ADVERTISEMENT

വാഷിങ്ടണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമേരിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച കൊറോണാവൈറസ് ബാധിതനെ പരിശോധിച്ചത് വിചി (Vici) എന്നു പേരായ ഉപകരണത്തിന്റെ സ്‌ക്രീനില്‍ സ്പര്‍ശിച്ചു നോക്കിയാണ്. അവര്‍ക്ക് രോഗിയുടെ അടുത്തുപോയി പരിശോധിക്കേണ്ടി വന്നില്ല. മറിച്ച് ഒരു കംപ്യൂട്ടര്‍ സ്ക്രീനിലൂടെയാണ് രോഗിയെ നോക്കിയത്. വിചി ഒരു ടെലിഹെല്‍ത് ഉപകരണമാണ്. ചക്രമുള്ള ഒരു ടാബ്‌ലറ്റ് എന്നു വേണമെങ്കില്‍ പറയാം. ഇതിലൂടെ ഡോക്ടര്‍മാര്‍ക്ക് രോഗികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്യാം. അവരുടെ പനി നോക്കാം. ഇത്തരം മെഷീനുകളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കും എയര്‍പോര്‍ട്ട് ജോലിക്കാര്‍ക്കും ഹോട്ടല്‍ ജോലിക്കാര്‍ക്കും സഹായകമായി തീര്‍ന്നിരിക്കുന്നത്.

 

രോഗബാധിതര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡുകളില്‍ വേണ്ട ചികിത്സ നല്‍കാം. എന്നാല്‍, രോഗികളോട് നേരിട്ട് ഇടപെടുന്ന സാഹചര്യങ്ങള്‍ വളരെയധികം ഒഴിവാക്കാന്‍ വിചിയെ പോലെയുള്ള മെഷീനുകള്‍ സഹായിക്കുന്നതായി വാഷിങ്ടണിലുള്ള പ്രൊവിഡന്‍സ് റീജനല്‍ മെഡിക്കല്‍ സെന്ററിലെ മുഖ്യ ക്ലിനിക്കല്‍ ഓഫിസറായ എയ്മി കോംടന്‍-ഫിലിപ്‌സ് അറിയിച്ചു. വിചിയെ സൃഷ്ടിച്ചത് കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ടച് ഹെല്‍ത് (InTouch Health) ആണ്.

 

കൊറോണവൈറസ് പോലെയുളള ഒന്ന് പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് പ്രാധാന്യമുള്ള കാര്യമാണ്. കാരണം ഇതിനെതിരെ കാര്യമായ പ്രതിരോധമൊന്നും നിലവില്‍ ഇല്ലെന്നും കോംപ്ടണ്‍-ഫിലിപ്‌സ് പറയുന്നു. മുൻപ് 2003ല്‍ സാര്‍സ് ബാധിച്ചവരിലേറെയും രോഗികളുടെ സഹായത്തിനായി നിന്ന ആരോഗ്യപരിപാലന സാഹായികളെയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം വൈറസ് ബാധകളില്‍ രോഗികളുമായി ഇടപെടുമ്പോള്‍ അതു പകരാതിരിക്കുക എന്നതിന്റെ വിഷമതകളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.

 

ചൈനയുടെ ദേശീയ ഹെല്‍ത് കമ്മിഷന്‍ പറയുന്നത് ഈ വൈറസ് ഒരാളില്‍ നിന്ന് വേറൊരാളിലേക്ക് പകരുന്ന ഒന്നാണെന്നാണ്. ഇതിനാല്‍, റോബോട്ടുകളെ പോലെയുള്ള ടെലിഹെല്‍ത് ഉപകരണങ്ങള്‍ രോഗികളെ ചികിത്സിക്കുന്നതില്‍ വളരെയധികം ഉപയോഗപ്രദമാണ്. ഇതിലൂടെ രോഗീ പരിചരണം നടത്തുന്നവര്‍ക്ക് രോഗികളുമായി നേരിട്ട് ഇടപെടേണ്ടിവരുന്നത് വളരെയധികം കുറയ്ക്കാനാകും. എത്ര കുറച്ചു പേര്‍ രോഗികളുമായി ഇടപെടുന്നോ അത്ര നന്ന് എന്നാണ് ടഗ് (TUG) റോബോട്ടിനെ നിര്‍മ്മിച്ച കമ്പനിയായ എയ്‌തോണിന്റെ എക്‌സിക്യൂട്ടീവായ പീറ്റര്‍ സെ്ഫ് പറയുന്നത്. ടഗിന് ആശുപത്രി മുഴുവന്‍ മരുന്ന് എത്തിച്ചു കൊടുക്കാനുള്ള കഴിവാണുള്ളത്.

