ADVERTISEMENT

2019 ഡിസംബര്‍ മുതലാണ് കൊറോണാവൈറസ് വൈറസ് ഭീതി തുടങ്ങുന്നത്. എന്നാല്‍, ഇതിന്റെ വ്യാപനവും മറ്റും മനസിലാക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ, ഇപ്പോഴിതാ അതിനൊരു പരിഹാരമായിരിക്കുകയാണ്. രോഗത്തെ പറ്റിയുള്ള വിവരങ്ങള്‍ ട്രാക്കു ചെയ്യാനായി ഓണ്‍ലൈന്‍മാപ് തയാറാക്കിയിരിക്കുകയാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. കൂടുതല്‍ രോഗബാധിതര്‍ എവിടെയാണ് ഉള്ളതെന്നും, മൊത്തം എത്ര പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും, എത്ര പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു എന്നും, എത്ര പേര്‍ രക്ഷപെട്ടു എന്നും മറ്റും അടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച മാപ് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഉപകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാപ്‌സ് ഇവിടെ കാണാം. 

 

രോഗ വിവരങ്ങള്‍ മാറുന്നതിനുസരിച്ച് മാപ് പരിഷ്‌കരിക്കപ്പെടുന്നു. മൊബൈലിലും ഡെസ്‌ക്ടോപ്പിലും മാപ്‌സിലെ വിവരങ്ങള്‍ അറിയാമെന്നത് യാത്ര പോകുന്ന പലര്‍ക്കും ഉപകരിക്കുന്നു. മാപ്‌സിലെ വിവരങ്ങള്‍ക്കായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആശ്രയിക്കുന്നത് ലോകാരോഗ്യ സംഘടനയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും പുറത്തുവിടുന്ന വിവരങ്ങളാണ്. നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന മാപ്‌സ് ഇപ്പോള്‍ പലരും ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ്. ആപ്പിളിന്റെ മാക് കംപ്യൂട്ടറുകള്‍ക്ക് മെന്യൂ ബാറില്‍ നിന്നുതന്നെ പുതിയ മാറ്റങ്ങള്‍ അറിയാന്‍ അനുവദിക്കുന്ന ഒരു ആഡ്-ഓണ്‍ സൃഷ്ടിച്ചതോടെ മാപ്‌സിന് പ്രചാരമേറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

കൊറോണാവൈറസിന്റെ പശ്ചാത്തലം

 

ശ്വാസകോശത്തെ ബാധിക്കുന്ന ശക്തമായ അണുബാധയടക്കമുള്ള ലക്ഷണങ്ങളാണ് പുതിയ കൊറോണാവൈറസ് (novel coronavirus- 2019-nCov) അല്ലെങ്കില്‍ 2019-എന്‍കൊവ്. ചൈനയില്‍ അതിവേഗം പകരുന്നതു കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളെയും ഇതു ബാധിച്ചുകഴിഞ്ഞിരിക്കുകയാണ്. ആദ്യമായി ഈ വറസ് കണ്ടെത്തിയത് ചൈനയിലെ വുഹാന്‍ നഗരത്തിലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

കൊറോണാവൈറസ് ബാധിച്ച രാജ്യങ്ങള്‍: ഓസ്‌ട്രേലിയ, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, മലേഷ്യ, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌വാന്‍ , തായ്‌പെയ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാപ്‌സ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാര്‍ക്ക് അലേര്‍ട്ടുകള്‍ നല്‍കാന്‍ സംവിധാനം ഒരുങ്ങുന്നുണ്ട്. രോഗം പിടിപെടാതിരിക്കുന്നതാണ്, ചികിത്സിച്ചാല്‍ ഭേദമാകുമോ എന്നു പരിക്ഷിക്കുന്നതിനേക്കാള്‍ നല്ലതെന്ന തത്വം ആണ് മാപ്‌സ് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. കൊറോണാവൈറസിന് നിലവില്‍ അംഗീകരിക്കപ്പെട്ട മരുന്നുകളില്ല എന്ന കാര്യവും ആളുകളെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കുന്നു.

 

ശാസ്ത്രജ്ഞര്‍ പരിശ്രമത്തില്‍

 

ലോകമെമ്പാടുമുള്ള ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ കൊറോണാവൈറസിനെതിരെയുള്ള മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമിത്തിലേര്‍പ്പെട്ടിരിക്കുകയാണ്. അധികം താമസിയാതെ ഇതിനുള്ള മരുന്ന് കണ്ടുപിടിക്കപ്പെട്ടേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്ത്രജ്ഞര്‍ മാത്രമല്ല തങ്ങളാലാകുന്ന സഹായം പ്രതിവിധിക്കായി നല്‍കുന്നത്. ഡിഎന്‍എ സിക്വന്‍സിങ്, ചൈനയിലെ ശാസ്ത്രജ്ഞരും പുറത്തുള്ളവരും തമ്മിലുള്ള ബന്ധപ്പെടല്‍ തുടങ്ങിയവയെല്ലാം അധികം താമസിയാതെ മരുന്നു കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ പകരുന്നു. എന്നാല്‍, തത്കാലം ലഭ്യമായ വിവരങ്ങള്‍ക്ക് അനുസരിച്ചു മാത്രം നീക്കങ്ങള്‍ നടത്തുന്നതായിരിക്കും ഉചിതമെന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com