ADVERTISEMENT

അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ റഷ്യന്‍ കൃത്രിമോപഗ്രഹങ്ങള്‍ പിന്തുടരുന്നുവെന്ന് ആരോപണം. അമേരിക്കന്‍ സൈന്യം തന്നെയാണ് ഗുരുതരമായ ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ മോസ്‌കോ തയ്യാറായിട്ടില്ല.

 

അമേരിക്കയുടെ പുതിയ സൈനിക വിഭാഗമായ ബഹിരാകാശ സേനയുടെ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ റെയ്മണ്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ റഷ്യ വിക്ഷേപിച്ച രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ അമേരിക്കയുടെ ചാര ഉപഗ്രഹങ്ങളെ 100 മൈല്‍ അകലത്തില്‍ പിന്തുടരുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച ആശങ്ക അമേരിക്ക റഷ്യയെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബഹിരാകാശ സേനാ വിഭാഗത്തിന് അനുമതി നല്‍കിയത്. 1947ല്‍ വ്യോമ സേന രൂപീകരിച്ചശേഷം ആദ്യമായിട്ടായിരുന്നു അമേരിക്കന്‍ സൈന്യത്തില്‍ പുതിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടത്. ഈ പ്രതിരോധ ബജറ്റില്‍ 1500 കോടി ഡോളറാണ് (ഏകദേശം 1.06 ലക്ഷം കോടി രൂപ) ബഹിരാകാശ സേന പ്രതീക്ഷിക്കുന്ന വിഹിതം.

 

കഴിഞ്ഞ നവംബര്‍ 26നാണ് സോയുസ് റോക്കറ്റില്‍ റഷ്യ കൃത്രിമോപഗ്രഹത്തെ വിക്ഷേപിച്ചത്. ഇത് ബഹിരാകാശത്തെത്തി ആഴ്ച്ചകള്‍ക്കകം രണ്ടായി പിരിയുകയായിരുന്നു. കോസ്‌മോസ് 2542, കോസ്‌മോസ് 2543 എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ജനുവരി മധ്യത്തോടെ അമേരിക്കന്‍ ചാര ഉപഗ്രഹമായ കെഎച്ച് 11ന് അടുത്തേക്ക് ഇവയെത്തി. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് റഷ്യന്‍ എംബസി പ്രതികരിച്ചിട്ടില്ല. അതേസമയം, ഈ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ചില പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണെന്നായിരുന്നു നേരത്തെ റഷ്യന്‍ അധികൃതര്‍ അറിയിച്ചിരുന്നത്.

 

അമേരിക്കക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുള്ള നാല് ചാര ഉപഗ്രഹങ്ങളുടെ കൂട്ടമാണ് കെഎല്‍ 11 എന്ന് അറിയപ്പെടുന്നത്. ഇറാനിലെ ഇമാം ഖൊമേനി ബഹിരാകാശ കേന്ദ്രത്തിന്റെ ചിത്രമടക്കം അമേരിക്കക്ക് ലഭിച്ചത് ഈ ചാര ഉപഗ്രഹത്തില്‍ നിന്നാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് ട്വീറ്റ് ചെയ്ത ചിത്രത്തില്‍ ഇറാനിയന്‍ ബഹിരാകാശ നിലയത്തിലെ എഴുത്തുകള്‍ വരെ വ്യക്തമായിരുന്നു.

 

റഷ്യയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ലെങ്കിലും കൃത്യമായ അകലത്തില്‍ പിന്തുടരുന്ന റഷ്യന്‍ കൃത്രിമോപഗ്രഹങ്ങള്‍ക്ക് അമേരിക്കന്‍ ചാര ഉപഗ്രഹത്തിന്റെ വ്യക്താമായ ചിത്രങ്ങളെടുക്കാനാകുമെന്നുറപ്പ്. അതുവഴി അമേരിക്കന്‍ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും ഭാഗങ്ങളെക്കുറിച്ചും അറിയാനാകും. മാത്രമല്ല ഏതു പ്രദേശത്തെയാണ് അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ നിരീക്ഷിക്കുന്നതെന്ന വിലപ്പെട്ട വിവരവും ഇതുവഴി റഷ്യന്‍ ഉപഗ്രഹങ്ങള്‍ ചോര്‍ത്തിയെടുക്കും. ഇതും അമേരിക്കയുടെ വേവലാതി കൂട്ടുന്നുണ്ട്.

 

കഴിഞ്ഞ ദശാബ്ദത്തിലാണ് ബഹിരാകാശ ആയുധങ്ങള്‍ എന്ന ആശയം കൂടുതല്‍ യാഥാര്‍ഥ്യമായി മാറിയത്. അമേരിക്കക്ക് പുറമേ റഷ്യയും ചൈനയുമെല്ലാം ഈ മേഖലയില്‍ മുന്നിലാണ്. ലേസര്‍ ആയുധങ്ങളും സാറ്റലൈറ്റ് വേധ ആയുധങ്ങളും മറ്റു രാജ്യങ്ങള്‍ സ്വന്തമാക്കി മുന്നേറുമ്പോള്‍ അമേരിക്കക്ക് വെറുതേയിരിക്കാനാവില്ലെന്ന വാദത്തിന് മേല്‍ക്കൈ ലഭിച്ചതോടെയാണ് ബഹിരാകാശ സേനയെന്ന ആശയം തന്നെ വേഗത്തില്‍ യാഥാര്‍ഥ്യമായത്. അമേരിക്കയും റഷ്യയും തമ്മിലുള്ള ബഹിരാകാശ കിട മത്സരം പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com