 

ടഗ് റോബോട്ടുകള്‍ക്ക് ഇപ്പോള്‍ 140 ഇടങ്ങളിലാണ് 'ജോലി ലഭിച്ചിരിക്കുന്നത്'. ടഗ് അമേരിക്കയില്‍ 240 കൊറോണവൈറസ് ബാധിതരെ പരിശോധിക്കുന്ന ആശുപത്രികളില്‍ ടഗിനെ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് കമ്പനി മറുപടി നല്‍കിയില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയില്‍ ഈ വൈറസ് ബാധയേറ്റ് 200 ആളുകള്‍ മരണമടഞ്ഞുകഴിഞ്ഞു. ചൈനയിലും പല ആശുപത്രികളിലും റോബോട്ടുകളാണ് മരുന്നും ആഹാരവും രോഗബാധിതര്‍ക്കും രോഗം ഉണ്ടോ എന്നു സംശയിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. രോഗം സംശയിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന ഒരു ഹോട്ടലില്‍ ലിറ്റ്ല്‍പീനട്ട് എന്ന റോബോട്ടാണ് ആഹാരം എത്തിച്ചുകൊടുക്കുന്നത്. ദക്ഷിണ ചൈനയിലുള്ള ഒരു ആശുപത്രിയാകട്ടെ ഭക്ഷണവും ആഹാരവും എത്തിച്ചുകൊടുക്കാനും രോഗികളുടെ ബെഡ് ഷീറ്റുകളും മുറിയിലെ വെയ്‌സ്റ്റ് നീക്കം ചെയ്യാനും റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നു.

 

ഇങ്ങനെ അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനും ടെലീമെഡിസിനും കൂടാതെ ക്ലീനിങ്ങിനുള്ള റോബോട്ടുകളെയും ഇപ്പോള്‍ ആശുപത്രികളും മറ്റും തേടുന്നു. സെനോണ്‍ (xenon) യുവി-സി പ്രകാശം ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ചു നല്‍കുന്ന ടെക്‌സസ്കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെനെക്‌സ് (Xenex) കമ്പനി പറയുന്നത് വുഹാന്‍ കൊറോണവൈറസ് ബാധിതരാണോ എന്നു സംശയിക്കുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ തങ്ങളുടെ ഉപകരണം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ്.

 

വിവിധ ആശുപത്രി അധികൃതരുമായി മുറികള്‍ അണുമുക്തമാക്കുന്നതിനെക്കുറിച്ച് ഇടമുറിയാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളുടെ സയന്‍സ് ടീം എന്നാണ് കമ്പനി പറഞ്ഞത്. എത്രയും വേഗം റോബോട്ടുകളെ വുഹാനിലെത്തിക്കാനാകുമെന്ന കാര്യം തങ്ങള്‍ ചൈനയിലെയും അമേരിക്കയിലെയും സർക്കാരുകളുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ വെളപ്പെടുത്തി. ഈ ഉപകരണത്തിന്റെ വില 100,00 ഡോളറാണ്. എന്നാല്‍, ഇത് പ്രയോജനപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

അതേസമയം, ലോസ് ആഞ്ചൽസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡിമ്മര്‍ എന്നു പേരായ കമ്പനി രോഗാണുക്കളെ കൊല്ലുന്ന മെഷീനുകള്‍ ഒരു വിമാന കമ്പനിക്കു ഫ്രീ ആയി നല്‍കി. ഇതിനും 100,00 ഡോളര്‍ വില വരും. ജേംഫോള്‍ക്കണ്‍ എന്നാണ് ഈ മെഷീന്റെ പേര്. കഴിഞ്ഞ പല ദിവസങ്ങളായി ചൈനയില്‍ നിന്നു വരുന്ന വിമാനങ്ങളെ അണുമുക്തമാക്കിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്നാണ് കമ്പനി അറിയിച്ചത്. യാത്രക്കാര്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം ഹൈ ഡോസ് അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ച അണുമുക്തമാക്കുകയാണ് തങ്ങളുടെ ഉപകരണം ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു.

 

അതേസമയം, വൈറസ് പകരുന്നതു കുറയ്ക്കാനുള്ള ഉപകരണങ്ങളും ധാരാളമായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും, 2003ലെ സാര്‍സ് പകര്‍ച്ചവ്യാധിയുമായി തട്ടിച്ചു നോക്കിയാല്‍ ധാരാളം യന്ത്രങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com