ADVERTISEMENT

തുടര്‍ച്ചയായി 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് പുതിയ വനിതാ റെക്കോർഡ് സൃഷ്ടിച്ച ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് തിരിച്ചെത്തി. 11 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) താമസിച്ചത്തിനു ശേഷം വ്യാഴാഴ്ചയാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.

 

റോസ്കോസ്മോസിന്റെ സോയൂസ് കമാൻഡർ അലക്സാണ്ടർ സ്കോർട്‌സോവ്, ഇഎസ്എയുടെ (യൂറോപ്യൻ ബഹിരാകാശ ഏജൻസി) ലൂക്കാ പർമിറ്റാനോ എന്നിവരുമൊത്താണ് ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ ഇറങ്ങിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകം ഇന്ത്യ സമയം ഉച്ചയ്ക്ക് 2.42 നാണ് കസാക്കിസ്ഥാനിൽ ഇറങ്ങിയത്.

 

2016-17 ൽ നാസയുടെ മുൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ സ്ഥാപിച്ച 288 ദിവസത്തെ റെക്കോർഡിനെ മറികടന്നാണ് ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രയ്ക്കുള്ള പുതിയ റെക്കോർഡ് കഴിഞ്ഞ ഡിസംബറിൽ തന്നെ കോച്ച് സ്ഥാപിച്ചത്.

 

ഇത്രയും കാലം ഇവിടെ നിൽക്കാനുള്ള അവസരം ലഭിച്ചത് തീർച്ചയായും ഒരു ബഹുമതിയാണ്. പെഗ്ഗി എന്റെ റോൾ മോഡലാണ്, വർഷങ്ങളായി എന്നെ ഉപദേശിക്കാൻ അവർ മുന്നിലുണ്ട്, ഇതിനാൽ ഞാൻ തിരിച്ചെത്തുമ്പോൾ തിരികെ നൽകാനും ഉപദേശകനാകാനും ഇത് ഒരു ഓർമ്മപ്പെടുത്തലാണെന്നും കോച്ച് പറഞ്ഞു.

 

2019 മാർച്ച് 14 ന് ബഹിരാകാശ നിലയത്തിലെത്തിയ ക്രിസ്റ്റീന കോച്ച് ആറുമാസത്തെ സാധാരണ ദൗത്യത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ദീർഘകാല ബഹിരാകാശ യാത്രയുടെ ഫലങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി നാസ അവരുടെ താമസം നീട്ടുകയായിരുന്നു.

 

ഭൂമിയ്ക്ക് ചുറ്റും 5,248 തവണയാണ് കോച്ച് സഞ്ചരിച്ചത്. 13.9 കോടി മൈൽ യാത്ര ചെയ്തു. ഇത് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള 291 റൗണ്ട് യാത്രകൾക്ക് തുല്യമാണ്. 11 മാസത്തെ ദൗത്യത്തിൽ അവർ സ്റ്റേഷന് പുറത്ത് 42 മണിക്കൂറും 15 മിനിറ്റും ചെലവഴിച്ചു. നിലയത്തിലേക്ക് എത്തിയ ഒരു ഡസൻ വാഹനങ്ങളുടെ വരവിനും മറ്റൊരു ഡസൻ പുറപ്പെടലിനും കോച്ച് സാക്ഷിയായി.

 

ഭൂമി സജീവമാണ്, അതിന്റെ ശക്തിയും സൗന്ദര്യവും ഉപരിതലത്തിന് 250 മൈൽ ഉയരത്തിൽ നിന്ന് ഞാൻ കണ്ടുവെന്നും കോച്ച് പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തി, ആകാശത്തുടനീളം ബഹിരാകാശ നിലയം കാണുന്നത് ഞാൻ പ്രതീക്ഷിക്കുന്നു, എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഞാനില്ലാതെ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആശ്ചര്യപ്പെടുന്നു. 20 വർഷമായി മനുഷ്യർ തുടർച്ചയായി ജീവിക്കുകയും ബഹിരാകാശത്ത് പ്രവർത്തിക്കുകയും ദൗത്യം തുടരുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com