ADVERTISEMENT

നിഗൂഢമായ കൊറോണാവൈറസ് ലോകമെമ്പാടും അതിവേഗം വ്യാപിക്കുകയാണ്. രോഗം 14,300 പേരെ ബാധിക്കുകയും കുറഞ്ഞത് 400 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ത്തന്നെ ഇത്, 2003ലെ സാര്‍സിനെക്കാള്‍ വിനാശം വിതച്ചു കഴിഞ്ഞു. ഇതിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയുമാണ്. പല രാജ്യങ്ങളും തങ്ങളുടേതായ വഴിയില്‍ വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സംശയമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുക, നഗരങ്ങളെ തന്നെ ഒഴിച്ചു നിർത്തുക, യാത്രകള്‍ കുറയ്ക്കുക തുടങ്ങി നിരവധി രീതികളില്‍ പ്രതിരോധം ചമയ്ക്കുകയാണ്.

 

അപ്പോഴാണ് ഈ ചോദ്യം ചിലര്‍ ചോദിക്കുന്നത്. മനുഷ്യര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (നിർമിത ബുദ്ധി ) കൊറോണാവൈറസിനെതിരെയുള്ള യുദ്ധത്തില്‍ എന്തെങ്കിലും ചെയ്യാനാകുമോ? ഉത്തരം ഇതാണ് - അത് തന്റെ കടമ നിര്‍വ്വഹിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! ബ്ലൂഡോട്ട് (BlueDot) ഒരു ഉദാഹരണമാണ്. വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളുടെ സഹായത്തോടെ കുതിക്കുന്ന കമ്പനിയാണിത്. അതിനൂതനമായ ഈ എഐ കേന്ദ്രീകൃത പ്രോസസിന് നൂറുകണക്കിനു കോടി ഡേറ്റാ കഷണങ്ങള്‍ അവലോകനം ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന്, വ്യോമഗതാഗത ഡേറ്റ പരിശോധിച്ച് എവിടെയല്ലാമാണ് വൈറസ് ഉള്ളതെന്നു കണ്ടെത്താനാകുന്നു.

 

കൊറോണാവൈറസിന്റെ കാര്യത്തില്‍ ബ്ലൂഡോട്ട് അതിന്റെ ആദ്യ മുന്നറിയിപ്പു പുറപ്പെടുവിക്കുന്നത് ഡിസംബര്‍ 31നാണ്. ബ്ലൂഡോട്ടിനു പിന്നിലെ ബുദ്ധി ടൊറോന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കംറാന്‍ ഖാൻ എന്ന ഡോക്ടറിന്റേതാണ്. സാര്‍സിനെതിരെയുള്ള യുദ്ധത്തിലും അദ്ദേഹം മുന്‍പന്തിയില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ് (എന്‍എല്‍പി), മെഷീന്‍ ലേണിങ് (എംഎല്‍) എന്നീ എഐ ടൂളുകളുടെ സഹായത്തോടെ ധാരാളം ഡേറ്റാ വിശകലനം ചെയ്യുന്നു. ബ്ലൂഡോട്ട് 65 ഭാഷകളില്‍ കണ്ണും നട്ടിരിക്കുകയാണ്. അത് ഏകദേശം 100 വിവിധ രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടൽ വീക്ഷിക്കുന്നു. ഓരോ 15 മിനിറ്റിലും അത് ഡേറ്റ പരിശോധിക്കുമെന്നും ഖാന്‍ പറഞ്ഞു. ഈ പണി മാനുവലായി ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അതിന് നൂറുകണക്കിനു പേര്‍ വേണ്ടിവരുമായിരുന്നു. ബ്ലൂഡോട്ട് ഫലങ്ങള്‍ കൊണ്ടുവരുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്കും മറ്റും തങ്ങളുടെ സമയം രോഗങ്ങള്‍ക്കെതിരെ പ്രതിരോധിക്കാന്‍ ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ ഈ വിവരം ശേഖരിക്കാനായി അവരുടെ വിലയേറിയ സമയം മാറ്റിവയ്‌ക്കേണ്ടിവരുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ബ്ലൂഡോട്ട് മാത്രമല്ല ഇന്ന് പ്രവര്‍ത്തന സജ്ജം.

