ADVERTISEMENT

തിരുവനന്തപുരം∙ യുഎസിലെ ജെപി മോർഗൻ ചെയ്സ് ബാങ്ക് ഉൾപ്പെടെ വൻകിട ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ബ്ലോക്ചെയിൻ അധിഷ്ഠിത ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി തലസ്ഥാനത്ത് നിന്നുള്ള സ്റ്റാർട്ടപ് കമ്പനി. 

 

ടെക്നോപാർക്ക് ആസ്ഥാനമായ അക്യുബിറ്റ്സ് എന്ന സ്റ്റാർട്ടപ്പാണ് 9 കോടി രൂപ ചെലവിൽ ലോകത്തിലെ ആദ്യത്തെ എന്റർപ്രൈസ് ബ്ലോക്ചെയിൻ ഉപഗ്രഹമായ 'ചെയിൻസാറ്റ്' വികസിപ്പിക്കുന്നത്. 2021 ജനുവരിയിലെ വിക്ഷേപണത്തിന് സ്പെയ്സ്എക്സ് ഉൾപ്പടെയുള്ള കമ്പനികൾ പരിഗണിക്കുന്നുണ്ട്. 

 

എന്തുകൊണ്ട് ഉപഗ്രഹം?

 

വൻകിട വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപയോക്താക്കളുടെ ചില നിർണായക വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ ഇന്റർനെറ്റുമായി ബന്ധമുള്ള സെർവറുകളിൽ സൂക്ഷിക്കാൻ കഴിയില്ല. ഇതിനു പകരം അതീവ സുരക്ഷിതമായ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഗ്രഹത്തിൽ ഡേറ്റ സൂക്ഷിക്കുകയാണ് പുതിയ രീതി. ഹാക്കിങ്ങും മറ്റും നടക്കില്ല. ഇന്റർനെറ്റിനെ ആശ്രയിക്കാതെ ലോകം മുഴുവൻ ലഭ്യമാകുന്ന ഒരു ആഭ്യന്തര ശൃംഖല (ഇൻട്രാനെറ്റ്) സാധ്യമാകും. ലോകത്തിൽ തന്നെ ഇത്തരമൊരു ശ്രമം ആദ്യമാണെന്ന് അക്യുബിറ്റ്സ് സിഇഒ: വി.ജി.ജിതിൻ പറഞ്ഞു.

 

എങ്ങനെ?

 

ഭൂമിയിൽ നിന്ന് 8,000 മുതൽ 14,000 കിലോ മീറ്റർ അകലെയായിരിക്കും 12 കിലോഗ്രാം ഭാരമുള്ള ചെയിൻസാറ്റ്. 4 ടെറാബൈറ്റ് (1024 ജിബി) സ്റ്റോറേജ് സ്പേസ് ഇതിലുണ്ടാകും. 8 ഉപഗ്രഹങ്ങളടങ്ങിയ ഒരു സമൂഹം (കോൺസ്റ്റലേഷൻ) ആയിരിക്കും ഭാവിയിൽ‌ വരിക. ആദ്യപടിയായിട്ടാണ് ചെയിൻസാറ്റ് വിക്ഷേപിക്കുന്നത്. അക്യുബിറ്റ്സിന്റെ നിലവിലെ ക്ലയന്റുകളായ ജെപി മോർഗൻ ചെയ്സ് ഉൾപ്പെടെയുള്ള കമ്പനികൾ താൽപര്യം അറിയിച്ചുകഴിഞ്ഞു.

 

ആരാണ് അക്യുബിറ്റ്സ്?

 

ഇടപാടുകാരില്‍ നാസയും യുഎഇ സര്‍ക്കാരും. സ്വിറ്റ്സർലന്‍ഡിലെ ജിറാകോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി വികസിപ്പിച്ചതും അക്യുബിറ്റ്സ് ആണ്. യുഎഇ സര്‍ക്കാരിന്റെ ഭൂമി റജിസ്ട്രേഷന്‍ ബ്ലോക്ചെയിന്‍ ആക്കുന്ന ചരിത്ര ഉദ്യമത്തിലും ഇവര്‍ ഭാഗമാണ്. 1983 മുതല്‍ നാസയുടെ പക്കലുള്ള ലോഡുകണക്കിനു ഡോക്യുമെന്റുകള്‍ എഐ ഉപയോഗിച്ച് പഠിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ബോട്സപ് എന്ന സംവിധാനവും ഇവരുടെ തന്നെ. യുഎസ് ബിസിനസ് മാഗസിനായ ഓണ്‍ട്രപ്രണര്‍ 2018ല്‍ ലോകത്തിലെ മികച്ച സംരംഭകരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സിഇഒ ആയ വി.ജി ജിതിന്‍. ബാങ്കിങ് രംഗത്ത് ജെപി മോര്‍ഗന്‍ ചെയ്സിനു പുറമേ എമിറേറ്റ്സ് എന്‍ഡിബി, ഡിഐബി കെനിയ, വിസ്ത ബാങ്ക് തുടങ്ങിയവും അക്യുബിറ്റ്സിന്റെ ക്ലയന്റ് പട്ടികയിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com