ADVERTISEMENT

ആണവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന രീതി സുരക്ഷിതമല്ലെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നിലവില്‍ ചില്ല്, സെറാമിക് എന്നിവയുമായി യോജിപ്പിച്ച് ഉരുക്കു പെട്ടികളിലാക്കി സൂക്ഷിക്കുകയാണ് പതിവ്. ഇത് പ്രതീക്ഷിച്ച പോലെ ദീര്‍ഘകാലം സുരക്ഷിതമായിരിക്കില്ലെന്നും രാസപ്രവര്‍ത്തനങ്ങള്‍ മൂലം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ദ്രവിക്കുന്നത് വേഗത്തിലാകുമെന്നുമാണ് ഗവേഷകരുടെ മുന്നറിയിപ്പ്.  

ആണവമാലിന്യത്തിന്റെ ഭാഗമായുള്ള റേഡിയോ ആക്ടീവ് മൂലകങ്ങള്‍ കരുതിയതിലും നേരത്തെ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നതാണ് എല്ലാവരേയും ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. ഇത്തരത്തില്‍ ഉരുക്ക് ആവരണം പൊട്ടിച്ച് പുറത്തെത്തിയാല്‍ ആണവമാലിന്യങ്ങള്‍ കുടിവെള്ള ശ്രോതസുകളിലും മറ്റുംകലരുകയും മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്യും. ചില്ല്, സെറാമിക് രൂപത്തിലാക്കിയ ആണവ മാലിന്യത്തെ സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ പ്രത്യേക പെട്ടികളിലാക്കി ഭൂമിക്കടിയിലേക്ക് മാറ്റണമെന്നാണ് ഇവര്‍ നല്‍കുന്ന നിര്‍ദേശം.

ന്യൂക്ലിയര്‍ ഫിഷന്റെ ഭാഗമായുള്ള ആണവമാലിന്യങ്ങള്‍ ഒരിക്കല്‍ പരിസ്ഥിതിയുമായി കലര്‍ന്നാല്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഇവകൊണ്ടുള്ള ദോഷം ജീവജാലങ്ങള്‍ക്കുണ്ടാകും. ഇക്കാര്യം അറിയാവുന്നതിനാലാണ് ന്യൂക്ലിയര്‍ ഫിഷന്‍ വഴിയുള്ള ആണവോര്‍ജ്ജ നിര്‍മ്മാണത്തിന് ശേഷം വരുന്ന ആണവമാലിന്യങ്ങള്‍ 3200 അടിയെങ്കിലും ആഴത്തില്‍ കുഴിച്ചിടാന്‍ ആഗോളതലത്തില്‍ ധാരണയായിട്ടുള്ളത്. ഇത് മാത്രമാണ് ലഭ്യമായതില്‍ വെച്ച് ഏറ്റവും നല്ല പോംവഴിയെന്നാണ് കരുതപ്പെടുന്നത്.

മനുഷ്യരും മറ്റു ജീവികളുമായി ഇത്തരം ആണവമാലിന്യങ്ങള്‍ സമ്പര്‍ക്കത്തിലാവാനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ആഴത്തില്‍ ആണവമാലിന്യങ്ങളെ കുഴിച്ചിടുന്നത്. അമേരിക്കയില്‍ മാത്രം 9000 മെട്രിക് ടണ്‍ ആണവമാലിന്യങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആണവപ്ലാന്റുകളോട് ചേര്‍ന്ന് തന്നെയാണ് അമേരിക്ക നിലവില്‍ ഈ ആണവമാലിന്യങ്ങള്‍ സൂക്ഷിക്കുന്നത്. നെവാഡയിലെ യൂക്ക പര്‍വ്വതത്തോട് ചേര്‍ന്ന് ആണവമാലിന്യങ്ങള്‍ ആഴത്തില്‍ അടക്കം ചെയ്യാനാണ് അമേരിക്കന്‍ പദ്ധതി. 

നിലവില്‍ ആണവമാലിന്യങ്ങള്‍ നിര്‍ദിഷ്ട രീതിയില്‍ 3200 അടി ആഴത്തില്‍ കുഴിച്ചിടുന്ന ഒരേയൊരു രാജ്യമേയുള്ളൂ. അത് ഫിന്‍ലാന്റാണ്. ഫിന്‍ലാന്റിന്റെ ഈ മാതൃക മറ്റുരാജ്യങ്ങളും പിന്തുടരണമെന്നാണ് ഗവേഷക സംഘത്തിന്റെ നിര്‍ദേശം. നേച്ച്വര്‍ മെറ്റീരിയല്‍സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com