 

ഡേറ്റാറോബോട്ട് ( DataRobot) സാങ്കേതികവിദ്യയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കോളീന്‍ ഗ്രീന്‍ പറയുന്നത് ഏതെല്ലാം പ്രദേശത്താണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എഐക്ക് കണ്ടെത്താനാകുന്നുണ്ട് എന്നാണ്. ഇതുപയോഗിച്ച് യത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കാനാകും. കൂടാതെ മാസ്‌കുകള്‍ ധരിക്കേണ്ട കാര്യവും അവര്‍ക്ക് പറഞ്ഞുകൊടുക്കാം.

 

യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഹാവനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വാഹിദ് ബെഹ്‌സാദന്‍ പറയുന്നത് റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ടെക്‌നിക് ഉപയോഗിച്ച് ഓരോ സമൂഹവും രോഗികളെ മാറ്റിപ്പാര്‍പ്പിക്കല്‍ എങ്ങനെ നടത്തുന്നുവെന്ന് വിശകലനം ചെയ്യുന്നു എന്നാണ്. പുതിയ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള ഡേറ്റയും ഉപയോഗിക്കുന്നു.

 

ഐപിസോഫ്റ്റിലെ (IPsoft) ഡോക്ടര്‍ വിന്‍സന്റ് ഗ്രാസോ പറയുന്നത് ഒരു രോഗം പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശേഖരിക്കണം. ഏതെല്ലാം പ്രദേശത്താണ് ഇതു പടരുന്നത് തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഇത്തരം കാര്യങ്ങളില്‍ മനുഷ്യരെ ജോലിക്കു വയ്ക്കുക എന്നതിനു ചെലവു കൂടുതലും വിഷമം പിടിച്ചതുമായിരിക്കും. പ്രത്യേകിച്ചും രോഗം പടരുന്ന രാജ്യങ്ങള്‍ക്ക് അത്തരം ആളുകളെ ജോലിക്കുവയ്ക്കാനാകുന്നില്ലാ എങ്കില്‍ ഡേറ്റാ ശേഖരണത്തിനും മറ്റുമായി എഐയെ പ്രയോജനപ്പെടുത്താമെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. കോണ്‍വര്‍സേഷണല്‍ കംപ്യൂട്ടിങ് ഇരുതലയുള്ള ആയുധമാണ്. രോഗിയില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാമെന്നതാണ് ഗുണം ചെയ്യുന്നത്. വിവിധ ഭാഷകളിലുള്ള വിവരങ്ങള്‍ ഒരുമിച്ചു കൊണ്ടുവരുന്നതും ഗുണം ചെയ്യും.

 

സാസിലെ (SAS) ഡയറക്ടറായ സ്റ്റീവ് ബെന്നെറ്റ് പറയുന്നത് കൊറോണാവൈറസിന്റെ പകര്‍ച്ച തടയുന്നതിന് എഐയെ വിവിധ രീതിയില്‍ പ്രയോജനപ്പെടുത്താമെന്നാണ്. ഏതെല്ലാം സ്ഥലങ്ങളിലാണ് മൃഗങ്ങളില്‍ നിന്ന് ഈ വൈറസ് മനുഷ്യരിലേക്കു പകരുക എന്ന് കണ്ടെത്താനാകും. അസാധാരണ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നിടങ്ങളിലാണ് ഇത് സാധാരണ സംഭവിക്കാറ്. ആന്റി വൈറല്‍ വാക്‌സിനുകളുടെ സൃഷ്ടിയിലും എഐ പ്രയോജനപ്പെടുത്താം.

 

ഇന്റര്‍സിസ്റ്റംസ് (InterSystems) വൈസ്പ്രസിഡന്റ് ഡോണ്‍ വുഡ്‌ലോക് പറയുന്നത് മെഷീന്‍ ലേണിങ് സമീപനത്തിലൂടെ ക്ലിനിക്കല്‍ രേഖകളിലെ നൂറുകണക്കിനു കോടി ഡേറ്റാ പോയിന്റുകള്‍ ഒരുമിച്ചു കൊണ്ടുവന്ന് അവയിലെ സാമ്യതയും മറ്റും പരിശോധിക്കാമെന്നാണ്.

 

ദി സ്മാര്‍ട് ക്യൂബിന്റെ വൈസ് പ്രസിഡന്റായ പ്‌സരാദ് കോത്താരി പറയുന്നത് കൊറോണാവൈറസിന് ന്യൂമോണിയ, ശ്വാസ തടസം, കിഡ്നിയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കൂടെ കാണാം. ഇത്തരം കേസുകളില്‍ രോഗിക്ക് അനുയോജ്യമായ മരുന്ന് കണ്ടെത്താന്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കാകും എന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com