ADVERTISEMENT

ബഹിരാകാശ വ്യവസായം കൂടുതല്‍ വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഐഎസ്ആര്‍ഒ (ഇസ്രോ) പുതിയ റോക്കറ്റ് നിര്‍മിക്കുന്നു. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെയ്ക്കിൾ (SSLV) എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് വഴി എല്ലാ മാസവും വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ഇതുവഴി കൂടുതല്‍ വരുമാനമാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ലക്ഷ്യമിടുന്നത്.

 

കേവലം മൂന്ന് മാസത്തെ സമയം കൊണ്ട് എസ്എസ്എല്‍വി നിര്‍മിക്കാന്‍ ഇസ്രോയ്ക്ക് സാധിക്കും. 30-35 കോടി ചെലവ് വരുന്ന റോക്കറ്റില്‍ 500 കിലോഗ്രാം വരെ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തേക്ക് എത്തിക്കാനാകും. എസ്എസ്എല്‍വിയുടെ വരവ് ഇസ്രോയുടെ വരുമാനത്തിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. 

 

ഇസ്രോയുടെ വ്യവസായ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം രൂപീകരിച്ചിരുന്നു. അടുത്ത നാല് മാസത്തിനുള്ളില്‍ എസ്എസ്എല്‍വി ഉപയോഗിച്ചുള്ള വിക്ഷേപണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എസ്എല്‍വിയുടെ ഡിസൈന്‍ പൂര്‍ണ്ണമാകും മുൻപ് തന്നെ ആദ്യത്തെ ഉപഭോക്താവിനെ നേടാനും ഇസ്രോയ്ക്ക് കഴിഞ്ഞിരുന്നു. അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ സ്‌പേസ് ഫ്‌ളൈറ്റാണ് എസ്എസ്എല്‍വിയില്‍ മുന്‍കൂട്ടി ഇടം ബുക്കു ചെയ്തിരിക്കുന്നത്. 

 

കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കുന്നതില്‍ വലിയ പ്രതീക്ഷകളാണ് ഇന്ത്യക്കും ഇസ്രോയ്ക്കുമുള്ളത്. കുറഞ്ഞ ചെലവില്‍ കാര്യക്ഷമായി ദൗത്യം നിറവേറ്റുന്ന ഇസ്രോയുടെ സല്‍പേര് തന്നെയാണ് ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂലധനം. ആകെ 50 തവണ വിക്ഷേപിച്ചതില്‍ 47 തവണയും വിജയിച്ച പിഎസ്എല്‍വിയുടെ പിന്‍ഗാമിയായിരിക്കും എസ്എസ്എല്‍വിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

എസ്എസ്എല്‍വിയുടെ പരീക്ഷണം 2019 ഡിസംബറിലും ആദ്യ വിക്ഷേപണം 2020 തുടക്കത്തിലും നടക്കുമെന്ന് നേരത്തെ ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പിന്നീട് ഇസ്രോ നടത്തിയിട്ടില്ല. 

 

എസ്എസ്എല്‍വിക്കൊപ്പം തന്നെ ഇന്ത്യയുടെ അഭിമാന റോക്കറ്റായ പിഎസ്എല്‍വി വഴിയും കൃത്രിമോപഗ്രഹങ്ങള്‍ ഇന്ത്യ ബഹിരാകാശത്തെത്തിക്കും. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 പിഎസ്എല്‍വി വിക്ഷേപണങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. 1.6 ബില്യണ്‍ ഡോളറാണ് (11379 കോടിരൂപ) ഇക്കാലത്ത് റോക്കറ്റ് വിക്ഷേപണങ്ങള്‍ വഴി ഇസ്രോ പ്രതീക്ഷിക്കുന്ന വരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com