന്നതെന്ന് ലിന്‍ഡ പറഞ്ഞു. ലിന്‍ഡ വാര്‍ത്ത പുറത്തുവിട്ടശേഷം വിദേശ മാധ്യമങ്ങള്‍ അവരുടെ ഐഡന്റിറ്റി വേരിഫൈ ചെയ്തു ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഈ സംഖ്യ പുറത്തുവിടുന്നത്.

ലിന്‍ഡ ഇന്ന്, കൊറോണാ വൈറസിന്റെ കേന്ദ്രപ്രദേശമായ വുഹാനില്‍ നിന്ന് വടക്കന്‍ ചൈനയിലേക്ക് മാറിയിരിക്കുകയാണ്. ലോകമെമ്പാടും നിന്നുള്ള ആശങ്ക മാനിച്ച് അവര്‍ ചൈനീസ് സമൂഹ മാധ്യമങ്ങളിലും ഔദ്യോഗികമായി പുറത്തുവിടുന്നതുമായ വിവരങ്ങള്‍ തന്നാലാകും വിധം ഒരു പൊതു സേവനം എന്നവണ്ണം ശേഖരിക്കുന്നുണ്ട്. ചൈനീസ് സർക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകളും മറ്റും തിരിച്ചറിഞ്ഞാലുടനെ നീക്കം ചെയ്യുന്നു. എത്ര പേര്‍ രോഗ ബാധിതരാണ് എന്നതിനെക്കുറിച്ചും ഇപ്പോഴും വ്യക്തതയില്ല. രോഗബാധിതരുടെയും മറ്റും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് ലിന്‍ഡ പറയുന്നത്.

അത്തരം അക്കൗണ്ടുകള്‍ അല്‍പ സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകുകയാണ്. താന്‍, രോഗ ബാധിതരും അവരെ ചികിത്സിക്കുന്നവരുമായ ആളുകളില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി ചില വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, ഇങ്ങനെ ലഭിക്കുന്നവിവരങ്ങള്‍ക്കും സമ്പൂര്‍ണ്ണ ആധികാരികതയൊന്നും അവകാശപ്പെടാനാവില്ലെന്നും ലിന്‍ഡ പറയുന്നു. സർക്കാർ ഔദ്യോഗികമായി നടത്തുന്ന പ്രഖ്യാപനങ്ങളെപ്പോലെ തന്നെ ഇവയെയും മുഖവിലയ്ക്ക് എടുക്കാനാവില്ല. എന്നാല്‍, ലിന്‍ഡയെ പോലെയുള്ളവര്‍ ഇപ്പോള്‍ നടത്തുന്ന സേവനത്തെയാണ് വാര്‍ത്തയുടെ ക്രൗഡ് സോഴ്‌സിങ് എന്നു വിളിക്കുന്നത്.

ആളുകള്‍ ഭയചികിതരാകുന്നത് ഒഴിവാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഒരു പരിധി വരെ നല്ലാതാണെന്നു സമ്മതിക്കേണ്ടിവരും. അതുപോലെ, വൈറസിന്റെ ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചിലപ്പോള്‍ അവര്‍ മുഴുവനായും വെളിയില്‍ വിടണമെന്നില്ല. ലോകത്തിന്റെ ഏറ്റവും വലിയ നിര്‍മ്മാണശാലയായ ചൈനയ്ക്ക് വന്നിരിക്കുന്ന ഈ അപ്രതീക്ഷിത പ്രശ്‌നം ടെക്‌നോളജി കമ്പനികള്‍ക്കും മറ്റും വന്‍ പ്രശ്‌നങ്ങള്‍ സമ്മാനിച്ചേക്കാം. രോഗത്തെ പിടിച്ചു നിർത്താനായില്ലെങ്കില്‍ അത് രാജ്യത്തിന് വലിയ ക്ഷീണമായിരിക്കുകയും ചെയ്യും.

വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്നിടത്ത് തന്നാലാവും വിധം അവ ശേഖരിച്ച് വിവിധ രീതിയില്‍ പുറത്തെത്തിക്കാനാണ് ലിന്‍ഡയെ പോലെയുള്ള ആളുകള്‍ ശ്രമിക്കുന്നത്. വാര്‍ത്തകള്‍ ശേഖരിക്കുകയും അവ തര്‍ജ്ജമ ചെയ്ത് പൊതുജനത്തിന് ഉപകാരപ്രദമായ രീതിയില്‍ അവതരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. തന്റെ അക്കൗണ്ടും ഒരു ദിവസം സർക്കാർ ഡിലീറ്റു ചെയ്‌തേക്കാമെന്ന് താന്‍ ഭയക്കുന്നതായി ലിന്‍ഡ പറഞ്ഞു. വെയ്‌ബോ, വീചാറ്റ്, ഡോബന്‍ തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകളില്‍ പ്രചരിക്കുന്നവ സമയമെടുത്ത് ശേഖരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അവ ആംഗല ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത് റെഡിറ്റ്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സൈറ്റുകളിലേക്ക് ആപ്‌ലോഡ് ചെയ്യുകയാണ് ലിന്‍ഡ. തന്റെ തര്‍ജ്ജമ കാര്യമായി വായിക്കാൻ യോഗ്യമല്ലെന്ന് അവര്‍ വിനീതയാകുന്നുണ്ടെങ്കിലും അവരുടെ ചില പോസ്റ്റുകള്‍ക്ക് 100,000 ലേറെ വ്യൂസാണ് ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ അവസാനം വൂഹാനില്‍ ആദ്യ കൊറോണാവൈറസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം അത് 12,000 ആളുകളിലേക്ക് പടരുകയും 200 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. കൂടാതെ, 20 രാജ്യങ്ങളിലേക്കും പടര്‍ന്നു. വൂഹാനില്‍ 1 കോടി 10 ലക്ഷം പേരാണ് വസിക്കുന്നത്. മുൻപൊരിക്കലും ചെയ്തിട്ടില്ലാത്ത രീതിയില്‍ ചൈന ഈ പ്രദേശവും സമീപ നഗരങ്ങളും വേര്‍തിരിച്ചു നിർത്തിയിരിക്കുകയാണ്. ഈ പ്രദേശത്ത് ഇപ്പോള്‍ മൊത്തം ഗമനാഗമന പ്രതിബന്ധം സൃഷ്ടിച്ചിരിക്കുന്നത് 5 കോടിയാളുകള്‍ക്കാണ്.

ഇത്ര വലിയ പ്രദേശത്ത് അതിവേഗം മാറിമറിയുന്ന സാഹചര്യങ്ങളുടെ യാഥാര്‍ഥ്യം അറിയുക എളുപ്പമല്ല. ചൈനയെ പോലെ കാര്യമായ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യത്തെ കാര്യം ചിന്തിക്കാമല്ലോ. ഉദ്യോഗസ്ഥരും സത്യം പറയണമെന്നില്ല. സർക്കാരിനെ വിശ്വസിക്കാതിരിക്കാന്‍ പല കാരണങ്ങളുണ്ട് എന്നാണ് ഗവഷകനായ യാക്യു വാങ് പറയുന്നത്. കാരണം 2003ലെ സാര്‍സ് ബാധയെക്കുറിച്ചും, 2009ല്‍ സിച്ചുവാനിലുണ്ടായി ഭൂചലനത്തെക്കുറിച്ചും ശരിയായ വിവരങ്ങളല്ല പുറത്തുവന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയെക്കുറിച്ചു സംസാരിച്ചവരില്‍ ചിലരെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചുവെന്നും വാങ് പറയുന്നു. വ്യാജ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. എന്തായാലും, സർക്കാർ പറയുന്നതിനേക്കാള്‍ മോശം സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA