sections
MORE

‘ജനിതക നിധി’ തേടി ഇന്ത്യ, ജനങ്ങളുടെ ജനിതകഘടന മാപ്പിങ് നടത്താൻ ബിജെപി സർക്കാർ

IVF
SHARE

ഇന്ത്യക്കാരുടെ ജനിതകഘടനയുടെ മാപ്പിങ് (genome mapping, gene mapping) നടത്താൻ വമ്പന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 'ഇന്ത്യയുടെ അപാരമായ ജനിതകവൈവിധ്യത്തിന്റെ തൊലിപ്പുറം തുരന്നു നോക്കാനുള്ള ശ്രമാമണിത്' എന്നാണ് നല്‍കുന്ന വിശദീകരണം. ലോകത്തു തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം പദ്ധതികള്‍ക്കിടയിലാണ് ഇതിന്റെ സ്ഥാനം. ഇതിന്റെ നടത്തിപ്പിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ഏതാനും ഐഐടികളും അടക്കം 20 സുപ്രധാന സ്ഥാപനങ്ങളാണ് ഒത്തുചേരുന്നത്. ഇതിനായി 238 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. വൻ പ്രാധാന്യത്തോടെയാണ് ഇതിനായി രാജ്യം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ഈ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജിയാണ്. ഇത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലാണ്.‌

ആദ്യഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000 ആളുകളുടെ സാംപിളുകള്‍ ശേഖരിക്കും. ഇതിലൂടെ ഒരു ചട്ടക്കൂട് (grid) സൃഷ്ടിക്കാനാണ് ഉദ്ദേശം. ഇതായിരിക്കും പ്രമാണ ജീനോം (reference genome) ആയി പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ കീഴില്‍ സ്വതന്ത്ര ചുമതലയുള്ള സെന്റര്‍ ഫോര്‍ ബ്രെയ്ന്‍ റീസേര്‍ച്ചിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി പുരോഗമിക്കുക. ഇതിന്റെ കോഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ വിജയലക്ഷ്മി രവീന്ദ്രനാഥ് ആയിരിക്കും. 

ഇന്ത്യയുടെ ജനിതകവൈവിധ്യത്തെക്കുറിച്ചു പഠിച്ച ശേഷം ഒരാള്‍ക്ക് കൂടുതല്‍ ചേരുന്നതരം മരുന്നും മറ്റും നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പറയുന്നത്. ഇന്ത്യയുടെ ജനിതക നിധിയെ (genetic pool) ആഗോള മാപ്പുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശം. മാനസിക രോഗങ്ങളും പ്രമേഹവും അടക്കമുള്ള സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്കു പോലും ഒരു ജനിതക ആധാരമുണ്ടാകാം. ഇത്തരത്തിലൊരു ജനിതക നിധി സൃഷ്ടിക്കുക വഴി രോഗങ്ങള്‍ വന്ന ശേഷം ചികിത്സിക്കുന്നതിനു പകരം വരാതെ തടയിടാനാകുമോ എന്നൊക്കെ പരിശോധിക്കാനാകുമെന്നു പറയുന്നു.

ഈ പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ സാംപിളുകള്‍ ശേഖരിക്കുന്നതു മുതല്‍ അതു വിശകലനം ചെയ്യുന്നതിലടക്കം സഹകരിക്കും. പുതിയതരം കംപ്യൂട്ടേഷന്‍ ഉപയോഗിച്ചാണ് ജനിതക ഉള്ളുകള്ളികള്‍ പരിശോധിക്കുക. ഇവിടയൊണ് വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുകളുടെ സഹായം ആവശ്യമായി വരിക. ഈ പദ്ധതിയുടെ തുടക്കം കുറിച്ചത് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ സെന്റര്‍ഫോര്‍ ബ്രെയ്ന്‍ റിസേര്‍ച് എന്ന സ്ഥാപനം തുടങ്ങിയപ്പോഴാണ് എന്നു വേണമെങ്കില്‍ പറയാം. ഇതു തുടങ്ങിയതും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനൊപ്പമാണ്. വാര്‍ദ്ധക്യം അല്‍ഷിമേഴ്‌സ് തുടങ്ങിയവയെക്കുറിച്ചാണ് ഇവിടെ ഗവേഷണം നടക്കുന്നത്. ഇതിനായി അദ്ദേഹം 275 കോടി രൂപയാണ് നല്‍കിയത്. പ്രാരംഭ പദ്ധതി കോളാറില്‍ (Kolar) തുടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടാറ്റ ട്രസ്റ്റ്‌സ് നഗര കേന്ദ്രീകൃതമായി ഇത്തരമൊരു പദ്ധതിക്കായി 75 കോടി രൂപ നല്‍കി. ഇത് ബെംഗളൂരുവിലാണ് നടക്കുന്നത്.

അടുത്ത തലമുറ മരുന്നുകള്‍ക്കും കൃഷിക്കും ജൈവ വൈവിധ്യ പരിപാലനത്തിനും ഇന്ത്യയുടെ ജനിതക ഭൂപ്രദേശം അടയാളപ്പെടുത്തുക എന്നത് അത്യാവശ്യമാണ്. ഇതിനായി പുതിയ ദേശീയ തലത്തിലുള്ള സയന്‍സ് പദ്ധതികള്‍ നടപ്പിലാക്കുമെന്നും വിസ്തരിച്ചുള്ള ഡേറ്റാ അടിത്തറ പാകുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.

ആധുനിക ജീവിതരീതികളിലൂടെ ഹൃദ്രോഗം, പ്രമേഹം, മാനസികരോഗങ്ങള്‍ തുടങ്ങിയവയെക്കെതിരെ പടവെട്ടാന്‍ വന്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തുക എന്നതാണ് കാലത്തിന്റെ ആവശ്യം. ശേഖരിക്കുന്ന ഡേറ്റ പുതിയ ടെക്‌നോളജിയിലൂടെയും കംപ്യൂട്ടിങ് രീതികളിലൂടെയും കടത്തിവിട്ട് അപഗ്രഥിക്കുക എന്നതാണ് ലക്ഷ്യമെന്ന് പറയുന്നു. ഉദാഹരണത്തിന് കഴിഞ്ഞയാഴ്ച 'നേച്വർ' എന്ന പ്രസിദ്ധീകരണത്തില്‍ ക്യാന്‍സറിന്റെ ജനിതക ഉള്‍പ്പരിവര്‍ത്തനത്തെക്കുറിച്ചു നടത്തിയ സുവിശദമായ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ആഗോള തലത്തിലുള്ള 1,300 ശാസ്ത്രജ്ഞര്‍ പങ്കെടുത്തിരുന്നു. പുതിയ പഠനത്തിലുള്ള കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തി ക്യാന്‍സര്‍ മൂലമുള്ള മരണം കുറയ്ക്കാന്‍ സാധ്യമായേക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് ഇതുവരെ നടത്തപ്പെട്ട 95 ശതമാനം ജനിതക പഠനങ്ങളും വെളുത്തവര്‍ഗ്ഗക്കാരായ കൊക്കേഷ്യന്‍ ( caucasian) വംശജരെ കേന്ദ്രീകരിച്ചാണ് നടത്തിയിരിക്കുന്നത് എന്നാണ്. എന്നാല്‍, ഇപ്പോള്‍ കോളാറില്‍ നടക്കുന്ന പഠനം ആഗോളതലത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നേക്കാം. ആഫ്രിക്കയില്‍ നിന്ന് ആദ്യ കുടിയേറ്റം ഉണ്ടാകുകയും തുടര്‍ന്ന് കുടിയേറ്റത്തിന്റെ നിരവധി അലകളുണ്ടാകുകയും ചെയ്തു. സ്വവര്‍ഗ്ഗത്തില്‍ നിന്നു തന്നെയുള്ള വിവാഹം (endogamy) പല തലമുറകളിലായി നിലനിന്നിരുന്നതായും കരുതുന്നു. ഇതിനാല്‍, തലമുറകളായി പകര്‍ന്നുവരുന്ന ജനിതക രോഗങ്ങളെക്കുറിച്ചുള്ള കൃത്യതയുള്ള വിവരങ്ങള്‍ പുതിയ പഠനത്തിലൂടെ അറിയാനായേക്കുമെന്നാണ് കരുതുന്നത്.

ലോകത്തെ ഏറ്റവും സുവിശദമായ ജിനോം മാപ്പിങ് പദ്ധതികളിലൊന്ന് ഹ്യൂമന്‍ ജീനോം പ്രൊജക്ട് (എച്ജിപി) ആണ്. ഇത് 1990ല്‍ തുടങ്ങുകയും 2003ല്‍ അവസാനിക്കുകയും ചെയ്തു. എച്ജിപി പറയുന്നത് 20,500 ലേറെ മനുഷ്യ ജീനുകള്‍ ഉണ്ടാകാമെന്നാണ്. ഒരു ജീവിയുടെ ഡിഎന്‍എയുടെ സമ്പൂര്‍ണ്ണവര്‍ഗ്ഗത്തെയാണ് ജീനോം എന്നു വിളിക്കുന്നത്. ഇതില്‍ എല്ലാ ജീനുകളും ഉള്‍പ്പെടും. ഈ ജീനുകളുടെ മാപ് തയാറാക്കുക എന്നു പറഞ്ഞാല്‍ ഒരു ക്രോമോസോമില്‍ ഇവ എവിടെ സ്ഥിതി ചെയ്യുന്നുവെന്നു കണ്ടെത്തുകയാണ്.

മനുഷ്യരില്‍ ഓരോ കോശത്തിലും 23 ജോഡി ക്രോമോസോമുകള്‍ അല്ലെങ്കില്‍ മൊത്തം 46 ക്രോമോസോമുകളാണ് ഉള്ളത്. എന്നു പറഞ്ഞാല്‍ 23 ജോടി ക്രോമോസോമുകളില്‍ ഏകദേശം 20,500 ജീനുകള്‍ കുടികൊള്ളുന്നു. ഓരോ ക്രോമോസോമിലും ഇവയില്‍ ചില ജീനുകളെ ഒരേ നിരയില്‍ തന്നെയാണ് കാണപ്പെടുന്നതെങ്കില്‍ വേറെ ചിലത് പരസ്പരം ചേര്‍ന്നിരിക്കുന്നു. ഈ അടുക്കുകള്‍ അവയെ എങ്ങനെയാണ് പാരമ്പര്യമായി ലഭിച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാവാം. ഉദാഹരണത്തിന് രണ്ടു ജീനുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുകയാണെങ്കില്‍ അവ ഒരു ജോടിയായി തന്നെ പാരമ്പര്യ വഴിയില്‍ ലഭിച്ചതാകാം.

ജീനോം മാപ്പിങ്ങിന്റെ ധര്‍മ്മങ്ങളില്‍ ഒന്ന് ഒരു പ്രത്യേക ജീന്‍ ഒരു ക്രോമോസോമിലെ ഏതുഭാഗത്താണ് ഉള്ളതെന്ന് കണ്ടെത്തുക എന്നതാണ്. കൂടാതെ, ഒരു ജീനും മറ്റു ജീനുകളും തമ്മിലുള്ള ആനുപാതിക അകലം കണ്ടുപിടിക്കുക, അവ എല്ലാം എവിടെ സ്ഥിതിചെയ്യുന്നു എന്നതിന്റെ രൂപരേഖ തയാറാക്കുക തുടങ്ങിയവ അടക്കമുള്ള പലതും ഇതിലൂടെ സാധിക്കും. ഒന്നോ ഒന്നിലേറെയോ ജീനുകളിലുടെ കുട്ടിയിലേക്ക് മാതാപിതാക്കളില്‍ നിന്ന് രോഗം പകര്‍ന്നിട്ടുണ്ടോ എന്നതിന്റെ തെളിവുകള്‍ ലഭിക്കാമെന്നതാണ് വലിയൊരു നേട്ടമായി പറയുന്നത്. ഏതു ക്രോമോസോമിലാണ് ആ ജീനുള്ളത് എന്നുള്ളതും ആ ക്രോമോസോമില്‍ ഏതു സ്ഥലത്താണ് ജീനുള്ളത് എന്നതും തിട്ടപ്പെടുത്താനാകും.

നാഷണല്‍ ഹ്യൂമന്‍ ജീനോം റീസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് വിരളമായ രോഗങ്ങള്‍ പരത്തുന്ന ജീനുകളെ കണ്ടെത്തുന്നതില്‍ ജീന്‍ മാപ്പിങ് സഹായിക്കുമെന്നാണ്. സിസ്റ്റിക് ഫൈബ്രോസിസ് (cystic fibrosis ), ഡൂഷെന്‍ മസ്‌ക്യുലര്‍ ഡ്‌സ്‌ട്രൊപി ( Duchenne muscular dystrophy) തുടങ്ങിയ രോഗങ്ങള്‍ ഇതിന് ഉദാഹരണമാണ്. കൂടുതല്‍ സാധാരണമായ രോഗങ്ങളായ ആസ്ത്മ, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞന്മാര്‍ക്ക് വിവരം ലഭിക്കാന്‍ ജീന്‍ മാപ്പിങ് ഉപകരിച്ചേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA